ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നയങ്ങള്‍ക്കെതിരെ ഹംഗറിയില്‍ സമാധാന മാര്‍ച്ച്
World News
ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നയങ്ങള്‍ക്കെതിരെ ഹംഗറിയില്‍ സമാധാന മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2024, 4:44 pm

ബുഡാപെസ്റ്റ്: യൂറോപ്യന്‍ യൂണിയന്റെ നയത്തിനെതിരെ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ സമാധാന റാലിയുമായി പ്രതിഷേധക്കാര്‍. ഉക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കുന്ന യൂറോപ്യന്‍ യൂണിയന്റെ നിലപാടിനെതിരെയായിരുന്നു സമാധാന മാര്‍ച്ച്.

ചെയിന്‍ ബ്രിഡ്ജില്‍ നിന്ന് ഡാന്യൂബ് നദിയിലെ മാര്‍ഗരറ്റ് ദ്വീപിലേക്ക് പ്രകടനക്കാര്‍ മാര്‍ച്ച് നടത്തി. പതാകകളും ബോര്‍ഡുകളും ഉയര്‍ത്തിയാണ് ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. ‘യുദ്ധം വേണ്ട’ , ‘ കര്‍ത്താവെ തങ്ങള്‍ക്ക് സമാധാനം തരണമേ’ എന്നിങ്ങനെയെഴുതിയ ബോര്‍ഡുകളാണ് മാര്‍ച്ചില്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ പ്രസംഗത്തോടെയാണ് പരിപാടി അവസാനിച്ചത്. ‘ഇത്രയധികം ആളുകള്‍ ഇതുവരെ സമാധാനത്തിനു വേണ്ടി ഇങ്ങനെ അണിനിരന്നിട്ടില്ല. ഞങ്ങള്‍ ഏറ്റവും വലിയ സമാധാനസേനയാണ്. സമാധാനത്തിനു വേണ്ടി ഞങ്ങള്‍ എക്കാലത്തും നിലകൊള്ളും,’ വിക്ടര്‍ ഓര്‍ബന്‍ പറഞ്ഞു. യൂറോപ്പ് സ്വന്തം നാശത്തിലേക്കാണ് കുതിക്കുന്നതെന്നും യുദ്ധത്തില്‍ നിന്നും അവര്‍ പിന്തിരിയുന്നതാണ് യൂണിയന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തയാഴ്ച നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഫിഡെസ് പാര്‍ട്ടിയുടെ സമാധാനത്തിനും പരമാധികാരത്തിനും അനുകൂലമായ അജണ്ടയെ പിന്തുണയ്ക്കാന്‍ ഓര്‍ബന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. യൂറോപ്യന്‍ യൂണിയന്‍ മോസ്‌കോയില്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളെ ഓര്‍ബന്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. 2022 ഫെബ്രുവരിയിലാണ് ഉക്രൈനില്‍ റഷ്യയുടെ സൈനിക നടപടി ആരംഭിച്ചത്.

Content Highlight: Huge anti-war rally in NATO member’s capital