ന്യൂദല്‍ഹി: 2017-2022 കാലയളവില്‍ ഇന്ത്യന്‍ വ്യോമസേന നേരിട്ട അപകടങ്ങളില്‍ 50 ശതമാനവും മനുഷ്യ പിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ 34 അപകടങ്ങളാണ് വ്യോമസേന നേരിട്ടത്. പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
34 അപകടങ്ങളില്‍ 19 ഉം എയര്‍ ക്രൂവിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് മൂലമെന്നാണ് റിപ്പോര്‍ട്ട്. ഒന്ന് സര്‍വീസിങ്ങിലെ പിഴവ് മൂലമെന്നും പറയുന്നു. Su-30, ALH, MiG-23, Kiran, Mi-17, Hawk, Cheetah, Jaguar, MiG-21, MiG-27, MiG-29, An-32, Mirage എന്നിവയാണ് അപകടത്തില്‍പ്പെട്ട വിമാനങ്ങള്‍.
ഇതില്‍ MiG-21 വിമാനങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നേരിട്ടത്. ഒമ്പത് തവണയാണ് MiG-21 വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടത്.
റിപ്പോര്‍ട്ട് അനുസരിച്ച് 10 അപകടങ്ങളില്‍ എയര്‍ ക്രൂവും കൊല്ലപ്പെട്ടിട്ടുണ്ട്. മുന്‍ സി.ഡി.എസ് ജനറല്‍ ബിപിന്‍ റാവത്ത് 2021 ഡിസംബറില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചത്.
ഈ അപകടം മനുഷ്യ പിഴവ് മൂലമുണ്ടായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സുലൂരില്‍ നിന്ന് വെല്ലിങ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജിലേക്ക് പോകുന്നതിനിടെ തമിഴ്നാട്ടിലെ നീലഗിരിയില്‍ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.
അതേസമയം 17 അപകടങ്ങളില്‍ തകരാറിലായ വിമാനത്തില്‍ നിന്ന് പൈലറ്റുമാരെ അതിസാഹസികമായി രക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. മനുഷ്യ പിഴവ് കൂടാതെ പക്ഷിയിടി, കാലാവസ്ഥ വ്യതിയാനം, സാങ്കേതിക തകരാര്‍ എന്നിവയും അപകടത്തിന് കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
എന്നാല്‍ അപകടകാരണം വ്യക്തമാകാത്ത സംഭവങ്ങളില്‍ അന്വേഷണം തുടരുകയാണെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി അറിയിച്ചു.
ഇന്ന് (ഞായറാഴ്ച) ഗുജറാത്തിലെ പോര്‍ബന്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് മരണം സംഭവിച്ചിരുന്നു. രണ്ട് പൈലറ്റുമാരും ഒരു കോസ്റ്റ് ഗാര്‍ഡുമാണ് മരിച്ചത്.
സംഭവത്തില്‍ കോസ്റ്റ് ഗാര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് പതിനൊന്ന് മണിയോട് കൂടിയാണ് അപകടം നടന്നത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്.
ഹെലികോപ്റ്ററിലുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡ് അംഗം അപകടത്തിനിടെ പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മരണം പ്രാദേശിക പൊലീസ് സ്ഥിരീകരിച്ചെങ്കിലും ഔദ്യോഗിക അനുമതി ലഭിച്ചാല്‍ മാത്രമെ മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിടുകയുള്ളു.
അപകടത്തിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിലുള്ള തീപിടുത്തവും ഉണ്ടായി. അഗ്‌നിശമന സേന എത്തി തീയണച്ച ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
Content Highlight: Human error accounted for 50 percent of all plane crashes between 2017-2022