| Monday, 19th July 2021, 9:18 am

ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും ഇതും ഇതിനപ്പുറവും പ്രതീക്ഷിച്ചതാണ്; ഫോണ്‍ ചോര്‍ന്നവരില്‍ ഉള്‍പ്പെട്ട മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജെയ്‌സണ്‍ സി. കൂപ്പര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിന്ന് ഫോണ്‍ രേഖകള്‍ ചോര്‍ത്തിയവരില്‍ ഉള്‍പ്പെട്ട മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകനായ ജയ്‌സണ്‍ സി കൂപ്പര്‍. ഇന്ത്യയിലെ ഭരണകൂടം ഇതും ഇതിനപ്പുറവും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ജയ്‌സണ്‍ സി. കൂപ്പര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഇതെല്ലാം പ്രതീക്ഷിക്കുന്നതാണ്. ഇന്ത്യയിലെ ഭരണകൂടം ഇതും ഇതിനപ്പുറവും ചെയ്യുമെന്ന് അറിയുന്ന കാര്യം തന്നെയാണ്. ഇപ്പോള്‍ അത് നടന്നിരിക്കുന്നു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം സുതാര്യമായും ജനാധിപത്യപരമായിട്ടുമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വേറെ രഹസ്യപ്രവര്‍ത്തനങ്ങളൊന്നുമില്ല. എല്ലാം പരസ്യമാണ്.

കേന്ദ്ര സര്‍ക്കാരിന് അലോസരമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു എന്നുള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. യു.എ.പി.എ. പോലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ, അവരുടെ തെറ്റായ നയങ്ങള്‍ക്കെതിരായ സമരങ്ങളിലൊക്കെ നമ്മള്‍ പങ്കെടുക്കുന്നു എന്നുള്ളതുകൊണ്ടു കൂടിയാണ് അവരിത് ചെയ്യുന്നത് എന്ന് വേണം കരുതാന്‍. ഇന്ത്യയില്‍ ഇത് വ്യാപകമായി നടന്നിരിക്കുകയാണല്ലോ. സ്വന്തം സഹപ്രവര്‍ത്തകരുടെ ഫോണ്‍ പോലും ചോര്‍ത്തിയിട്ടുണ്ട്,’ ജയ്‌സണ്‍ സി. കൂപ്പര്‍ പറഞ്ഞു.

സുപ്രീം കോടതി ജഡ്ജിയുടെ വരെ ഫോണ്‍ ചോര്‍ത്തപ്പെട്ട സാഹചര്യത്തില്‍ നിയമനടപടികള്‍ എത്രത്തോളം പ്രായോഗികമാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സുപ്രീം കോടതി ജഡ്ജിയുടെ ഫോണ്‍ അടക്കം ചോര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അങ്ങനൊരു സാഹചര്യത്തില്‍ നിയമനടപടി പോലും അത്ര എളുപ്പമുള്ള കാര്യമാണെന്ന് വിശ്വസിക്കുന്നില്ല. മാത്രമല്ല, ഇതിനു മുമ്പ് ഭീമ കൊറേഗാവ് കേസില്‍പ്പെട്ട റോണ വില്‍സന്റെയും സുരേന്ദ്ര ഗാഡ്‌ലിംഗിന്റെയുമൊക്കെ ലാപ്‌ടോപ്പുകളില്‍ ഇതുപോലുള്ള പ്രവര്‍ത്തനങ്ങളും മറ്റു നടന്നിട്ടുണ്ട് എന്നുള്ള റിപ്പോര്‍ട്ടുകളും തെളിവ് സഹിതം വന്നിട്ടുള്ളതാണ്. എന്നിട്ടും ഇന്ത്യയിലെ കോടതികള്‍ അതൊന്നും ഗൗരവത്തില്‍ എടുത്തിട്ടില്ല. അത്തരത്തിലൊരു കോടതിയിലേക്കാണ് പരാതിയുമായിട്ട് പോകേണ്ടത് എന്ന യാഥാര്‍ത്ഥ്യമുണ്ട്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയൊന്നുമില്ല,’ അദ്ദേഹം പറഞ്ഞു.

സാധ്യമായ നിയമനടപടികള്‍ കൈക്കൊള്ളും. അതിനപ്പുറത്തേക്ക് പുരോഗമന ജനാധിപത്യ മൂല്യങ്ങളുണ്ട് എന്ന് വിശ്വസിക്കുന്ന ജനങ്ങളുടെ പ്രതിരോധമാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഉയര്‍ന്നുവരേണ്ടതെന്നും ജയ്‌സണ്‍ സി. കൂപ്പര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ചില വ്യവസായികളുടേയും ഉള്‍പ്പെടെയുള്ള ഫോണുകളും ചോര്‍ത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

പെഗാസസ് എന്ന ഇസ്രഈല്‍ നിര്‍മിത ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഇന്ത്യയിലെ സമുന്നതരുടേ ഫോണ്‍ ചോര്‍ത്തിയത്.

രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ദി വയര്‍, ഇന്ത്യാ ടുഡേ, നെറ്റ് വര്‍ക്ക് 18, ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളുടെ ഫോണുകളാണ് ചോര്‍ത്തിയിരിക്കുന്നത്.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേര്‍ഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ , ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

പെഗാസസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തു വരുന്ന വിവരം.

പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ തന്നെ ഇസ്രയേല്‍ ചാര സോഫ്റ്റ് വെയര്‍ വിലയ്ക്ക് വാങ്ങി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോണ്‍ ചോര്‍ത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോര്‍ത്തപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Human right activist Jaison C Cooper about Pegasus phone leaking

We use cookies to give you the best possible experience. Learn more