| Tuesday, 27th July 2021, 5:53 pm

ജര്‍മ്മനിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം, ജാഗ്രതാ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വൻ സ്‌ഫോടനം. സ്‌ഫോടനത്തില്‍ 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.  ജര്‍മ്മന്‍ നഗരമായ ലെവര്‍കുസെനിലെ കെമിക്കല്‍ പാര്‍ക്കില്‍ ചൊവ്വാഴ്ചയാണ് വന്‍ സ്‌ഫോടനമുണ്ടായത്.

പാര്‍ക്കിന്റെ പരിസരത്ത് താമസിക്കുന്നവരോട് വീട്ടിനുള്ളില്‍ തന്നെ ഇരിക്കാന്‍ അധികൃധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കെമിക്കല്‍ ഫാക്ടറിയുടെ മാലിന്യ നിര്‍മാര്‍ജന പ്ലാന്റില്‍ നിന്നാണ് അപകടരമായ സ്‌ഫോടനം ഉണ്ടായതെന്ന് ജര്‍മ്മനിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനാലകള്‍ അടച്ച് വീടിനകത്ത് കഴിയാന്‍ പ്രദേശവാസികളോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്ട്.

വലിയ സ്ഫോടനമാണുണ്ടായതെന്നും അതിന്റെ പ്രകമ്പനം കിലോമീറ്റര്‍ ദൂരത്തേക്ക് വരെ അനുഭവപ്പെട്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. സ്ഫോടനത്തിന്റെ തീവ്രതയില്‍ ചില വീടുകള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

സ്‌ഫോടനം നടന്ന ലെവര്‍കുസെന്റെ ബ്യൂറിഗ് ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ നിന്ന് പുക ഉയരുന്ന നിരവധി ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബയര്‍, ഇവോണിക് ഇന്‍ഡസ്ട്രീസ്, ലാന്‍സെസ് എന്നിവയുള്‍പ്പെടെ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ പാര്‍ക്കിലാണ് വലിയ അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തിന്റെ നഷ്ടം ഇതുവരെ തിട്ടപ്പെടുത്തിയിട്ടല്ല, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Huge Blast At German Chemical Site, 5 Missing, 16 Injured

Latest Stories

We use cookies to give you the best possible experience. Learn more