| Wednesday, 25th April 2018, 3:00 pm

'നിയമം അറിയാത്തതുകൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെയൊക്കെ പറയുന്നത്'; മറുപടിയുമായി മനുഷ്യവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മനുഷ്യവകാശ കമ്മീഷനെതിരെ മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയുമായി മനുഷ്യവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.മോഹനദാസ്. വരാപ്പുഴയില്‍ കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ മനുഷ്യവകാശ ലംഘനം നടന്നിട്ടുണ്ട്.

അതുകൊണ്ട് തന്നെ അതില്‍ ഇടപെടാന്‍ മനുഷ്യവകാശ കമ്മീഷന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമം അറിയാത്തതുകൊണ്ടാണ് മനുഷ്യവകാശ കമ്മീഷന്‍ സ്വന്തം പണിയെടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി പറയുന്നതെന്നും മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.


ALSO READ: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; കേസിലെ പ്രധാന പ്രതിയായ ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ ഐ.പി.എസ് പട്ടികയില്‍


വരാപ്പുഴ കസ്റ്റഡി മരണത്തിലെ നിലപാട് സര്‍ക്കാരിനെതിരെയുള്ള സ്വന്തം അഭിപ്രായമല്ല. തങ്ങളുടെ പരിധി വിട്ട് ഇതുവരെ മനുഷ്യവകാശ കമ്മീഷന്‍ പെരുമാറിയിട്ടില്ല.

കേസില്‍ ആരോപണവിധേയനായ ആലുവ മുന്‍ റൂറല്‍ എസ്.പി എവി ജോര്‍ജിനെ സ്ഥലം മാറ്റിയ നടപടി ശരിയായില്ലെന്ന് താന്‍ പറഞ്ഞിരുന്നു.

നിലവിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകളെപ്പറ്റിയാണ് താന്‍ പറഞ്ഞത്. എത്ര ഉയര്‍ന്ന ഉദ്യോഗസ്ഥനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റു തന്നെയാണെന്നും മോഹന്‍ദാസ് പറഞ്ഞു.

അതേസമയം സര്‍ക്കാരില്‍ നിന്ന് മനുഷ്യവകാശ കമ്മീഷന് യാതൊരു സഹായവും ലഭിക്കുന്നില്ല. ഭരണഘടന സ്ഥാപനമായ തങ്ങള്‍ക്ക് നീതി നിഷേധിക്കുന്ന രീതിയാണ് സര്‍ക്കാരിന്റേതെന്നും മോഹന്‍ദാസ് ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more