ദിവസവേതനത്തില്‍ ജോലി ചെയ്തയാള്‍ക്ക് സാക്ഷ്യപത്രം നല്‍കണം; കെ.എസ്.എഫ്.ഇയോട് മനുഷ്യാവകാശ കമ്മിഷന്‍
Kerala News
ദിവസവേതനത്തില്‍ ജോലി ചെയ്തയാള്‍ക്ക് സാക്ഷ്യപത്രം നല്‍കണം; കെ.എസ്.എഫ്.ഇയോട് മനുഷ്യാവകാശ കമ്മിഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd August 2024, 8:33 pm

തൃശൂര്‍: കെ.എസ്.എഫ്.ഇ വടക്കാഞ്ചേരി ബ്രാഞ്ചില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരന് സാക്ഷ്യപത്രം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. വടക്കാഞ്ചേരി ബ്രാഞ്ച് മാനേജരുടെ വാദം തള്ളിയാണ് മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് ഇറക്കിയത്.

പ്രത്യേക ജോലിക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടാല്‍ സാക്ഷ്യപത്രം നല്‍കാനാവില്ലെന്ന കെ.എസ്.എഫ്.ഇയുടെ വാദമാണ് കമ്മീഷന്‍ തള്ളിയത്. കെ.എസ്.എഫ്.ഇ വടക്കാഞ്ചേരി ബ്രാഞ്ച് മാനേജര്‍ക്കാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

‘കെ.എസ്.എഫ്.ഇ ബ്രാഞ്ചുകള്‍ നിയമനം നടത്താറില്ല. പരാതിക്കാരനെ താത്കാലിക ജീവനക്കാരനായി നിയമിച്ചിട്ടുമില്ല. കെ.എസ്.എഫ്.ഇയുടെ നിയമനാധികാരി എന്ന് പറയുന്നത് മാനേജിങ് ഡയറക്ടറാണ്. അതേസമയം ബ്രാഞ്ചിന്റെ സുഗമമായ നടത്തിപ്പിന് ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാറുണ്ട്, എന്നാല്‍ ഇത്തരത്തില്‍ നിയമിപ്പെടുന്നവര്‍ക്ക് ജോലി സാക്ഷ്യപത്രം നല്‍കാറില്ല,’ എന്നാണ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ ബ്രാഞ്ച് മാനേജര്‍ പറയുന്നത്.

എന്നാല്‍ മാനേജരുടെ വാദം നീതിയുക്തമല്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. പരാതിക്കാരന് എംപ്ലോയ്മെന്റ് കാര്‍ഡ് നല്‍കിയതായും കമ്മിഷന്‍ കണ്ടെത്തിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പരാതിക്കാരന്‍ ഏത് തസ്തികയിലാണ് ജോലി ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ കമ്മീഷന്‍, വടക്കാഞ്ചേരി കുമ്പളങ്ങാട് ദേശം സ്വദേശി എം.വി. പവിത്രന് സാക്ഷ്യപത്രം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. കെ.എസ്.എഫ്.ഇ അക്കൗണ്ടില്‍ നിന്ന് ശമ്പളം ലഭിച്ചതിന്റെ രേഖകള്‍ സഹിതമാണ് എം.വി. പവിത്രന്‍ പരാതി നല്‍കിയത്.

Content Highlight: Human Rights Commission asked the KSFE Vadakancherry branch to provide certificate for employee who was working on daily wage