| Tuesday, 3rd March 2020, 7:52 am

സ്വാതന്ത്ര്യ സമര സേനാനിയെ പാക് ചാരനെന്ന് വിളിച്ച സംഭവം; കര്‍ണാടകയില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധം കനക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സ്വാതന്ത്ര്യ സമര സേനാനി എച്ച്.എസ് ദ്വരസ്വാമിയെ ബി.ജെ.പി നേതാവ് പാക് ചാരന്‍ എന്ന് വിളിച്ച സംഭവത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിങ്കളാഴ്ച കര്‍ണാടക നിയമസഭ ഒരുദിവസത്തേക്ക് നിര്‍ത്തിവെച്ചു.

കേന്ദ്രസര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ സജീവ സാന്നിദ്ധ്യവുമാണ് 102 വയസ്സുള്ള ദ്വരൈസ്വാമി.

ദ്വരൈസ്വാമിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ സഭയില്‍ ഉന്നയിച്ചതോടെയാണ് തര്‍ക്കമാരംഭിച്ചത്. ബഹളത്തെത്തുടര്‍ന്ന് സഭ ഒരു ദിവസത്തേക്ക് നിര്‍ത്തിവെച്ചു.

ബി.ജെ.പി നേതാവായ ബസവരാജ് യത്‌നാലാണ് ദ്വരൈസ്വാമിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയതെന്ന് കര്‍ണാടക സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റ് വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രെ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

” ബി.ജെ.പി നേതാക്കള്‍ പ്രത്യേകിച്ച് ബസവരാജ യത്‌നാലാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര സേനാനികളിലൊരാളായ ദ്വരൈസ്വാമിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്തവാന നടത്തിയത്. അയാള്‍ അദ്ദേഹത്തെ പാക് ചാരന്‍ എന്നു വിളിച്ചു.
അത് ദേശവിരുദ്ധമാണ്. യത്‌നാലയ്‌ക്കെതിരെ അടിയന്തര നടപടി എടുക്കാന്‍ സഭയില്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. അയാള്‍ക്കെതിരെ കേസെടുക്കുകയും നേതൃത്വത്തില്‍ നിന്ന് പുറത്താക്കുകയും വേണം,” ഈശ്വര്‍ ഖന്ദ്രെ പറഞ്ഞു.

യത്‌നാലിന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും ദ്വരൈസ്വാമിയെപ്പോലെയുള്ള സ്വാതന്ത്ര്യ സമരസേനാനിയോട് കാണിച്ച അനാദരവിലൂടെ മൗലീകകര്‍ത്തവ്യങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ദ്വരൈസ്വാമിയെ കപട സ്വതന്ത്ര്യ സേനാനിയെന്നും പാക് ചാരനെന്നുമാണ് യത്‌നാല്‍ വിളിച്ചത്. തന്റെ പ്രസ്താവന പിന്‍വലിക്കില്ലെന്നും യത്‌നാല്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more