| Monday, 8th May 2017, 5:15 pm

വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: നീറ്റ് പ്രവേശനപ്പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ സംസ്ഥാന കമ്മീഷന്‍ ദേശീയ കമ്മീഷന് കത്തയക്കുകയും ചെയ്തു.


Also read ‘വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി എം.എം മണി


വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് നിരീക്ഷിച്ച കമ്മീഷന്‍ സി.ബി.എസ്.ഇ റീജിയണല്‍ ഡയറക്ടറോട് മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവിയോടും മൂന്നാഴ്ചയ്ക്കം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ച് നടത്തിയ പരിശോധന പ്രബുദ്ധ കേരളത്തിന് തന്നെ അപമാനകരമായ സംഭവമാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചിട്ടുമുണ്ട്.

വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ച നടപടിക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ദേശീയ വനിതാ കമീഷനില്‍ പരാതി നല്‍കിയിട്ടുമുണ്ട്.


Also read പരിധി കടക്കരുത്; പൊലീസ് ഉദ്യോഗസ്ഥക്ക് ബി.ജെ.പി എം.എല്‍.എയുടെ ശകാര വര്‍ഷം; ചുട്ട മറുപടിയുമായി ഉദ്യോഗസ്ഥ 


ഇന്നലെ നടന്ന നീറ്റ് പരീക്ഷയിലാണ് നിബന്ധനകളുടെ പേരില്‍ കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ ബ്രായും ജീന്‍സും അഴിച്ച് പരിശോധന നടത്തിയത്. ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.

പ്രവേശനപ്പരീക്ഷ നിബന്ധനകള്‍ പാലിക്കാതെ എത്തിയവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. കുഞ്ഞിമംഗലം കൊവ്വപ്പുറം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. രാവിലെ 8.30-ന് തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചത്.

മെറ്റലിന്റെ ഹുക്ക് ഉള്ള ബ്രായും ജീന്‍സിന്റെ മെറ്റല്‍ കൊളുത്തുമുള്ള വസ്ത്രം ധരിച്ചവരും പരിശോധനയില്‍ കുടുങ്ങിയിരുന്നു. മെറ്റല്‍ ഡിറ്റക്റ്ററില്‍ നടത്തിയ പരിശോധനയില്‍ ബീപ് സൗണ്ട് കേട്ടതോടെയാണ് ബ്രാ അഴിച്ച് മാതാപിതാക്കളെ ഏല്‍പ്പിക്കാന്‍ വിദ്യാര്‍ഥിനികളോട് ആവശ്യപ്പെട്ടത്. ക്ലാസ് മുറിക്കുള്ളില്‍വെച്ച് വസ്ത്രമഴിച്ച് ബ്രാ പുറത്തുനില്‍ക്കുന്ന അമ്മമാരുടെ കൈയില്‍ കൊടുത്ത് അകത്തിരുന്ന് പരീക്ഷയെഴുതേണ്ടിവന്നു ഇവര്‍ക്ക്.

പലരും നാണക്കേടുകൊണ്ട് കരഞ്ഞുകൊണ്ടാണഅ ഹാളില്‍ കയറിയത്. ജീന്‍സ് ധരിച്ചെത്തിയ പെണ്‍കുട്ടികളുടെ ജീന്‍സിന്റെ ഹുക്കും പോക്കറ്റും അഴിച്ചു നീക്കണമെന്നും പരിശോധകര്‍ ആവശ്യപ്പെട്ടു. പോക്കറ്റ് മാറ്റിയാല്‍ ശരീരം കാണുമെന്ന് പറഞ്ഞിട്ടും സ്ത്രീകളായ പരിശോധകര്‍ കേട്ടില്ലെന്നും പെണ്‍കുട്ടികള്‍ കണ്ണിരോടെ പറയുന്നു.

കണ്ണൂര്‍ കേന്ദ്രത്തില്‍ അപമാനിക്കപ്പെട്ട പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ: ഡ്രസ് കോഡ് വേണോയെന്ന് അപേക്ഷാ ഫോമില്‍ ചോദിച്ചപ്പോള്‍ വേണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍, രാവിലെ പരീക്ഷയ്ക്ക് സ്‌കൂളില്‍ എത്തിയപ്പോള്‍ ഹാളിന് പുറത്ത് ഡ്രസ് മുഴുവന്‍ മാറ്റിച്ചു. പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്നു ബീപ് ശബ്ദം വന്നപ്പോള്‍ അടിവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഊരി പരിശോധിക്കുകയായിരുന്നു.


You must read this പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഡയറക്ടറെ മാറ്റാന്‍ തീരുമാനം; പകരം ആരെന്നതില്‍ തര്‍ക്കം


അടിവസ്ത്രം കൈയില്‍ പിടിച്ചുകൊണ്ടാണ് മകള്‍ തന്റെ അടുത്തേക്ക് വന്നതെന്ന് വിദ്യാര്‍ഥിനിയുടെ അമ്മ പറഞ്ഞു. പയ്യാമ്പലത്തെ ഒരു തപാല്‍ജീവനക്കാരന്റെ മകള്‍ ജീന്‍സാണ് ധരിച്ചിരുന്നത്. ആദ്യപരിശോധനയില്‍ ജീന്‍സിലെ ലോഹബട്ടണ്‍ മുറിച്ചുമാറ്റിച്ചു.

അതിനുശേഷം ചെന്നപ്പോള്‍ ജീന്‍സിലെ പോക്കറ്റ് ഒഴിവാക്കണമെന്നായി. പോക്കറ്റ് കീറിയാല്‍ ശരീരം വെളിയില്‍ കാണുമെന്നതിനാല്‍ അച്ഛന്‍ മറ്റൊരു വസ്ത്രം സംഘടിപ്പിക്കാന്‍ ശ്രമിച്ചു. ഏറെ ദൂരെപ്പോയി കട തുറപ്പിച്ച് ലെഗ്ഗിന്‍സ് കൊണ്ടുവന്നാണ് മകള്‍ക്ക് നല്‍കിയത്. ചെറുവത്തൂരിലെ അധ്യാപികയുടെ മകള്‍ക്കും ദൂരെപ്പോയി വസ്ത്രം വാങ്ങേണ്ടിവന്നു.

അയല്‍വീട്ടുകാരായ സ്ത്രീകള്‍ പലരും പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കാന്‍ തയ്യാറായി. എന്നാല്‍ ഇക്കൂട്ടത്തിലെ ചുരിദാറുകളുടെ കൈകള്‍ അധികൃതര്‍ മുറിച്ചുമാറ്റി. പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് ഇത്തരം നടപടികളുണ്ടായതെന്നതിനാല്‍ പല കുട്ടികളും പരീക്ഷയെഴുതാന്‍ വൈകി. അഞ്ചരക്കണ്ടി മലബാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ചുരിദാറിന്റെ കൈ മുറിച്ചതായി പരാതി ഉയര്‍ന്നു.

മാലൂര്‍ അരയാരംകീഴില്‍ ദേവാനന്ദിന്റെ മകള്‍ വി. ചഞ്ചലിന്റെ ചുരിദാര്‍ മുറിക്കാന്‍ തുടങ്ങിയപ്പോള്‍ കുട്ടി കരഞ്ഞു. പ്രശ്‌നമായതോടെ ഒരു കൈമാത്രം മുറിച്ചുനിര്‍ത്തി. വൈകുന്നേരം വീട്ടിലേക്ക് ഒറ്റക്കൈയുള്ള ചുരിദാറും ധരിച്ച് കുട്ടി വന്നപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്.

നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളെ മാനസികമായി തളര്‍ത്തുകയും അപമാനിക്കുകയും ചെയ്ത അധികൃതര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാന്‍ തീരുമാനം. പരിശോധനകള്‍ അതിരു കടന്നതായാണ് മാതാപിതാക്കളും വിദ്യാര്‍ഥിനികളും ഒരുപോലെ പറയുന്നത്.

We use cookies to give you the best possible experience. Learn more