ഭീഷ്മ തരംഗം: തിയേറ്ററുകളുടെ മുന്നില്‍ ഗതാഗത കുരുക്ക്; വീഡിയോ
Film News
ഭീഷ്മ തരംഗം: തിയേറ്ററുകളുടെ മുന്നില്‍ ഗതാഗത കുരുക്ക്; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th March 2022, 9:39 am

കൊവിഡിന് ശേഷം പതിയെ തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തുന്ന തിയേറ്ററുകള്‍ക്ക് വലിയ ഉണര്‍വാണ് ഭീഷ്മ പര്‍വ്വം നല്‍കിയിരിക്കുന്നത്. ഭീഷ്മ പര്‍വത്തിന്റെ ടിക്കറ്റ് ലഭിക്കാനായി തിയേറ്ററുകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് രൂപപ്പെടുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് മുന്നില്‍ വലിയ ഗതാഗത കുരുക്ക് സൃഷ്ടിക്കപ്പെടുന്ന സ്ഥിതിയുമുണ്ടാകുന്നുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് മാവൂര്‍ റോഡിലെ കൈരളി ശ്രീ തിയേറ്ററിന് മുന്നില്‍ രൂപപ്പെട്ട ഗതാഗത കുരുക്കിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അരയിടത്ത് പാലം വരെ നീണ്ട ഗതാഗത കുരുക്കാണ് മാവൂര്‍ റോഡിലുണ്ടായത്.

400 ഓളം സ്‌ക്രീനില്‍ കളിച്ചിട്ടും ഓരോ ദിവസം കൂടുതോറും, കൂടെയുള്ള പടങ്ങളുടെ എല്ലാം തിയേറ്റര്‍ എടുത്ത് കളിച്ചിട്ടും അഡീഷണല്‍ പുലര്‍ച്ചെ ഷോകള്‍ ഓടിയിട്ടും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണുള്ളത്.

പല തിയേറ്ററുകളും സോഷ്യല്‍ മീഡിയ പേജുകളില്‍ ആളുകള്‍ തിയേറ്ററിലെ തിരക്കും എക്‌സ്ട്രാ പ്ലാസ്റ്റിക് കസേരകളിട്ടും സിനിമ കാണുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു. ചുരുക്കി പറഞ്ഞാല്‍ ഭീഷ്മ തരംഗമാണ് തിയേറ്ററുകളില്‍.

വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സൗദി അറേബ്യയിലെ ജിദ്ദയില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിരുന്നു. ജിദ്ദ ജാമിഅ പ്ലാസയിലെ സിനി പോളിസ് തിയേറ്ററില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് രണ്ട് സ്‌ക്രീനുകളിലായാണ് ഫാന്‍സ് ഷോ സംഘടിപ്പിച്ചത്.

മാര്‍ച്ച് മൂന്നിനാണ് ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണമായിരുന്നു ആദ്യ ദിനം തന്നെ തിയറ്ററുകളില്‍ നിന്ന് കിട്ടിയത്. ചലച്ചിത്രവര്‍ത്തകരടക്കം സിനിമയെ ഏറ്റെടുത്തു

ആക്ഷനിലും സംഭാഷണങ്ങളിലും മ്യൂസികിലും ഭീഷ്മ പര്‍വ്വത്തിന് വലിയ മികവ് കാട്ടാനായി. സംവിധായകന്‍ അമല്‍ നീരദിന്റെ സ്‌റ്റൈലിഷ് മേക്കിംഗ് തന്നെയാണ് ഭീഷ്മ പര്‍വത്തിന്റെ പ്രധാന ആകര്‍ഷണം.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അനഘ, ശ്രിന്ദ, ലെന, നദിയ മൊയ്തു, ഫര്‍ഹാന്‍ ഫാസില്‍, മാലാ പാര്‍വതി, ജിനു ജോസഫ്, റംസാന്‍, സുദേവ് നായര്‍, നെടുമുടി വേണു, കെ.പി.എ.സി ലളിത തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.


Content Highlight: huge crowd in front of the theaters to get tickets for Bhishma Parvam