ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലുള്ള നഴ്‌സുമാരുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് ദല്‍ഹി എയിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും കോഴിക്കോട് സ്വദേശിയുമായ വിപിന്‍ കൃഷ്ണന്‍. ഡോക്ടേഴ്‌സ് ഡേയില്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട നാല് ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ വിപിന്‍ കൃഷ്ണനായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി എയിംസില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം.
ജീവന്‍വരെ അപകടത്തിലാകുന്ന സാഹചര്യത്തിലും അതിനെയൊന്നും വകവെക്കാതെ കൊവിഡ് -19 നെതിരെ നടത്തിയ പോരാട്ടവും നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചുമായിരുന്നു തങ്ങള്‍ രാഹുല്‍ ഗാന്ധിയോട് സംസാരിച്ചതെന്ന് വിപിന്‍ കൃഷ്ണന്‍ പറയുന്നു.
‘ഇതാദ്യമായാണ് ഒരു മുഖ്യധാരാ രാഷ്ട്രീയ നേതാവ് ഒരു പൊതുവേദിയില്‍ ഞങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നത്, ഇത് ഞങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കൂടുതല്‍ ചര്‍ച്ചകളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് വിപിന്‍ പറയുന്നത്.
എയിംസിലെ നഴ്സസ് യൂണിയന്റെ മുന്‍ ഭാരവാഹി കൂടിയായ വിപിന്‍ കൃഷ്ണന്‍, രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമായാണ് കണക്കാക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
കൊവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യ രംഗം നേരിടുന്ന നിരവധി പരിമിതികളാണ് പുറത്തുവരുന്നത്. താമസം, ഭക്ഷണം, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഷ്ടപ്പെടേണ്ടി വരികയായിരുന്നു.
വര്‍ഷങ്ങളായി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോടുള്ള വിവേചനപരമായ മനോഭാവവും ശമ്പള അസമത്വവും ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
നഴ്‌സിംഗ് സമൂഹത്തെ സംബന്ധിച്ച് ഇത്തരമൊരു സംവാദം പോലും വളരെ പ്രധാനമാണ്, കാരണം ഇത്തരമൊരു സംഭാഷണത്തിനായി തയ്യാറായത് രാജ്യത്തെ മികച്ച രാഷ്ട്രീയക്കാരില്‍ ഒരാളാണെന്നത് തന്നെയാണ്.
പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ നഴ്‌സിംഗ് സമൂഹം നേരിടുന്ന വിവേചനം സംഭാഷണത്തില്‍ ചര്‍ച്ചയായിരുന്നു. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ മുന്‍നിര ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് നല്ല ധാരണയുണ്ട്.
ആരോഗ്യസംരക്ഷണ പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് ഈ യുദ്ധത്തില്‍ ഒരിക്കലും അംഗീകാരം ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്ന് ഇന്ത്യയിലും വിദേശത്തുമുള്ള നഴ്സുമാര്‍ ഇത് ഒരു വലിയ അംഗീകാരമായി കണക്കാക്കുകയാണ്, വിപിന്‍ പറഞ്ഞു.
കൊവിഡ് ഇന്ത്യയില്‍ ഇത്രേയറെ രൂക്ഷമാകാനുള്ള സാഹചര്യത്തെ കുറിച്ചും ആരോഗ്യപ്രവര്‍ത്തകരുടെ അഭാവത്തെ കുറിച്ചുമെല്ലാം അദ്ദേഹം ചോദിച്ചു.
ആരോഗ്യ പ്രവര്‍ത്തകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും അതിനായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ചര്‍ച്ചയുണ്ടായി.
ദല്‍ഹിയിലെയും മുംബൈയിലെയും ചില സ്വകാര്യ ആശുപത്രികള്‍ നഴ്സുമാരുടെ ശമ്പളം വെട്ടിക്കുറച്ചതിനെക്കുറിച്ചും ശമ്പള പാക്കേജുകളിലെ നിലവിലുള്ള അസമത്വത്തെക്കുറിച്ചും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു.
ഞങ്ങളുടെ ശമ്പളം ഉറപ്പാക്കുന്നതിന് വേണ്ടി സമരം നടത്താനുള്ള ഒരു സാഹചര്യമല്ല ഇത്. ഞങ്ങള്‍ക്ക് കൃത്യമായ വേതനം ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്
ഇതിനൊപ്പം തന്നെ കൊവിഡ് മൂലം മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള കാലതാമസം പരിശോധിക്കുമെന്നും രാഹുല്‍ ഗാന്ധി സംവാദത്തില്‍ പങ്കെടുത്തവര്‍ക്ക് ഉറപ്പ് നല്‍കിയെന്നും വിപിന്‍ പറയുന്നു.
സിസ്റ്റത്തിന്റെ അഭാവം മൂലം കൊവിഡ് ഇതര രോഗികള്‍ക്ക് ലഭിക്കുന്ന ചികിത്സയെ കുറിച്ചും അദ്ദേഹം ആശങ്കാകുലനായിരുന്നു. അത്തരം കാര്യങ്ങള്‍ എങ്ങനെയാണ് നിലവില്‍ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വൈറസിനെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധി തന്നെ വ്യക്തിപരമായി അഭിനന്ദിച്ചതില്‍ സന്തോഷമുണ്ടെന്നും വിപിന്‍ പറഞ്ഞു.
‘ഞാനും ഭാര്യയും കൊവിഡില്‍ നിന്ന് രക്ഷപ്പെട്ടവരാണ്, എന്റെ ആരോഗ്യത്തെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി’, വിപിന്‍ പറഞ്ഞു.
ന്യൂസ്‌ലാന്റില്‍ ജോലി ചെയ്യുന്ന അനു രംഗനാഥ് ഓസ്ട്രേലിയയില്‍ നിന്നുള്ള നരേന്ദ്ര സിംഗ്, ബ്രിട്ടണില്‍ ജോലി ചെയ്യുന്ന ഷെര്‍ലിമോള്‍ പുരവാഡി എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് മൂന്ന് നഴ്സുമാര്‍.
ന്യൂസിലന്റ് എങ്ങനെയാണ് കൊവിഡ് മഹാമാരിയെപിടിച്ചു നിര്‍ത്തിയതെന്നും കൊവിഡ് വ്യാപനത്തെ തടയാന്‍ അവര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും രാഹുല്‍ ഗാന്ധി ആരാഞ്ഞെന്നും വിപിന്‍ പറഞ്ഞു.
തികച്ചും അപ്രതീക്ഷിതമായിട്ടാണ് ചര്‍ച്ചയില്‍ പങ്കെടുക്കാനായി രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നിന്ന് ക്ഷണം ലഭിച്ചതെന്നും
ഏറെ സന്തോഷം തോന്നിയെന്നും വിപിന്‍ പറഞ്ഞു.
കൊവിഡ് വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ കോണുകളിലുള്ള ആരോഗ്യപ്രവര്‍ത്തകരുമായി രാഹുല്‍ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്ന സംഭാഷണ പരമ്പരയിലെ ഏറ്റവും പുതിയ എപ്പിസോഡാണ് ബുധനാഴ്ച സംപ്രേഷണം ചെയ്ത്.
വിവിധ വിദഗ്ധരുമായുള്ള സംഭാഷണത്തിന്റെ ഭാഗമായി രാഹുല്‍ ആഗോള സാമ്പത്തിക ശാസ്ത്രജ്ഞരായ രഘുറാം രാജന്‍, അഭിജിത് ബാനര്‍ജി എന്നിവരുമായും സംവദിച്ചിരുന്നു.
കൊവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തര്‍ നടത്തുന്ന സേവനങ്ങള്‍ക്ക് രാജ്യം കടപ്പെട്ടിരിക്കുന്നതായി രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക