ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി വിവദമായ ബി.ബി.സി ഡോക്യുമെന്ററി വാഷിങ്ടണ്‍ ഡി.സിയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി രണ്ട് മനുഷ്യവകാശ സംഘടനകള്‍. ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. മാധ്യമപ്രവര്‍ത്തകരെയും നയതന്ത്രജ്ഞെരെയും സംഘടനകള്‍ പ്രദര്‍ശനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഹ്യൂമന്‍ റൈറ്റ് വാച്ചും ആംനെസ്റ്റി ഇന്റര്‍നാഷണലും മോദിയുടെ സന്ദര്‍ശത്തിന് രണ്ട് ദിവസം മുമ്പായി ജൂണ്‍ 20നാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
ജൂണ്‍ 21 നാണ് മോദി യു.എസ് സന്ദര്‍ശിക്കുന്നത്. യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഇതോടെ രണ്ട് തവണ യു.എസ് കോണ്‍ഗ്രസ് യോഗത്തെ അഭിസംബോധ ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനാണ് നരേന്ദ്ര മോദി ലക്ഷ്യം വെക്കുന്നത്.
രണ്ട് ഭാഗമായി ഇറങ്ങിയ ഡോക്യുമെന്ററിയിലെ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപത്തെ കുറിച്ചും പ്രധാനമന്ത്രി ആയതിന് ശേഷമുള്ള മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുമാണ് പറയുന്നത്. 2002ല്‍ നടന്ന കലാപത്തില്‍ ആയിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
ജനുവരിയില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നത്. ഡോക്യുമെന്ററി പ്രോപ്പഗാണ്ടയുടെ ഭാഗമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനം. ഡോക്യുമെന്ററി ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
എന്നാല്‍ ഈ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കേന്ദ്ര സര്‍വകലാശാലകളിലടക്കം വിവിധ സംഘടനകളുടെ കീഴില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാണ് ഇതിനെതിരെ പ്രതിരോധം തീര്‍ത്തത്.
അതേസമയം, ഇതിന് പിന്നാലെ ഫെബ്രുവരിയില്‍ ബി.ബി.സിയുടെ ദല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയഡ് നടത്തിയിരുന്നു. വിദേശ വിനിമയ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഫിനാന്‍ഷ്യല്‍ ക്രൈം ഏജന്‍സി ബി.ബി.സിക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇത് ഡോക്യുമെന്ററി എടുത്തതിന് ബി.ബി.സിക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രതികാര നടപടിയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
Content Highlight: Human right groups to screen bbc documentry in washingdon dc