വീട്ടുജോലിക്കാരിക്കെതിരായ പോലീസ് മര്‍ദ്ദനം: ഡോക്ടര്‍ക്കും മകനുമെതിരെ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
Daily News
വീട്ടുജോലിക്കാരിക്കെതിരായ പോലീസ് മര്‍ദ്ദനം: ഡോക്ടര്‍ക്കും മകനുമെതിരെ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st October 2014, 8:10 pm

leeba[] കൊച്ചി: മാല മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവതി പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ വീട്ടുടമയായ ഡോക്ടറുടെയും മകന്റെയും പങ്ക് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍  ജസ്റ്റിസ്. ജെ ബി കോശി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലീബക്കെതിരെ പരാതി നല്‍കിയ വീട്ടുടമസ്ഥനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമന്റൈസ് ഫൗണ്ടേഷന്‍സ് എറണാകുളം ജില്ലാ പ്രസിഡന്റ് ടി.കെ അബ്ദുല്‍ അസീസ് സമര്‍പ്പിച്ച പരാതി പരിഗണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എറണാകുളം അമൃത ആശുപത്രിയിലെ ഡോ. ഹരീഷ്‌കുമാറും മകനുമാണ് 15 പവന്‍ മോഷ്ടിച്ചുവെന്നാരോപിച്ച് വീട്ടുജോലിക്കാരിയായ ലീബക്കെതിരെ വ്യാജപരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 23ന് ചേരാനെല്ലൂര്‍ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

കണ്ണുകളില്‍ മുളക് തേക്കുകയും വടി കൊണ്ട് നട്ടെല്ലിന് അടിക്കുകയും ചെയ്ത പോലീസ് അറസ്റ്റ് ചെയ്ത് 34 മണിക്കൂറിന് ശേഷമാണ് ലീബയെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയത്. പോലീസിന്റെ ക്രൂരമായ മൂന്നാംമുറയില്‍ നട്ടെല്ലിന് പരിക്കേറ്റ് ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലീബ.

ഇതിനിടെ ലീബ മാല മോഷണക്കേസില്‍ പ്രതിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജതെളിവുണ്ടാക്കാനും പോലീസ് ആസൂത്രിത ശ്രമം നടത്തിയിരുന്നു. ലീബക്കെതിരെ തെളിവുകള്‍ ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ ജ്വല്ലറി ഉടമകളെ പോലീസ് സമീപിച്ചിരുന്നു.

യുവതിക്കെതിരെ വ്യാജതെളിവുകള്‍ നല്‍കാനായി പോലീസ് സമ്മര്‍ദ്ദം ചെലുത്തിയതായി എറണാകുളത്തെ കവിത ജ്വല്ലറി ഉടമ കെ.എ കുര്യന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ലീബയുടെ ചിത്രം കാണിച്ച് ഇവര്‍ക്കെതിരെ മൊഴി നല്‍കണമെന്നും തെളിവിനായി ഒരു പവന്‍ സ്വര്‍ണമെങ്കിലും ഹാജരാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടതായി ജ്വല്ലറി ഉടമ അറിയിച്ചു.