രാഷ്ട്രീയ തടവുകാരെ ജയിലില്‍ മരിക്കാന്‍ വിടരുത്: മനുഷ്യാവകാശപ്രവര്‍ത്തകര്‍
Human Rights
രാഷ്ട്രീയ തടവുകാരെ ജയിലില്‍ മരിക്കാന്‍ വിടരുത്: മനുഷ്യാവകാശപ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th March 2020, 2:21 pm

ന്യൂദല്‍ഹി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കണമെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘7 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങള്‍ ചെയ്ത റിമാന്റ് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതു പരിഗണിക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു ഹൈ പവര്‍ കമ്മിറ്റി ഇതിനായി രൂപീകരിക്കാനും ശിക്ഷാ പ്രതികളും ദീര്‍ഘകാലം ജയിലില്‍ കഴിയുന്ന റിമാന്റ് പ്രതികളും അടക്കമുള്ളവരെ പരോളിലോ ഇടക്കാല ജാമ്യത്തിലോ വിടുന്നത് പരിഗണിക്കാനും നിര്‍ദ്ദേശമുണ്ട്’

വീട്ടില്‍ ഇരിക്കുക രക്ഷിതരാവുക എന്ന മുദ്രവാക്യം തന്നെ കേരളസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുള്ള സാഹചര്യത്തില്‍, എല്ലാ വിധത്തിലും പരിമിതമായ സാഹചര്യത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ തടവുകാരെ അടിയന്തിരമായും ജാമ്യം നല്‍കിയൊ പരോള്‍ അനുവദിച്ചോ വിട്ടയച്ചുകൊണ്ട് സുപ്രീം കോടതി നിര്‍ദ്ദേശം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും പ്രസ്താവനയില്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

രാജ്യത്തെ മിക്കവാറും എല്ലാ ജയിലുകളിലും അതില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ പരിധിയിലധികം തടവുകാര്‍ ഉണ്ട്. ആളുകള്‍ തിങ്ങി നിറഞ്ഞ ഇവിടങ്ങളില്‍ കൊറോണയെ പോലെ ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ സ്ഥിതി അതീവ ഗുരുതരമായിരിക്കും.

ഇതു പരിഗണിച്ച് 7 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങള്‍ ചെയ്ത റിമാന്റ് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതു പരിഗണിക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു ഹൈ പവര്‍ കമ്മിറ്റി ഇതിനായി രൂപീകരിക്കാനും ശിക്ഷാ പ്രതികളും ദീര്‍ഘകാലം ജയിലില്‍ കഴിയുന്ന റിമാന്റ് പ്രതികളും അടക്കമുള്ളവരെ പരോളിലോ ഇടക്കാല ജാമ്യത്തിലോ വിടുന്നത് പരിഗണിക്കാനും നിര്‍ദ്ദേശമുണ്ട്.

കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ അനേകം രാഷ്ട്രീയ തടവുകാരാണ് കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളില്‍ പെട്ട് ജയിലില്‍ ദീര്‍ഘകാലമായി കഴിയുന്നത്. ഇവരില്‍ പലരും അഞ്ച് വര്‍ഷമോ അതിലേറെയോ കാലമായി തടവില്‍ കഴിയുന്നവരും ഒന്നോ രണ്ടോ കേസുകള്‍ ഒഴികെ മിക്കവാറും എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിട്ടുള്ളവരും ആണ്.

എന്നാല്‍ ബാക്കിയുള്ള ഒന്നോ രണ്ടോ കേസുകള്‍ക്കു വേണ്ടിയാണ് ഇവര്‍ ജയിലില്‍ തുടരുന്നത്. ഇതില്‍ വിവിധ അസുഖങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ഉണ്ട്. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന സഖാവ് ഇബ്രാഹിം ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജയിലില്‍ കഴിയുന്ന ഇദ്ദേഹം 65 വയസ്സ് പ്രായമുള്ള ആളും കടുത്ത പ്രമേഹരോഗിയും ഹൃദ്രോഗ ബാധിതനുമാണ്.

ഒരേ ഒരു കേസില്‍ മാത്രമേ ഇദ്ദേഹത്തിന് ജാമ്യം ലഭിക്കാന്‍ ഉള്ളൂ. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിട്ടും കടുത്ത മൂത്രാശയ രോഗബാധയുള്ള ഉള്ള സഖാവ് ഡാനിഷ് ഇപ്പോഴും ജയിലില്‍ തുടരുകയാണ്. മഹാരാഷ്ട്രയില്‍ സായിബാബ, വരവര റാവു, കാഞ്ചന്‍ നന്നാവരെ, സോമാ സെന്‍, തമിഴ് നാട്ടില്‍ വീരമണി, പത്മ തുടങ്ങി പലരും കടുത്ത രോഗബാധിതരോ പ്രായാധിക്യം കൊണ്ട് അവശരോ ആണ്.

മിക്ക ജയിലുകളിലും ആശുപത്രിയോ ഡോക്ടറോ മതിയായ ചികിത്സാ സൗകര്യങ്ങളോ ഇല്ല. ഒരു പക്ഷേ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ തടവുകാര്‍ കഴിയുന്ന വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ സ്ഥിതിയും വ്യത്യസ്തമല്ല. പുറമേ നിന്നുള്ള സാധാരണ ജനങ്ങള്‍ക്കു വന്‍ തോതില്‍ രോഗബാധയുണ്ടായാല്‍ തന്നെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ പരിമിതമായ പൊതുജനാരോഗ്യ മേഖലയെ തന്നെയാണ് തടവുകാരും ആശ്രയിക്കേണ്ടി വരിക. തടവുകാരോട് സ്വാഭാവികമായും കടുത്ത സാമൂഹിക മുന്‍വിധികള്‍ ഉള്ളതിനാലും നടപടിക്രമങ്ങളുടെ താമസം മൂലവും അടിയന്തിരമായി മികച്ച ചികിത്സ ലഭിക്കുക പലപ്പോഴും പ്രയാസകരമാണ്.

അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ലക്ഷക്കണക്കിന് കൊറോണാ ബാധിതരുണ്ടാകാമെന്നാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല ഏജന്‍സികളും കണക്കാക്കുന്നത്. അതോടെ ജയിലുകളിലെ അവസ്ഥയും ഗുരുതരമാകും. ‘വീട്ടില്‍ ഇരിക്കുക രക്ഷിതരാവുക’ എന്ന മുദ്രവാക്യം തന്നെ കോരളസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുള്ള സാഹചര്യത്തില്‍, എല്ലാ വിധത്തിലും പരിമിതമായ സാഹചര്യത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ തടവുകാരെ അടിയന്തിരമായും ജാമ്യം നല്‍കിയൊ പരോള്‍ അനുവദിച്ചൊ വിട്ടയച്ചുകൊണ്ട് സുപ്രീം കോടതി നിര്‍ദ്ദേശം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്നത്തെ സങ്കീര്‍ണ്ണാവസ്ഥയോര്‍ത്ത് ജയിലുകളില്‍നിന്നു് രാഷ്ട്രീയ തടവുകാരുള്‍പ്പെടെ മുഴുവന്‍ തടവുകാരേയും തുറന്നുവിട്ട നടപടികള്‍ ഈ കൊറോണ കാലത്ത് വിദേശ നാടുകളില്‍ ഉണ്ടായിട്ടുെണ്ടന്ന വസ്തുത കുടി ഞങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ കേരള സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.

1.അരുദ്ധതി റോയി.
2. പ്രൊഫ: ജയ്‌റസ് ബാനര്‍ജി (SOAS യൂണിവേഴ്‌സിറ്റി ലണ്ടന്‍)
3. സച്ചിദാനന്ദന്‍.
4. ബി.ആര്‍ പി ഭാസ്‌ക്കര്‍
5. പ്രൊഫ: അലക്‌സാന്ദ്ര മെസാദ്രി (SOAS യൂണിവേഴ്‌സിറ്റി ലണ്ടന്‍).
6. പ്രൊഫ: ശകുന്തള ബാനര്‍ജി (ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിസ്റ്റ്).
7. കെ.മുരളി.
9. മീനാ കന്തസ്വാമി
10ഡോ: ബിജു
11 എ.വാസു
12ഡോ.ജെ. ദേവിക
13. ഡോ. ടി.ടി.ശ്രീകുമാര്‍
14. എം.എന്‍ രാവുണ്ണി
15 ഡോ.കെ.ടി. റാം മോഹന്‍
16.അഡ്വ.പി.എ. പൗരന്‍ പ്രൊ: ഹര്‍ഗോപാല്‍
17. സ്റ്റാന്‍ സ്വാമി
18 കെ.പി. സേതുനാഥ്
19. ബര്‍ണാഡ് ഡിമെല്ലോ.
20. തരുണ്‍ ഭാരതീയ
21. ടഗ ദാസ്.
22. ശുക്ല സെന്‍
23. ബഞ്ചമിന്‍ സക്കറിയ
24. പ്രൊഫ ദിലീപ് മേനോന്‍
25. രോഹിണി ഹെന്‍സ്മാന്‍.
26. സുബിര്‍ സിന്‍ഹ
27. സുജാ തോ ബാന്ദ്ര (CRP-P)
28. ശില്‍ബര്‍ട്ട് അക്‌സര്‍ (ലണ്ടന്‍)
29. ഹര്‍ഷ് കപൂര്‍
30. പരന്‍ ജോയ് ഗുഹ താക്കൂര്‍ത്ത (EPW എഡിറ്റര്‍)
31. മൈത്രി പ്രസാദ്
32. അഡ്വ: തുഷാര്‍ നിര്‍മ്മല്‍ സാരഥി.
33. അഡ്വ: ഷൈന.
34. സി പി റഷീദ്
35 .അഡ്വ.കെ.എസ്.മധുസൂദനന്‍