[]മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരം നേരിട്ട് കാണാനുള്ള ടിക്കറ്റിനായി ആരാധകരുടെ വന്‍ തിരക്ക്.
യു.എസ് അടക്കം ലോകമെമ്പാടുമുള്ള ആരാധകര്‍ ടിക്കറ്റിനായി സമീപിക്കുന്നുണ്ടെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടും കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍ പറഞ്ഞു.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് സച്ചിന്‍ വിടവാങ്ങല്‍ മത്സരം കളിക്കുന്നത്. വിന്‍ഡീസിനെതിരായ ഈ ടെസ്റ്റ് മത്സരം സച്ചിന്റെ 200-ാം മത്തെ ടെസ്റ്റ് മത്സരം കൂടിയാണ്.
അമേരിക്കയോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നും ടിക്കറ്റിനായി ആരാധകര്‍ രംഗത്തുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ടിക്കറ്റ് ലഭ്യമാക്കാനാവുമോ എന്ന് സംശയമാണ് ശരദ് പവ്വാര്‍ പറഞ്ഞു.
ബി.സി.സി.ഐ, അസോസിയേഷന്റെ കീഴിലുള്ള വിവിധ ക്ലബ്ബുകള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ക്ക് പ്രാഥമിക പരിഗണ നല്‍കിയ ശേഷം പൊതുജനങ്ങള്‍ക്കായി എത്ര ടിക്കറ്റ് അനുവദിക്കാനാവുമെന്ന് അറിയില്ലെന്നും പവ്വാര്‍ പറഞ്ഞു.
സച്ചിന്‍ രണ്ടായിരം ടിക്കറ്റുകള്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത പവ്വാര്‍ നിഷേധിച്ചു. സച്ചിന്‍ ഒരു ടിക്കറ്റ് പോലും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ സച്ചിന് 500 ടിക്കറ്റ് നല്‍കാന്‍ തിങ്കളാഴ്ച ചേര്‍ന്ന എം.സി.എ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു.
മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ പവ്വാര്‍ പറഞ്ഞു. സച്ചിന്റെ വിടവാങ്ങല്‍ മത്സരം സംഭവബഹുലമാക്കാന്‍ തന്നെയാണ് എം.സി.എ അധികൃതരുടെ തീരുമാനം.
ടിക്കറ്റിന്റെ രണ്ട് വശത്തും സച്ചിന്റെ ഫോട്ടോ പ്രിന്റ് ചെയ്യുന്നുണ്ട്. കൂടാതെ സച്ചിന്റെ സംഭാവനകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഒരു സുവനീരും പുറത്തിറക്കാനും എം.സി.എക്ക് പദ്ധതിയുണ്ട്.