തിരുവനന്തപുരം: നിലമ്പൂരില്‍ പോലീസ് വെടിവയ്പ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പോലീസ് മേധാവിക്കു വേണ്ടി മനുഷ്യാവകാശ കമ്മിഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കമ്മിഷനെ അവഗണിക്കുന്നതും സൂപ്രീംകോടതി നിര്‍ദേശങ്ങളെ ധിക്കരിക്കുന്നതുമാണെന്നു പറഞ്ഞാണ് മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം.
മനുഷ്യാവകാശ കമ്മീഷനില്‍ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നു പറഞ്ഞ കമ്മീഷന് പൊലീസിനു ധിക്കാരമാണെന്നും പറഞ്ഞു. പൊലീസ് മേധാവി സമര്‍പ്പിച്ചു എന്നു പറയുന്ന റിപ്പോര്‍ട്ടില്‍ രേഖകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ എഫ്.ഐ.ആര്‍ എവിടെയെന്നും ചോദിച്ചു.
ഏറ്റുമുട്ടല്‍ മരണങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സുപ്രീംകോടതി 2014-ല്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ബാധകമല്ല എന്ന മറുപടിയാണ് നല്‍കിയത്. ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് സംസ്ഥാന കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശനവുമായി രംഗത്തുവന്നത്.
ഏറ്റുമുട്ടല്‍ ദൗത്യത്തില്‍ പങ്കാളിയായവരുടെ പദവികളും ചുമതലകളും അറിയിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടും പൊലീസ് അറിയിച്ചിരുന്നില്ല. സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി മെയ് 16ന് സംസ്ഥാന കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എഫ്.ഐ.ആറും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും അയക്കുന്നതായി അവകാശപ്പെട്ടിട്ടുണ്ടെങ്കിലും എഫ്.ഐ.ആറിന്റെ പകര്‍പ്പ് അയച്ചിട്ടില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ അധികാരപരിധിയിലെ ഏറ്റുമുട്ടല്‍ സംഭവങ്ങളെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവിമാര്‍ എല്ലാവര്‍ഷവും ജനുവരി 15 നും ജൂലൈ 15 നും ദേശീയ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കേണ്ട അര്‍ധവാര്‍ഷിക റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ നിരീക്ഷിച്ചു. റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെങ്കില്‍ 2017 ജനുവരിയില്‍ നല്‍കിയതിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.