| Friday, 3rd January 2025, 4:49 pm

ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: ചൈനയില്‍ കുട്ടികളെയും പ്രായമായവരെയും കൂടുതലായി ബാധിക്കുന്ന ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. രോഗം പടരുന്നുണ്ടെന്നും സാര്‍സ്-സി.ഒ.വി-2 എന്ന ഹാന്ഡിലിനു കീഴിലുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് ബാധയില്‍ ചൈനയിലെ ആശുപത്രികള്‍ തിങ്ങി നിറഞ്ഞതായും വലിയ രീതിയിലുള്ള പ്രതിസന്ധി നേരിടുന്നതായുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. അതേസമയം ചൈനയില്‍ ഒന്നിലധികം വൈറസ് പൊട്ടിപുറപ്പെട്ടുവെന്നും ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസിനൊപ്പം ഇന്‍ഫ്‌ലുവന്‍സ എ, മൈക്രോപ്ലാസ്മ ന്യുമോണിയ, കൊവിഡ്-19 എന്നീ രോഗങ്ങള്‍ പടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കൊവിഡിന് ശേഷം മറ്റൊരു വൈറസിന്റെ ഭീഷണി ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ടെന്നും നിരവധി മരണങ്ങള്‍ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മാസ്‌ക് ധരിച്ച ആളുകളെ കൊണ്ട് തിങ്ങി നിറഞ്ഞ ആശുപത്രികളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരിക്കുന്നത്. രോഗ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ പലയിടങ്ങളിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങളുമൊന്നും ചൈനയോ ലോകാരോഗ്യ സംഘടനകളോ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വര്‍ദ്ധിച്ചുവരുന്ന ന്യൂമോണിയ കേസുകള്‍, വൈറ്റ് ലങ്’ കേസുകള്‍ എന്നിവയാല്‍ പീഡിയാട്രിക് ആശുപത്രികള്‍ ബുദ്ധിമുട്ടുകയാണെന്നും സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസെന്നും സാധാരണയായി ഇത് ചുമ, ശ്വാസം മുട്ടല്‍, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെറിയ കുട്ടികളിലും പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും എച്ച്.എം.പി.വി ഗുരുതരമായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Human Metap pneumovirus outbreak reported in China

We use cookies to give you the best possible experience. Learn more