|

IPL: താരലേലത്തില്‍ പങ്കെടുത്താല്‍ 30 കോടി ആ ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് ലഭിക്കും: ഹ്യൂഗ് എഡ്മീഡ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025നായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ടൂര്‍ണമെന്റിന് മുമ്പ് മെഗാ താരലേലം നടക്കുന്നതിനാല്‍ തന്നെ ഇത്തവണ ആരാധകരുടെ ആവേശം ഇരട്ടിയാണ്.

ഓരോ ടീമിനും എത്ര താരങ്ങളെ നിലനിര്‍ത്താമെന്ന് ഇനിയും തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണയെന്ന പോലെ ഓരോ ടീമിനും നാല് താരങ്ങളെ മാത്രമാണ് നിലനിര്‍ത്താന്‍ സാധിക്കുകയെങ്കില്‍ അത് ആരെല്ലാമായിരിക്കുമെന്ന് ആരാധകര്‍ ഇപ്പോഴേ കണക്കുകൂട്ടുകയാണ്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ഒരിക്കലും വിട്ടുകൊടുക്കാന്‍ സാധ്യതയില്ല. ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ആര്‍.സി.ബിയുടെ ഭാഗമാണ് വിരാട്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഈയൊരു റെക്കോഡ് വിരാടിന് മാത്രം അവകാശപ്പെട്ടതാണ്.

അഥവാ ഈ ലേലത്തിന് മുന്നോടിയായി വിരാടിനെ ആര്‍.സി.ബി റിലീസ് ചെയ്യുകയാണെങ്കില്‍ വിരാടിന് 30 കോടി രൂപ ഉറപ്പായും ലഭിക്കുമെന്ന് പറയുകയാണ് ലേലനടപടികള്‍ നിയന്ത്രിച്ചിരുന്ന ഹ്യൂഗ് എഡ്മീഡ്‌സ്. അരവിന്ദ് കൃഷ്ണന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഐ.പി.എല്‍ താരലേലത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ വിരാട് കോഹ്‌ലിക്ക് 30 കോടി വരെ ലഭിക്കും,’ അദ്ദേഹം പറഞ്ഞു.

2008 മുതല്‍ 2024 വരെ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി 252 മത്സരത്തിലാണ് വിരാട് കളത്തിലിറങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ 250+ മത്സരം കളിച്ച നാല് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് വിരാട്. എം.എസ്. ധോണി (264), ദിനേഷ് കാര്‍ത്തിക് (257), രോഹിത് ശര്‍മ (257) എന്നിവരാണ് 250 മാച്ച് കളിച്ച മറ്റ് താരങ്ങള്‍.

ഈ 252 മത്സരത്തില്‍ നിന്നും 8004 റണ്‍സാണ് വിരാട് നേടിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരവും വിരാട് തന്നെ. പട്ടികയില്‍ രണ്ടാമതുള്ള ശിഖര്‍ ധവാന്റെ പേരില്‍ 6769 റണ്‍സാണ് കുറിക്കപ്പെട്ടത്.

38.66 ശരാശരിയിലും 131.97 സ്‌ട്രൈക്ക് റേറ്റിലും സ്‌കോര്‍ ചെയ്യുന്ന വിരാട് എട്ട് സെഞ്ച്വറിയും 55 സെഞ്ച്വറിയും ഐ.പി.എല്ലില്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

Content Highlight: Hugh Edmeades about Virat Kohli