കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് ഗോൾ കീപ്പർ ഹ്യുഗോ ലോറിസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. വിരമിക്കുന്ന വിവരം അറിയിച്ചതിന് ശേഷം ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് താരം സംസാരിച്ചിരുന്നു. അതിനിടയിൽ അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ ലോറിസ് വിമർശിച്ച് സംസാരിച്ചത് വിവാദങ്ങൾക്ക് വഴിയൊരുക്കുകയായിരുന്നു.
കിക്കെടുക്കാൻ വന്ന ഫ്രഞ്ച് താരങ്ങളെ എമി പ്രകോപിപ്പിച്ചതും പന്ത് താരങ്ങൾക്ക് നൽകാതെ സൈഡിലേക്ക് വലിച്ചെറിഞ്ഞ് താരങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടുത്തിയതും ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ലോറിസ്.
എമി മാർട്ടിനെസ് ചെയ്തത് നിങ്ങൾ ചെയ്യുമോ എന്ന ചോദ്യത്തിന് ലോറിസ് മറുപടി നൽകിയത് ‘എമിയെ പോലെ എതിരാളിയെ വിഡ്ഢിയാക്കി കൊണ്ട് കളിക്കാൻ തനിക്കറിയില്ല’ എന്നാണ്.
‘ഞാൻ വിജയം കൊണ്ടുവരാൻ ശ്രമിക്കും, അതിനുവേണ്ടി പ്രയത്നിക്കും. പക്ഷേ എമി ചെയ്യുന്നത് പോലെ ചെയ്യാൻ എന്നെ കൊണ്ട് പറ്റില്ല. എനിക്ക് ഒരിക്കലും അതിനൊന്നും കഴിയില്ല. സത്യത്തിൽ, ഗോൾ പോസ്റ്റിന് മുന്നിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻ അറിയാത്ത ഒത്തിരി കാര്യങ്ങളുണ്ട്.
മറ്റുള്ളവരെ വിഡ്ഢികളാക്കുന്ന പോലെ പെരുമാറുക, പരിധിക്കപ്പുറം കളിച്ച് എതിരാളിയെ അസ്ഥിരപ്പെടുത്തുക, അതെങ്ങനെ ചെയ്യണമെന്ന് എനിക്കറിയില്ല. ഞാൻ യുക്തിക്ക് നിരക്കുന്നത് ചെയ്യുന്ന ആളാണ്, ആ മേഖലയിൽ വളരെ സത്യസന്ധനുമാണ്. തോൽക്കാൻ എനിക്ക് താൽപര്യമില്ലെങ്കിലും, എങ്ങനെയാണ് അങ്ങിനെയൊക്കെ വിജയിക്കുന്നതെന്ന് എനിക്കറിയില്ല,’ ലോറിസ് വ്യക്തമാക്കി.
നിലവിൽ ടോട്ടൻഹാം ഹോട്സ്‌പറിന് വേണ്ടി ബൂട്ടുകെട്ടുന്ന ലോറിസ് 2018ൽ ഫ്രാൻസ് ലോക ചാമ്പ്യന്മാരാകുമ്പോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ മാസം ഖത്തറിൽ നടന്ന 2022 ലോകകപ്പിൽ റണ്ണറപ്പായി ഫിനിഷ് ചെയ്ത ടീമിലും ലോറിസ് നിർണായക പങ്കുവഹിച്ചിരുന്നു.
36കാരനായ താരം 2018ലാണ് ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ഫ്രാൻസിനായി 145 മത്സരങ്ങളിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ ഗെയിം കളിച്ച ഫ്രഞ്ച് താരമെന്ന ഖ്യാതിയും നേടി.
അണ്ടർ 18 , അണ്ടർ 19 , അണ്ടർ 21 തലങ്ങളിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച ഒരു ഫ്രഞ്ച് ഇന്റർനാഷണലാണ് ലോറിസ്. സീനിയർ തലത്തിൽ കളിക്കുന്നതിന് മുമ്പ്, 2005 ലെ യുവേഫ യൂറോപ്യൻ അണ്ടർ 19 ചാമ്പ്യൻഷിപ്പ് നേടിയ അണ്ടർ 19 ടീമിൽ അദ്ദേഹം കളിച്ചു .
2008 നവംബറിൽ ഉറുഗ്വേയ്‌ക്കെതിരായ ഒരു സൗഹൃദ മത്സരത്തിലാണ് ലോറിസ് തന്റെ സീനിയർ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. 2010 ഫിഫ ലോകകപ്പിന് യോഗ്യത നേടാൻ ഫ്രാൻസിനെ സഹായിച്ച ലോറിസ് യോഗ്യതാ പ്ലേഓഫിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച് മാധ്യമങ്ങളുടെ പ്രശംസ പിടിച്ചുപറ്റി.
2010ലാണ് അദ്ദേഹം ആദ്യമായി ദേശീയ ടീമിനെ നയിക്കുന്നത്. 2012ൽ ഫസ്റ്റ് ചോയ്‌സ് ക്യാപ്റ്റനായി, യുവേഫ യൂറോ 2012 , 2014 ഫിഫ ലോകകപ്പ് എന്നിവയുടെ ക്വാർട്ടർ ഫൈനലിലേക്ക് ഫ്രാൻസിനെ നയിച്ചു, യുവേഫ യൂറോ 2016ൽ റണ്ണേഴ്‌സ് അപ്പായി.
കൂടാതെ 2022 ഫിഫ ലോകകപ്പ് , റഷ്യയിൽ നടന്ന 2018 ഫിഫ ലോകകപ്പ് എന്നിവയും. ഫ്രാൻസിന്റെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ലോറിസ്.
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ലോറിസ് തന്റെ ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്‌പറിൽ തുടരുമെന്നാണ് റിപ്പോർട്ട്.
Content Highlights: Hugo Loris criticizes Emiliano Martinez