| Wednesday, 28th March 2018, 3:25 pm

'ഇതാ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫോണ്‍'; മുന്‍പെങ്ങുമില്ലാത്ത ഫീച്ചറുകളുമായി വാവെയ് പി20 പ്രൊ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാവെയ്‌യുടെ ഫ്‌ളാഗ്ഷിപ്പ് സീരീസായ പി സീരീസില്‍ ഏറ്റവും പുതിയ ഫോണ്‍ പി20 പുറത്തിറക്കി. പി20, പി20 പ്രൊ എന്നീ രണ്ട് പതിപ്പുകളാണ് പുറത്തിറക്കിയത്. ഈ വര്‍ഷം ഇറങ്ങിയ മറ്റൊരു ഫോണിനുമില്ലാത്ത വിധം മികച്ച ഫീച്ചറുകളുമായാണ് പി20 പ്രൊ എത്തുന്നത്. ഏറ്റവും മികച്ച ക്യാമറയെന്നാണ് വാവെയ് പി20 പ്രൊയില്‍ അവകാശപ്പെടുന്നത്. മൂന്ന് പിന്‍ ക്യാമറകളാണ് ഫോണിനെ ഇന്നോളം ഇറങ്ങിയ മറ്റ് ഫോണുകളില്‍ നിന്നും മികച്ച ക്യാമറ ഫോണാക്കുന്നത്. സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിനൊപ്പം ഗൂഗിള്‍ അസിസ്റ്റും ചേര്‍ന്ന പി20 ഏറ്റവും ബുദ്ധിയുള്ള ഫോണായും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. നിരവധി സെന്‍സറുകളുടെ സാനിധ്യത്തോടെയെത്തുന്ന പി20 പ്രൊ വിപണി പിടിച്ചടക്കുമെന്ന കാര്യത്തില്‍ ടെക് ലോകത്തിന് സംശയമില്ല.

40 മെഗാപിക്‌സലിന്റെയും 20 മെഗാപിക്‌സലിന്റെയും രണ്ട് പിന്‍ ക്യാമറയ്‌ക്കൊപ്പം 8 മെഗാപിക്‌സലിന്റെ ഒരു ക്യാമറ കൂടി ചിത്രങ്ങള്‍ക്ക് മിഴിവ് പകരാനുണ്ട്. 24 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറയുടെ ശേഷി. ഫോക്കസിനായി ഒരു ലെയ്‌സര്‍ ട്രാന്‍സീവര്‍, കളര്‍ ടെംപറേച്ചര്‍ സെന്‍സര്‍ ഉപയോഗിച്ചുള്ള കൃത്യമായ വൈറ്റ് ബാലന്‍സിംഗ് തുടങ്ങിയവയാണ് ക്യാമറയെ മികച്ചതാക്കുന്നത്. ചലിക്കുന്ന വസ്തുക്കളില്‍ ഓട്ടോ ഫോക്കസ് ചെയ്യാനാവുന്ന പ്രെഡിക്റ്റീവ് ഫോക്കസ് ആണ് ക്യാമറയുടെ മറ്റൊരു പ്രത്യേകത. 102,400 ഐ.എസ്.ഓ എന്ന ഫീച്ചറും ആരെയും മോഹിപ്പിക്കുന്നതാണ്. പ്രൊഫഷനല്‍ ക്യാമറാമാന്മാരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പ്രൊയില്‍ ക്യാമറ വികസിപ്പിച്ചതെന്ന് കമ്പനി പറയുന്നു.

ഐഫോണിന് സമാനമാണ് പി20 പ്രൊയുടെ ഡിസൈന്‍. എന്നാല്‍ ഐഫോണിന് പറ്റിയ പിഴവുകള്‍ പരിഹരിച്ചാണ് വാവെയ് മുന്നിട്ട് നില്‍ക്കുന്നത്. ഡിസ്‌പ്ലേയിലെ നൊച്ച് ആണ് ഐ ഫോണ്‍ നേരിട്ട വലിയ വിമര്‍ശനങ്ങളിലൊന്ന്, എന്നാല്‍ വിദഗ്ദമായ രീതിയിലാണ് വാവെയ് തങ്ങളുടെ ഫോണില്‍ നൊച്ച് സ്ഥാപിച്ചത്. ആവശ്യമില്ലാത്തവര്‍ക്ക് ഹൈഡ് ചെയ്യാവുന്ന രീതിയില്‍ സോഫ്‌റ്റ്വെയര്‍ സംവിധാനമൊരുക്കിയാണ് കമ്പനി ഇത് സാധിച്ചത്. നൊച്ച് ഒരു ശല്യമായി തോന്നുന്നവര്‍ക്ക് അതിനിരുവശവും സ്‌ക്രീന്‍ മാസ്‌ക് ചെയ്ത് ടോപ് ബാസല്‍ ആണെന്ന് തോന്നിക്കും വിധമാണ് ഇത് സ്ഥാപിച്ചത്. നൊച്ചിനകത്ത് തന്നെയാണ് സെല്‍ഫി ക്യാമറയും ഉള്‍പ്പെടുത്തിയത്.


Read Also: അഴിമതിക്കേസില്‍ അകത്തായ ജനാര്‍ദ്ദന റെഡ്ഡിയെ ബി.ജെ.പി കര്‍ണാടകയില്‍ മത്സരിപ്പിക്കുമെന്ന് സഹോദരന്‍


ബാസലും ഡിസ്‌പ്ലേയും തിരിച്ചറിയാനാവാത്തവിധത്തിലുള്ള കൃത്യമായ കറുപ്പിലാണ് പി20യുടെ ഓലഡ് സ്‌ക്രീന്‍. 6.3 ഇഞ്ചാണ് സ്‌ക്രീന്‍ വലിപ്പം. വലിയ സ്‌ക്രീനുകളാണെങ്കിലും ചെറിയ കൈകളുള്ളവര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തില്‍ ഒതുക്കമുള്ള ഡിസൈനാണ് വാവെയ് സ്വീകരിച്ചത്. 2240×1080 റെസല്യൂഷനുള്ള സ്‌ക്രീനിന് 18.7×9 അനുപാതമാണുള്ളത്.

പരമ്പരാഗത വാവെയ് മോഡലിനെ പിന്തുടര്‍ന്ന് മുന്‍വശത്ത് താഴെയായി തന്നെയാണ് ഹോം ബട്ടന്‍ നല്‍കിയിട്ടുള്ളത്. ഫിംഗര്‍പ്രിന്റ് സെന്‍സറും ഹോം ബട്ടനില്‍ തന്നെയാണ്. പുതിയ ഫോണിന് ഐ.പി67 വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിംഗ് ഉണ്ട്. വാവെയ് തന്നെ വികസിപ്പിച്ചെടുത്ത കിരിന്‍ 970 പ്രൊസസ്സറാണ് പി20ക്കും പി20 പ്രൊയ്ക്കും കരുത്ത് പകരുന്നത്. ന്യൂറല്‍ പ്രൊസസിംഗ് ശക്തിയുള്ള ചിപ്പാണിത്. സ്പീഡ് ഫേസ് ലോക്ക് സംവിധാനത്തില്‍ അര സെക്കന്റ് കൊണ്ട് ഫോണ്‍ തുറക്കാനാവും.

6 ജി.ബിയാണ് റാം. 128 ജി.ബി സ്റ്റോറേജും ലഭ്യമാണ്. 4000 mAh ആണ് ബാറ്ററി ശേഷി.

പി20

പി20 പ്രൊ മോഡലിന്റെ കുറഞ്ഞ പതിപ്പാണ് പി20. പ്രൊ മോഡലിന്റെ അതേ പ്രൊസസര്‍ ശേഷിയിലും കളര്‍ മോഡിലുമെത്തുന്ന പി20യില്‍ ചെറിയ വ്യത്യാസങ്ങളേ എടുത്ത് പറയാനുള്ളൂ. പ്രൊ മോഡലിലേത് പോലെ മൂന്നാം ക്യാമറ പി20യില്‍ ലഭ്യമല്ല. 24 എം.പിയുടെയും 12 എം.പിയുടേതുമായി രണ്ട് ക്യാമറകളാണ് പി20യിലുള്ളത്. 4 ജി.ബി റാമാണ് ഫോണിന്റെ ശേഷി. പ്രൊ മോഡലിലേത് പോലെ 128 ജി.ബി സ്റ്റോറേജ് പി20യിലും ലഭ്യമാണ്. 3400 mAh ആണ് ബാറ്ററി ശേഷി. ഇരു ഫോണുകളും മാര്‍ച്ച് 12ന് വിപണികളിലെത്തും.

ചിത്രങ്ങള്‍: ദി വെര്‍ജ്

We use cookies to give you the best possible experience. Learn more