മെസി – റൊണാള്‍ഡോ ഡിബേറ്റില്‍ തന്റെ പ്രിയപ്പെട്ട താരത്തെ തെരഞ്ഞെടുക്കുകയാണ് ബുണ്ടസ് ലീഗ സൂപ്പര്‍ ടീമായ ഫ്രാങ്ക്‌ഫോര്‍ട്ടിന്റെ സ്വീഡിഷ് താരം ഹ്യൂഗോ ലാര്‍സണ്‍. റൊണാള്‍ഡോയെക്കാള്‍ മികച്ച താരം മെസിയാണെന്നും പക്ഷേ ലോകത്തിലെ ഏറ്റവും മികച്ചത് റൊണാള്‍ഡോയാണെന്നുമാണ് ലാര്‍സണ്‍ അഭിപ്രായപ്പെടുന്നത്.
ഒരു ഫുട്‌ബോളര്‍ എന്നതിനേക്കാള്‍ ഒരു വ്യക്തി എന്ന നിലയിലാണ് താന്‍ റോണോയെ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂളിഗന്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം റൊണാള്‍ഡോയെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്.
‘അദ്ദേഹത്തെ ഒരു ഫുട്‌ബോളര്‍ എന്ന നിലയിലല്ല ഞാന്‍ നോക്കിക്കാണുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തെ സമീപിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. നിങ്ങള്‍ ചിന്തിക്കുന്നതോ പിച്ചില്‍ നടക്കുന്നതോ മാത്രം അല്ല, അതില്‍ നിന്നും ഏറെ വലുതാണെന്ന തിരിച്ചറിവ് വളര്‍ന്നുവരുമ്പോള്‍ എനിക്ക് ലഭിച്ചിരുന്നു.
ആ രീതിയില്‍ നോക്കുമ്പോള്‍ ക്രിസ്റ്റ്യാനോയാണ് ലോകത്തിലെ ഏറ്റവും മികച്ചത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ മനോഭാവത്തെ ഞാന്‍ ഏറെ ഇഷ്ടപ്പെടുകയും പ്രശംസിക്കുകയും ചെയ്യുന്നു,’ ലാര്‍സണ്‍ പറഞ്ഞു.
എന്നാല്‍ മെസിയാണ് മികച്ച ഫുട്‌ബോളറെന്നും ലോര്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
‘മെസിയാണ് അദ്ദേഹത്തെക്കാള്‍ മികച്ച ഫുട്‌ബോളര്‍ എന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ എനിക്ക് ക്രിസ്റ്റ്യാനോയെയാണ് കൂടുതലിഷ്ടം. അദ്ദേഹത്തിന് വല്ലാത്തൊരു ഓറയുണ്ട്, അതാണ് എന്നെ ആകര്‍ഷിച്ചത്. വളരുമ്പോള്‍ റൊണാള്‍ഡോയെ പോലെയാകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്.
എന്നാലിപ്പോള്‍ ഞാന്‍ അദ്ദേഹത്തെ പോലെയേ അല്ല. അദ്ദഹം ഇന്നുകാണുന്നതുപോലെ ആയിത്തീരാന്‍ എത്രത്തോളം അധ്വാനിച്ചുവെന്ന് മനസിലാകുമ്പോള്‍ അത് വ്യത്യസ്തമായി തോന്നും,’ ലോര്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിലെ ഫുട്ബോള്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട ഇരുവരും തങ്ങളുടെ മുപ്പതുകളുടെ മധ്യത്തിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായി പന്തുതട്ടുമ്പോള്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടിയാണ് റോണോ കളത്തിലിറങ്ങുന്നത്.
അതേസമയം, കരിയറിലെ 900ാം ഗോള്‍ എന്ന ലക്ഷ്യവുമായാണ് റൊണാള്‍ഡോ അടുത്ത മത്സരങ്ങള്‍ക്കിറങ്ങുന്നത്. നിലവില്‍ 899 ഗോളുകള്‍ തന്റെ പേരില്‍ കുറിച്ച പോര്‍ച്ചുഗല്‍ ലെജന്‍ഡിന് ഒറ്റ ഗോള്‍ കൂടി നേടാന്‍ സാധിച്ചാല്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമെന്ന ഐതിഹാസിക റെക്കോഡും സ്വന്തമാക്കാന്‍ സാധിക്കും.
Content highlight: Hugo Larsson about Messi and Ronaldo