'ഇസ്രഈലികൾ ഇനി നിങ്ങളുടെ ഉത്പന്നങ്ങൾ വാങ്ങില്ല'; രക്തം പുരണ്ട പണം തനിക്ക് വേണ്ടെന്ന് ഹുദാ ബ്യൂട്ടി സ്ഥാപക
ദുബായ്: ഫലസ്തീനെ പിന്തുണക്കുന്നത് തുടർന്നാൽ ആഗോള കോസ്മെറ്റിക് ബ്രാൻഡായ ഹുദാ ബ്യൂട്ടിയുടെ ഉത്പന്നങ്ങൾ ഇസ്രഈലുകാർ വാങ്ങില്ലെന്ന ഭീഷണിക്ക് മറുപടിയുമായി ബ്രാൻഡ് ഉടമ ഹുദ കറ്റാൻ. എനിക്ക് രക്തം പുരണ്ട പണം വേണ്ടാ എന്നായിരുന്നു ഹുദാ കറ്റാന്റെ മറുപടി.
ഹുദാ ബ്യൂട്ടിയുടെ ഉത്പന്നങ്ങൾ ലോകമെമ്പാടുമുള്ള ഇസ്രഈലുകാർ ഇഷ്ടപ്പെടുന്നുണ്ടെന്നും ഫലസ്തീൻ അനുകൂല നിലപാട് തുടർന്നാൽ ബ്രാൻഡിന്റെ വിപണിമൂല്യം തകരുമെന്നുമുള്ള ഇൻസ്റ്റഗ്രാം കമെന്റിനായിരുന്നു കറ്റാന്റെ മറുപടി.
‘നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. ലോകത്തെമ്പാടുമുള്ള ഇസ്രഈലികൾക്ക് നിങ്ങളെയും നിങ്ങളുടെ ഉത്പന്നങ്ങളെയും ഇഷ്ടമാണ്. അവരുടെ പണം ലഭിച്ചിട്ടും നിങ്ങൾ തെരഞ്ഞെടുത്തത് ഗസയെ. അതുകൊണ്ട് ഓർത്തോളൂ. ഇസ്രഈലികൾ ഇനിമുതൽ നിങ്ങളുടെ ഉത്പന്നങ്ങൾ വാങ്ങില്ല.
അത് വളരെ കഷ്ടമായിരിക്കും, കാരണം ഞങ്ങൾ ഒരുപാട് പർച്ചേസ് ചെയ്യുന്നവരാണ്. നിങ്ങളിൽ നിക്ഷേപം നടത്താൻ മാത്രം പണം ഗസയുടെ കൈവശമില്ല. അവർക്ക് ആയുധങ്ങളിൽ നിക്ഷേപം നടത്താനാണ് താല്പര്യം. അങ്ങനെയാണ് ഒരു കമ്പനിയുടെ ഓഹരി ഇടിയാൻ പോകുന്നത്,’ തോഹർ സാഗി എന്ന ഇസ്രഈലി അക്കൗണ്ടിൽ നിന്ന് വന്ന കമന്റിൽ പറയുന്നു.
ഇൻസ്റ്റഗ്രാമിൽ 30 ലക്ഷം ഫോളോവേഴ്‌സുള്ള ഹുദ കറ്റാൻ സമീപ ദിവസങ്ങളിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. 53.6 മില്യൺ ഫോളോവേഴ്‌സുള്ള ഹുദാ ബ്യൂട്ടിയുടെ ഔദ്യോഗിക പേജിലും ഫലസ്തീൻ അനുകൂല പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.
2013ൽ ഹുദാ കറ്റാൻ ആരംഭിച്ച കോസ്മെറ്റിക്സ് ബ്രാൻഡാണ് ഹുദാ ബ്യൂട്ടി. 2017ൽ ടൈംസിന്റെ ‘ഇന്റർനെറ്റിൽ ഏറ്റവും സ്വാധീനമുള്ള 25 പേരുടെ’ പട്ടികയിൽ ഹുദാ കറ്റാൻ ഇടംപിടിച്ചിരുന്നു. ലോകത്തെ സമ്പന്നയായ സെൽഫ് മെയ്ഡ് വനിതകളിലൊരാളായും ഏറ്റവും മികച്ച മൂന്ന് ബ്യൂട്ടി ഇൻഫ്ലുവൻസർമാരിലൊരാളായും ഫോബ്സിന്റെ പട്ടികയിലും ഹുദാ കറ്റാൻ ഇടം നേടിയിരുന്നു.
Content Highlight: Huda Beauty in Solidarity with Palestine; Will lose business says Israel accounts in social media