| Friday, 2nd September 2022, 7:14 pm

കപ്പ് കയ്യീന്ന് പോവുമോ? ഇന്ത്യക്ക് എട്ടിന്റെ പണി; സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ സൂപ്പര്‍ മത്സരങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കറ്റ് പുറത്തായതോടെയാണ് ഇന്ത്യന്‍ ടീം ആശങ്കയിലായിരിക്കുന്നത്.

കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് ടീമിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. താരത്തിന്റെ വലതുകാല്‍മുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. ബി.സി.സി.ഐ മെഡിക്കല്‍ ടീം താരത്തെ നിരീക്ഷിച്ചു വരികയാണ്.

ഹര്‍ദിക് പാണ്ഡ്യക്ക് പുറമെ ടീമിലെ ഏക ഓള്‍ റൗണ്ടറും യൂസ്വേന്ദ്ര ചഹലിന് പുറമെ ടീമിലെ ഏക സ്പിന്നറുമാണ് ജഡേജ. താരത്തിന്റെ പുറത്താവല്‍ ഇന്ത്യയുടെ ഏഷ്യാ കപ്പ് സാധ്യതകളെ തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അക്‌സര്‍ പട്ടേലിനെയാണ് താരത്തിന് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റാന്‍ഡ് ബൈ താരമായിരുന്ന അക്‌സര്‍, സ്‌ക്വാഡിനൊപ്പം ദുബായിലെത്തിയിരുന്നു.

പാകിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തില്‍ നിര്‍ണായക പങ്കായിരുന്നു ജഡേജ വഹിച്ചത്. രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കെ ഇന്ത്യ ജയിച്ച മത്സരത്തില്‍ ജഡേജയുടെ പങ്ക് ചില്ലറയായിരുന്നില്ല.

ഇതിന് പുറമെ ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡും ജഡേജ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ എക്കാലത്തേയും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനെ മറികടന്നായിരുന്നു ജഡേജ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഹോങ്കോങ് മത്സരത്തിലായിരുന്നു ജഡേജ ഈ സൂപ്പര്‍ നേട്ടം കൈവരിച്ചത്. ഏഷ്യാ കപ്പിന്റെ ആറ് എഡിഷനില്‍ നിന്നുമായി 23 വിക്കറ്റാണ് ജഡ്ഡുവിന്റെ പേരിലുള്ളത്.

സെപ്റ്റംബര്‍ നാലിനാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ മത്സരം. ഇന്ത്യയുടെ എതിരാളികളെ ഇനിയും തീരുമാനമായിട്ടില്ല. ഇന്ന് നടക്കുന്ന ഹോങ്കോങ് – പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളെയായിരിക്കും ഇന്ത്യക്ക് നേരിടാനുണ്ടാവുക.

സൂപ്പര്‍ ഫോറിലെത്തുന്ന ടീമുകള്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ കളിക്കുകയും ജയിക്കുന്ന ടീം ഫൈനലില്‍ പ്രവേശിക്കുകയും ചെയ്യും.

ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് ശ്രീലങ്ക സൂപ്പര്‍ ഫോറിനെ യോഗ്യത നേടിയിരുന്നു. അഫ്ഗാനാണ് എതിരാളികള്‍.

Content Highlight:  Huge setback for India, Ravindra Jadeja ruled out of Asia Cup

We use cookies to give you the best possible experience. Learn more