| Wednesday, 23rd October 2024, 10:28 pm

ആന്‍ഡ്രോയിഡിനോട് വിടചൊല്ലി വാവെയ്; സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായുള്ള ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ചൈനീസ് കമ്പനിയായ വാവെയ്. ആന്‍ഡ്രോയിഡുമായുള്ള വര്‍ഷങ്ങളായുള്ള ബന്ധം ഉപേക്ഷിച്ച വാവെയ് സ്വന്തമായി നിര്‍മ്മിച്ച ഓപ്പറേറ്റിങ് സിസ്റ്റമായ ഹാര്‍മണി ഒ.എസ് നെക്സ്റ്റ് പുറത്തിറക്കി.

ഇതിന്റെ ഭാഗമായി വാവെയ് പുതുതായി പുറത്തിറക്കിയ ചില ഫോണുകളിലും ടാബ്‌ലെറ്റുകളിലും കമ്പനി പുതിയ ഒ.എസ് പരീക്ഷിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി പുതുതായി രൂപകല്‍പ്പന ചെയ്ത ഒ.എസിനായി 1500ലധികം ആപ്ലിക്കേഷനുകളും മെറ്റ സര്‍വീസുകളും കമ്പനി ലോഞ്ച് ചെയ്തിട്ടുണ്ട്. പുതിയ തീരുമാനത്തോട് കൂടി ഇനി മുതല്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ വാവെയ് ഫോണുകളില്‍ ലഭിക്കുകയില്ല.

എന്നാല്‍ കമ്പനി പുതുതായി ആപ്പുകള്‍ രൂപകല്‍പ്പന ചെയ്‌തെങ്കിലും പ്ലേ സ്റ്റോറില്‍ ലഭ്യമാകുന്ന ആപ്പുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് 110 ദശലക്ഷം ലൈന്‍സ് ഓഫ് കോഡ് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിനാല്‍ത്തന്നെ അത് മൊബൈല്‍ ഫോണുകളുടെ പ്രകടനം 30% മെച്ചപ്പെടുത്തുന്നുമെന്നും കമ്പനി പറയുന്നു. പുതിയ ഒ.എസ് വഴി ബാറ്ററി ലൈഫ് 56 മിനിറ്റ് അധികം ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ തത്ക്കാലം ചൈനയില്‍ മാത്രം ഹാര്‍മണി നെക്സ്റ്റ് പ്രാവര്‍ത്തികമാക്കാനാണ് കമ്പനി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ മറ്റ് അന്താരാഷ്ട്ര കമ്പനികളുമായി കൈകോര്‍ത്ത് കൂടുതല്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്. അമേരിക്കയുടെ ഉപരോധമുള്ളതിനാല്‍ ആന്‍ഡ്രോയിഡിനെ മാത്രം ആശ്രയിച്ചാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാവെയ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ പുതിയ തീരുമാനം വാവെയ്ക്ക് പുത്തന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.

പുതിയ ഒ.എസ് ആയ ഹാര്‍മണി നെക്സ്റ്റ് ഫോണുകളിലും ടാബുകള്‍ക്കും പുറമെ പിസികളിലും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി. വരും വര്‍ഷങ്ങളില്‍ വാവെയ് സിസ്റ്റങ്ങളില്‍ വിന്‍ഡോസ് ഉണ്ടാകില്ലെന്ന് കമ്പനി അധികൃതര്‍ അടുത്തിടെ അറിയിച്ചിരുന്നു.

Content Highlight: Huawei break ties with Android operating system

We use cookies to give you the best possible experience. Learn more