| Saturday, 14th January 2023, 12:28 pm

ഇന്ത്യൻ ഫുട്ബോളിനെ കാത്തിരിക്കുന്നത് വൻ അവസരങ്ങൾ; ഇനി കളിക്കുക ലോകോത്തര ടൂർണമെന്റുകളിൽ

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (WAFF) ടൂർണമെന്റിലേക്ക് ഇന്ത്യൻ ഫുട്ബോൾ ടീമിന് അടുത്തിടെ ക്ഷണം ലഭിച്ചിരുന്നു.

ഖത്തർ ലോകകപ്പിൽ മത്സരിച്ച ഖത്തർ, സൗദി അറേബ്യ, കൂടാതെ ഏഷ്യയിലെ തന്നെ മികച്ച ടീമുകളായ ജോർദാൻ, യു.എ.ഇ, ബഹറൈൻ, സിറിയ, ഇറാഖ്, ഒമാൻ, കുവൈറ്റ്, ലെബനൻ, യെമൻ, ഫലസ്തീൻ എന്നീ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലേക്കാണ് ഇന്ത്യൻ ടീമിന് ക്ഷണം ലഭിച്ചിരുന്നത്.

ടൈംസ് ഓഫ് ഇന്ത്യയാണ് WAFF ലേക്ക് ഇന്ത്യൻ ടീമിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്ത് വിട്ടത്.

ഇതോടെ റാങ്കിങ്ങിൽ താഴെയുള്ള ദുർബലരായ ടീമുകളോട് മാത്രം സൗഹൃദ മത്സരം കളിച്ച് മുന്നേറുന്ന ഇന്ത്യൻ ടീമിന് മികച്ച അവസരമാണ് ഈ ടൂർണമെന്റിൽ കളിക്കുന്നതിലൂടെ കൈവരുന്നത് എന്നാണ് ഫുട്ബോൾ വിദഗ്ധരടക്കം അഭിപ്രായപ്പെടുന്നത്.

ഇതിനൊപ്പം അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പ്‌ ടൂർണമെന്റിലും ഇന്ത്യൻ ടീമിന് യോഗ്യത ലഭിച്ചിട്ടുണ്ട്. ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ടീമുകളുടെ എണ്ണം 24 ആയി വർധിപ്പിച്ച ഫിഫയുടെ   തീരുമാന ഫലമായാണ് ഇന്ത്യക്ക് ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാൻ സാധിച്ചത്. യോഗ്യതാ മത്സരത്തിൽ മൂന്നാം റൗണ്ടിലെ ഗ്രൂപ്പ്‌ ചാമ്പ്യൻമാരായാണ് ഇന്ത്യൻ ടീം ഏഷ്യ കപ്പിന് യോഗ്യത നേടിയത്.

2023ലെ ഏഷ്യൻ കപ്പിലും വെസ്റ്റ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പിലും കളിക്കാൻ അവസരം ലഭിക്കുന്നതോടെ വലിയ പരിചയ സമ്പത്തും അവസരങ്ങളുമാണ് ഇന്ത്യൻ താരങ്ങളെ തേടിയെത്തുക.

യൂറോപ്പിലെ മികച്ച ലീഗുകളിലടക്കം മത്സരിക്കുന്ന താരങ്ങളോട് എതിരിടാനുള്ള അവസരമാണ് ഇതോടെ ഇന്ത്യൻ ടീമിന് കൈ വരുന്നത്. കൂടാതെ ഇന്ത്യയിലെ യുവ താരങ്ങൾക്ക് കൂടുതൽ ശക്തമായ എതിരാളികളോട് ഏറ്റുമുട്ടി തങ്ങളുടെ പരിമിതികൾ മനസിലാക്കാനും അവയെ മറികടക്കാനും ലഭിക്കുന്ന ഒരു സുവർണാവസരമാണ് ഈ ടൂർണമെന്റുകൾ.

ഇതിനൊപ്പം  ഇന്ത്യയിലെ ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ഐ.എസ്.എല്ലും ഇപ്പോൾ പുരോഗതിയുടെ പാതയിലാണ്.
ആദ്യ സീസണുകളിൽ പ്രായമേറിയ വിദേശ താരങ്ങൾ കളിക്കുന്ന ലീഗ് എന്ന ചീത്തപ്പേരുണ്ടായിരുന്ന ഐ.എസ്.എല്ലിലേക്ക് ഇപ്പോൾ കൂടുതലായും യുവതാരങ്ങളും, മികച്ച യൂറോപ്യൻ,ആഫ്രിക്കൻ താരങ്ങളുമാണ് കളിക്കാൻ എത്തുന്നത്.

അതിനൊപ്പം വിദേശ ക്ലബ്ബുകളിൽ നിന്നും മികച്ച താരങ്ങളെ ലോണിന് തങ്ങളുടെ തട്ടകത്തിലെത്തിക്കാനും ഇന്ത്യൻ ക്ലബ്ബുകൾക്ക് സാധിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ മികച്ച വിദേശ താരങ്ങൾക്കൊപ്പം കളിക്കാനും, പരിശീലിക്കാനും അവരോട് ഏറ്റുമുട്ടാനും കൂടുതൽ ഇന്ത്യൻ താരങ്ങൾക്ക് ഐ.എസ്. എല്ലിലൂടെ അവസരം ലഭിക്കുകയും ഇത് ഇന്ത്യൻ രാജ്യാന്തര ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിലേക്കും ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷൻ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്നതിനും സഹായിക്കും.

കൂടാതെ ലോകകപ്പിൽ കളിക്കാൻ ഇന്ത്യൻ ടീമിന് അവസരം ലഭിക്കാൻ സാധ്യത കൂടുന്നതായും ഇപ്പോൾ റിപ്പോർട്ടുകളുണ്ട്. ലോകകപ്പിൽ മത്സരിക്കുന്ന ടീമുകളുടെ എണ്ണം വർധിപ്പിക്കാൻ ഫിഫക്ക് താല്പര്യമുണ്ടെന്നും ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വലിയ അവസരം നൽകുന്നുണ്ടെന്നും അടുത്തിടെ ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോയുടെ പ്രസ്താവന അടുത്തിടെ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ച ആഗ്രഹിക്കുന്നവർക്ക് വലിയ പ്രചോദനം നൽകുന്നതായിരുന്നു.

കൂടുതൽ രാജ്യാന്തര ടൂർണമെന്റുകൾ കളിക്കാൻ ഇന്ത്യൻ ടീമിന് അവസരം കിട്ടുകയും, ഐ.എസ്.എല്ലിന്റെ നിലവാരം വർധിക്കുകയും ചെയ്‌താൽ ലോകകപ്പ് അടക്കമുള്ള ടൂർണമെന്റുകളിൽ കളിക്കാനുള്ള ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നത് ഇന്ത്യൻ ടീമിന് അനുകൂലമായി ഭവിക്കും എന്നാണ് ഫുട്ബോൾ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Content Highlights:Huge opportunities await Indian football team; indian team already qualify world-class tournaments

Latest Stories

We use cookies to give you the best possible experience. Learn more