കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പ്രതിഷേധത്തില്‍ അറസ്റ്റിലായ എം.എസ്.എഫ് നേതാക്കളെ കൈവിലങ്ങ് അണിയിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ ആരോപണവിധേയനായ കൊയിലാണ്ടി എസ്.ഐക്കെതിരെ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ആവശ്യം.
അടുത്തമാസം കോഴിക്കോട് നടക്കുന്ന സറ്റിങ്ങില്‍ ഈ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ കരങ്കൊടി പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് നേതാക്കളെ അറസ്റ്റ് ചെയ്ത് കൈവിലങ്ങ് അണിയിച്ചിരുന്നത്.
ജില്ലാ പ്രസിഡന്റ്, ടി.ടി. അഫ്രിന്‍ മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരാണ് അറസ്റ്റിലായിരുന്നത്. നേതാക്കളെ കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ മുതല്‍ ആശുപത്രി വരെ കയ്യാമം വെച്ച് നടത്തിച്ചു എന്ന പരാതിയുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതിന് പിന്നാലെ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.എസ്.എഫ്പ്രതിഷേധം സംഘടിപ്പിച്ചിരന്നത്
വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വ.ഡി. സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എന്നിവര്‍ അടക്കമുള്ള മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളും വിമര്‍ശനം ഉന്നയിച്ചിരുന്നു.