| Tuesday, 19th November 2013, 8:30 am

ജസീറക്കെതിരായ തീവ്രവാദബന്ധ പരാമര്‍ശം: അടൂര്‍ പ്രകാശിനും സര്‍ക്കാറിനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: കടല്‍ മണല്‍ ഖനനത്തിനെതിരായ ജസീറയുടെ സമരത്തിന് പിന്നില്‍ തീവ്രവാദി സഹായമുണ്ടെന്ന മന്ത്രി അടൂര്‍ പ്രകാശിന്റെ പ്രസ്താവനയ്‌ക്കെതിരെ ജസീറ നല്‍കിയ പരാതിയില്‍ അടൂര്‍ പ്രകാശിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു.

മന്ത്രിയുടെ നടപടിയായതിനാല്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുകയെന്ന നടപടിക്രമം പാലിച്ച് റവന്യു സെക്രട്ടറിക്കാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.

മന്ത്രിയുടെ പ്രസ്താവന സമരം ചെയ്യാനും നിലപാട് പറയാനുമുള്ള ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. ആരോപണങ്ങള്‍ തെളിയിക്കുകയോ പിന്‍വലിക്കുകയോ വേണമെന്ന ജസീറയുടെ ആവശ്യം ന്യായമാണ്.

വിഷയത്തില്‍ മന്ത്രിയുടെ മറുപടി നാലാഴ്ച്ചയ്ക്കകം വ്യക്തമായ തെളിവുകളോടെ അറിയിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

അതേസമയം ഇതടക്കം രണ്ടാമത്തെ പ്രാവശ്യമാണ് കമ്മീഷന്‍ സര്‍ക്കാറിന് നോട്ടീസയക്കുന്നത്. നേരത്തെ  നല്‍കിയ നോട്ടീസിനുള്ള മറുപടിയില്‍ മണല്‍ ഖനനം നടത്താന്‍ സ്വീകരിച്ച നിയമപരവും ഭരണപരവുമായ നടപടികളെക്കുറിച്ചുള്ള വശങ്ങളും വിശദീകരിക്കുന്നില്ലെന്ന് കാണിച്ചാണ് മനുഷ്യാവകാശ കമ്മീഷന്‍ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.

ജസീറ സമരം ദല്‍ഹിയിലേക്ക് മാറ്റിയതിനെത്തുടര്‍ന്ന് മനുഷ്യവകാശ കമ്മീഷന്‍ സ്വമേധയാ പ്രശ്‌നത്തില്‍ ഇടപെട്ട് കണ്ണൂര്‍ ജില്ല കലക്ടറുടെ റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ കലക്ടറുടെ റിപ്പോര്‍ട്ടില്‍ ജസീറക്കെതിരായ പോലീസ് റിപ്പോര്‍ട്ടും മണല്‍ ഖനനത്തെ അനുകൂലിക്കുന്ന നിലപാടുകളുമാണ് ഉണ്ടായിരുന്നത്.

2001 ലെ നദീതട സംരക്ഷണ നിയമവും മണല്‍ ഖനന നിയന്ത്രണ നിയമവും അനുസരിച്ച് കടല്‍ മണല്‍ ഖനനം തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് റെവന്യു സെക്രട്ടറി മറുപടി നല്‍കിയിരുന്നത്.

എന്നാല്‍ പ്രസ്തുത നിയമം കടല്‍ മണല്‍ ഖനനം കൈകാര്യം ചെയ്യാനുള്ളതല്ലെന്നും  മറുപടിക്കൊപ്പം നല്‍കിയ മാടായി പരിസ്ഥിതി സംരക്ഷണ സമിതിയുടെ പഠനറിപ്പോര്‍ട്ടിന്റെ സാംഗത്യവും ചോദ്യം ചെയ്തതോടൊപ്പം റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോയെന്നും കമ്മീഷന്‍ ചോദിച്ചു.

കടല്‍ മണല്‍ ഖനനം തടയാന്‍ കേരളത്തില്‍ നിലവിലുള്ള നിയമങ്ങളും ഭരണപരമായ നടപടികളും എന്താണ്?, അനധികൃതമായ മണല്‍ ഖനനം സംബന്ധിച്ച റിപ്പോര്‍ട്ട് കേരളത്തിന്റെ പക്കലുണ്ടൊ?, കടല്‍ മണല്‍ ഖനനവുമായി ബന്ധപ്പെട്ട് 2013 എടുത്ത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക്, ജസീറയുടെ നാടായ നീരൊഴുക്കും ചാലില്‍ ഇപ്പോഴും പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടോ?, ജസീറയുടെ പരാതികളില്‍ പോലീസ് അന്വേഷണത്തിന്റെ പുരോഗതി എത്രത്തോളം തുടങ്ങിയവയാണ് മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാറിനയച്ച രണ്ടാമത്തെ നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍.

ജില്ലാ കലക്ടറും റെവന്യു സെക്രട്ടറിയും നല്‍കിയ മറുപടിയുടെ പകര്‍പ്പിനെക്കുറിച്ച് പറയാനുള്ളത് പത്ത് ദിവസത്തിനകം അറിയിക്കാന്‍ ജസീറയോട് മനുഷ്യാവകാശ കമ്മീഷന്‍ ആവഷ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more