| Friday, 16th December 2022, 10:01 am

വരുന്നത് വമ്പൻ ഓഫറുകൾ; ലോകകപ്പിന് ശേഷം അർജന്റൈൻ കോച്ച് ടീമിൽ തുടരുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയ ശേഷം അവിശ്വസനീയമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് അർജന്റീന.

ഡിസംബർ 18ന് ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് ലോകകപ്പ് ഫൈനലിൽ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീനയും കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻമാരായ ഫ്രാൻസും തമ്മിൽ കിരീടധാരണത്തിനായി പരസ്പരം ഏറ്റുമുട്ടും.

ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും ജയിച്ച് കയറുന്നവരായിരിക്കും ഇനിയൊരു നാല് വർഷത്തേക്ക് ഫുട്ബോളിലെ വിശ്വജേതാക്കൾക്കുള്ള കിരീടം ശിരസ്സിലണിയുന്നത്.

ലോകകപ്പിൽ അർജന്റീന മുന്നേറുന്നത് പരിശീലകനായ സ്കലോണിയുടെ തന്ത്രങ്ങളുടെ പിൻബലത്തിലാണ്. 2018 മുതൽ അർജന്റീനയുടെ പരിശീലക സ്ഥാനത്ത് തുടരുന്ന സ്കലോണി കോപ്പ അമേരിക്ക, ഫൈനലിസിമ അടക്കം നിരവധി നേട്ടങ്ങൾ അർജന്റൈൻ ദേശീയ ഫുട്ബോൾ ടീമിന് നേടിക്കൊടുത്തു.
കൂടാതെ തുടർച്ചയായ 36 കളികൾ പരാജയമറിയാതെ അർജന്റീന മുന്നേറിയതും സ്കലോണിയുടെ നേതൃത്വത്തിലാണ്.


നിലവിൽ 2026 ലോകകപ്പ് വരെ അർജന്റൈൻ ദേശീയ ടീമുമായി സ്കലോണിക്ക് കരാറുണ്ട്.
സ്കലോണി 2026 വരെ ടീമിൽ കരാർ വർധിപ്പിച്ച വിവരം കഴിഞ്ഞ സെപ്റ്റംബറിൽ അർജന്റൈൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്‌ ഫാബിയാൻ താപ്പിയ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.


“സ്കലോണി 2026വരെ അർജന്റീനയുടെ മുഖ്യ പരിശീലക സ്ഥാനത്ത് തുടരുമെന്ന് നിങ്ങളോട് അതിയായ സന്തോഷത്തോടെ ഞാൻ അറിയിക്കുകയാണ്. ദേശീയ ടീമിന്റെ ഭാഗമായുള്ള അടുത്ത പദ്ധതികൾ ഞങ്ങൾ ഉടൻ തന്നെ ചർച്ച ചെയ്യും,’ അദ്ദേഹം പറഞ്ഞു.

എന്നാൽ അർജന്റീനയെ ലോകകപ്പ് ഫൈനലിൽ എത്തിച്ചതോടെ സ്കലോണിയുടെ മൂല്യം വലിയ തോതിൽ ഉയർന്നിരിക്കുകയാണ്. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ നിന്നടക്കം അദ്ദേഹത്തിന് മികച്ച ഓഫറുകൾ വരുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം സ്കലോണിക്ക് അർജന്റീനയിൽ തുടരാൻ തന്നെയാണ് താല്പര്യമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

“എനിക്ക് അർജന്റീനയിൽ തുടരാൻ തന്നെയാണ് താൽപര്യം, ആരാണ് അർജന്റീനയെപോലുള്ള ഒരു ടീം വിട്ട് പോവുക, ടീം പ്രസിഡന്റുമായി നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകാൻ എനിക്ക് കഴിയുന്നുണ്ട്. ഞങ്ങൾ തമ്മിൽ ചർച്ചകൾ നടക്കുകയാണ്. അത് ശരിയായ രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു,’ ലോകകപ്പിന് മുമ്പ് സ്കലോണി മാധ്യമങ്ങളെ അറിയിച്ചിരുന്നു.


എന്നാൽ ലോകകപ്പ് സമയത്ത് വിഷയത്തെ സംബന്ധിച്ച ചർച്ചകളിൽ നിന്നെല്ലാം സ്കലോണി വിട്ട് നിൽക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
അതേസമയം ഖത്തറിൽ നിന്നും ലോകകിരീടം സ്വന്തമാക്കാൻ സാധിച്ചാൽ 1986ന് ശേഷം 36 വർഷങ്ങൾക്കിപ്പുറം ഒരു ലോകകപ്പ് കിരീടം എന്ന അർജന്റീനയുടെ സ്വപ്‌നങ്ങൾ പൂവണിയും.

Content Highlights:Huge offers are coming; Will the Argentina coach leave the team after the World Cup

We use cookies to give you the best possible experience. Learn more