Entertainment news
അനിമേക്ക് ഇത്രേം ഫാന്‍സോ; ജാപ്പനീസ് ചിത്രത്തെ ഏറ്റെടുത്ത് മലയാളികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 30, 06:33 am
Thursday, 30th June 2022, 12:03 pm

ഭാഷയുടെയും, ദേശത്തിന്റെ അതിര്‍വരമ്പുകള്‍ എല്ലാം തന്നെ മായ്ച്ച് കളഞ്ഞുകൊണ്ട് വിനോദമാസ്വദിക്കുന്നവരാണ് മലയാളികള്‍ എന്ന് പൊതുവെ പറയാറുണ്ട്. ജപ്പാനില്‍ നിന്ന് പുറത്തുവരുന്ന ആനിമേഷന്‍ സിനിമകള്‍ക്കും സീരീസുകള്‍ക്കും വലിയ ആരാധകര്‍ കേരളത്തിലുണ്ട്.

അനിമേ എന്ന് അറിയപ്പെടുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് മലയാളികളുടെ ഇടയില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ കേരളത്തിന്റെ സിനിമാ ചരിത്രത്തില്‍ കേട്ട് കേള്‍വിയില്ലാത്ത തരത്തിലാണ് ഒരു ജാപ്പനീസ് അനിമേ ചിത്രത്തിന് ബുക്കിങ് നടക്കുന്നത്. ജൂണ്‍ 30ന് ഇന്ത്യയില്‍ റിലീസ് ചെയ്ത ജുജുത്സു കൈസെന്‍ 0(Jujutsu Kaisen 0) എന്ന അനിമേ ചിത്രം കാണാനാണ് ആരാധകര്‍ വന്‍തോതില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

കേരളത്തില്‍ വിരലിലെണ്ണാവുന്ന തിയേറ്ററുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നിരിക്കെ നിരവധി പേരാണ് ചിത്രം ബിഗ് സ്‌ക്രീനില്‍ കാണാന്‍ ടിക്കറ്റ് എടുത്തിരിക്കുന്നത്. ഒരു ജാപ്പനീസ് ചിത്രത്തിന് ഇത്രയും ബുക്കിങ്ങോ എന്ന അതിശയത്തോടെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ കുറച്ച് ടിക്കറ്റുകള്‍ മാത്രം അവശേഷിക്കുന്ന ബുക്കിങ് വെബ്‌സൈറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെക്കുന്നത്.

2021 ഡിസംബര്‍ 21 നാണ് ചിത്രം മറ്റ് രാജ്യങ്ങളില്‍ റിലീസ് ചെയ്തത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ചിത്രം ഇതിനോടകം 190 മില്യണോളം ബോക്‌സ് ഓഫിസ് കളക്ഷനും സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.

മഗ്‌ന എന്നറിയപ്പെടുന്ന ഗ്രാഫിക് നോവലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. സുങ്കൂ പാര്‍ക്കാണ് അനിമേ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇതേ പേരില്‍ ആനിമേ സീരീസുമുണ്ട്. സീരീസിന് ലഭിച്ച ജനപ്രീതി തന്നെയാണ് ഇപ്പോഴും ചിത്രത്തിന് ലഭിക്കുന്നത്. പി.വി.ആര്‍ മള്‍ട്ടിപ്ലെക്‌സ് ചെയിനാണ് ഇന്ത്യയില്‍ ചിത്രം വിതരണത്തിന് എത്തിച്ചത്. ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന ആറാമത്തെ അനിമേ ചിത്രമാണ് ജുജുത്സു കൈസെന്‍ 0 (Jujutsu Kaisen 0). മെഗുമി ഒഗത, കാന ഹനാസാവ, മിക്കാക്കോ കൊമത്സു തുടങ്ങിയവരാണ് അനിമേയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

Content Highlight : Huge response for the Japanese film Jujutsu Kaisen