| Tuesday, 5th September 2023, 11:32 am

മോദിയുടേത് വെറും അവകാശവാദം; 2047 ല്‍ ഇന്ത്യ വികസിത രാജ്യമാവില്ല; കണക്കുകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദൽഹി: 2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശവാദം നടത്തുമ്പോൾ വികസന സൂചികകളിൽ ബഹുദൂരം പിന്നിൽ പോകുകയാണ് രാജ്യം. 191 രാജ്യങ്ങൾ ഉൾപ്പെടുന്ന മാനവവികസന സൂചികയിൽ 132-ാം സ്ഥാനത്ത് തുടരുമ്പോഴാണ് രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം ലോകത്തെ മികച്ച രാജ്യങ്ങളിലെ ജനങ്ങൾക്കൊപ്പമെത്തുമെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നത്.

ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ഗോളുകൾ (എസ്.ഡി.ജികൾ) നേടുന്നതിനുള്ള കാലാവധി 2030ൽ അവസാനിക്കാനിരിക്കെ 50 ശതമാനത്തിന് മുകളിലുള്ള സൂചികകളിലും ഇന്ത്യ പിന്നാക്കം നിൽക്കുകയാണെന്ന് ലാൻസറ്റ് ജേർണൽ നടത്തിയ പഠനത്തിൽ പറയുന്നു. 2022ൽ കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞത് 2030ന് മുമ്പ് ഇന്ത്യ എസ്.ഡി.ജികൾ കൈവരിക്കുമെന്നതിൽ ആത്മവിശ്വാസം ഉണ്ടെന്നായിരുന്നു. ഈ വർഷം ബജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞത് എസ്.ഡി.ജികളിൽ ഇന്ത്യ കാര്യമായ മുന്നേറ്റം ഉണ്ടാക്കിയെന്നായിരുന്നു.

എന്നാൽ ഇതിനെ തിരസ്കരിക്കുന്നതാണ് 2022 മാർച്ചിൽ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്മെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ. ദക്ഷിണേഷ്യയിലെ പാക്കിസ്ഥാൻ ഒഴികെയുള്ള രാജ്യങ്ങളെക്കാൾ പിന്നിലാണ് എസ്.ഡി.ജി സൂചികയിൽ ഇന്ത്യയെന്നും 117ൽ നിന്ന് 120ലേക്ക് ഇന്ത്യ കൂപ്പുകുത്തിയെന്നുമാണ് റിപ്പോർട്ടിന്റെ കണ്ടെത്തൽ.

എന്നാൽ ഈ റിപ്പോർട്ടുകളെയെല്ലാം കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് ഇന്ത്യയിലെ ജീവിത നിലവാരം വികസിത രാജ്യങ്ങളുടേതിന് സമാനമാകുമെന്ന് പ്രധാനമന്ത്രി പറയുന്നത്.
‘സമീപ ഭാവിയിൽ നമ്മൾ മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. 2047 ഓടെ നമ്മുടെ രാജ്യം വികസിത രാജ്യങ്ങൾക്കൊപ്പം ഉണ്ടാകും. നമ്മുടെ സാമ്പത്തിക മേഖല എല്ലാവരെയും ഉൾച്ചേർക്കുന്നതും നൂതനവുമായിരിക്കും. പാവപ്പെട്ട മനുഷ്യർ സമ്പൂർണമായും പട്ടിണിയെ അതിജീവിക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ ലോകത്തിലെ ഏറ്റവും മികച്ചതായി മാറും.

അഴിമതി, ജാതിവിവേചനം, വർഗീയത എന്നിവയ്ക്ക് ഇവിടെ യാതൊരു സ്ഥാനവും ഉണ്ടാകില്ല. ജനങ്ങളുടെ ജീവിത നിലവാരം ലോകത്തെ മികച്ച രാജ്യങ്ങളിലെ ജനങ്ങൾക്കൊപ്പമെത്തും,’ പ്രധാനമന്ത്രി പറഞ്ഞു.

2022ലെ ആഗോള പട്ടിണി സൂചികപ്രകാരം ഇന്ത്യയിൽ 23 കോടി പേർ പട്ടിണിയിലാണ്‌. ഏഷ്യയിൽ അഫ്‌ഗാനിസ്ഥാൻ മാത്രമാണ്‌ പട്ടിണിയിൽ ഇന്ത്യക്കു പിന്നിലുള്ളത്. 2014ൽ 55–ാം സ്ഥാനത്തായിരുന്ന ഇന്ത്യ മോദി ഭരണത്തിന് ശേഷം 107–-ാം സ്ഥാനത്തേക്ക് നിലംപതിച്ചു.

191 രാജ്യങ്ങൾ ഉൾപ്പെട്ട മാനവവികസന സൂചികയിൽ 132–-ാം സ്ഥാനത്തുള്ള രാജ്യം, ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ലാദേശ്‌ തുടങ്ങിയ അയൽരാജ്യങ്ങൾക്ക് പിന്നിലാണ് ഉള്ളത്. ആയുർദൈർഘ്യം, പഠന കാലയളവ്‌, ദേശീയവരുമാനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്‌ മാനവവികസന സൂചിക തയ്യാറാക്കുന്നത്‌. 2014ൽ 130–-ാം സ്ഥാനത്തായിരുന്നു സൂചികയിൽ ഇന്ത്യ.

സാമ്പത്തികഅസമത്വ സൂചികയിൽ 161 രാജ്യങ്ങളിൽ ഇന്ത്യ 123–-ാമതാണ്‌ ഉള്ളത്. ആരോഗ്യമേഖലയിൽ ചെലവഴിക്കുന്നതിൽ 157–-ാം സ്ഥാനത്തുള്ള ഇന്ത്യക്ക്‌ പിന്നിൽ നാലു രാജ്യങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ചൈനയും റഷ്യയും 10 ശതമാനം ആരോഗ്യമേഖലയിൽ വിനിയോഗിക്കുമ്പോൾ, ഇന്ത്യയുടെ മുതൽമുടക്ക്‌ ആകെ ചെലവഴിക്കലിന്റെ 3.64 ശതമാനം മാത്രമാണ്‌. നേപ്പാൾ 7.8 ശതമാനവും പാകിസ്ഥാൻ 4.3 ശതമാനവും ആരോഗ്യത്തിന് മാറ്റിവയ്ക്കുന്നു.

Content Highlight: Modi’s argument is hollow; India will not be a developed country by 2047 says data

We use cookies to give you the best possible experience. Learn more