| Friday, 12th January 2024, 10:26 am

മാജിക് പ്ലാനറ്റിനെതിരായ ആരോപണങ്ങൾ; ഗോപിനാഥ് മുതുകാടിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റിന് കീഴിലുള്ള ഡി.എ.സി എന്ന സ്ഥാപനത്തിനുമെതിരെ ഉയർന്ന ആരോപണങ്ങളിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.

മാജിക് പ്ലാനറ്റിലെ മുൻ ജീവനക്കാരൻ കെ.കെ. ശിഹാബ് നൽകിയ പൊതു താത്പര്യ ഹരജിയിലാണ് കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഭിന്നശേഷിക്കാരൻ കൂടിയായ ശിഹാബ് മുതുകാടിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് വാർത്താ സമ്മേളനം നടത്തിയിരുന്നു. പിന്നാലെ നിരവധി രക്ഷിതാക്കളും മുതുകാടിനെതിരെ മുന്നോട്ട് വന്നു.

ഭിന്നശേഷി കുട്ടികളെ പണത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന് സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു.

ഓട്ടിസം മുതൽ മാനസിക വെല്ലുവിളി വരെ നേരിടുന്ന കുട്ടികൾക്ക് യഥാസമയം ഭക്ഷണം നൽകാറില്ലായിരുന്നു എന്നും അതിഥികളെ തൃപ്തിപ്പെടുത്തലായിരുന്നു ഇവരുടെ പ്രധാന ജോലി എന്നും ശിഹാബ് ആരോപിച്ചിരുന്നു.

അക്കാദമിയിൽ അതിഥികൾക്കു മുന്നിൽ ഷോ ചെയ്യുമ്പോൾ സ്റ്റേജിലേക്ക് വീൽചെയറിൽ വരാൻ അനുവദിക്കാറില്ലെന്നും വേദിയിലൂടെ നിരങ്ങി വന്ന് വീൽചെയറിൽ കയറിയാലേ സഹതാപം കിട്ടൂ എന്നായിരുന്നു മുതുകാടിന്റെ നിലപാടെന്നും ശിഹാബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കാൻ പരിശീലനം ലഭിച്ചവർ ഉണ്ടായിരുന്നില്ല എന്നും താനും ഒരു കുട്ടിയുടെ അമ്മയുമാണ് കുട്ടികളെ പരിചരിച്ചിരുന്നത് എന്നും ശിഹാബ് പറഞ്ഞിരുന്നു.

ഗോപിനാഥ് മുതുകാടിനെതിരായ പരാതികൾ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണെന്നും താൻ മന്ത്രിയായ ശേഷം സാമൂഹ്യനീതി വകുപ്പിൽ നിന്ന് മാജിക് പ്ലാനറ്റിന് സഹായം നൽകിയിട്ടില്ലെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlight: Human Rights Commission files case against Gopinath Muthukad

We use cookies to give you the best possible experience. Learn more