| Tuesday, 17th February 2015, 5:03 pm

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭാഗം: 16


ചോദ്യം 1

ഞാന്‍ സൗദി ആരോഗ്യ മന്ത്രാലയത്തില്‍ 2011 ഡിസംബര്‍ വരെ ഏകദേശം 3 വര്‍ഷത്തോളം, ജോലി ചെയ്തിരുന്നു. ഈ കാലയളവില്‍ ഒരു സൗദി ബാങ്കില്‍ നിന്ന് വലിയൊരു തുക ലോണ്‍ എടുത്തു. ബാങ്കിന്റെ പ്രൊമോഷന്‍ ആയിരുന്നതിനാല്‍ ഗാരന്റി വേണ്ടിവന്നില്ല. ഒരു  വര്‍ഷത്തിന് മേല്‍ മാസാമാസം നിശ്ചിത ഇന്‍സ്റ്റാള്‍മെന്റ് തുക തിരിച്ചടച്ചു. അതിനുശേഷം തിരിച്ചടക്കാന്‍ കഴിഞ്ഞില്ല. 35ഓളം ഇന്‍സ്ടാള്‍മെന്റ് ഇനിയും  അടക്കാനുണ്ട്.  ഇതിനിടക്ക് അവധിക്ക് നാട്ടില്‍ പോയ എനിക്ക് കുടുംബപ്രശ്‌നങ്ങള്‍ കാരണം തിരിച്ചുവരാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ എനിക്ക് വീണ്ടും ആരോഗ്യ മന്ത്രാലയത്തില്‍ ഒരു ജോലി ശരിയായിട്ടുണ്ട്. എനിക്ക് വിസ അടിക്കുന്നതിനും സൗദിയില്‍ പോകുന്നതിനും ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിനും എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുമോ?

രാജീവ്, കൊച്ചി


ഉത്തരം


ഗാരന്റി ഇല്ലാതെ കിട്ടി എന്ന ഒറ്റക്കാരണത്താല്‍ ലോണ്‍ തുക മുഴുവന്‍ തിരിച്ചടക്കാതെ സൗദി വിട്ടത് ഉചിതമായില്ല. വ്യക്തിപരമായി പ്രശ്‌നങ്ങള്‍ പലതും ക്ഷണിച്ചു വരുത്തുന്നതിന് പുറമേ ഒരു സമൂഹമെന്ന നിലയില്‍ ഇന്ത്യാക്കാരോടുള്ള വിപരീതമനോഭാവം സൗദികളില്‍ ഉണ്ടാകുന്നതിനും ഇത്തരം സംഭവങ്ങള്‍ വഴിവെക്കും എന്ന് ആമുഖമായി പറയട്ടെ. ഇനി ചോദ്യത്തിലേക്ക് വരാം:

ഗാരന്റി ഇല്ലാതെ എടുത്ത ലോണ്‍ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ കാര്യത്തില്‍ ഓരോ ബാങ്കും വ്യത്യസ്തമായ സമീപനങ്ങളാണ് കൈക്കൊള്ളാറുള്ളത്. എങ്കിലും 6 മാസം തുടര്‍ച്ചയായി മാസവരി അടച്ചില്ലെങ്കില്‍ ബാങ്കുകള്‍ വിഷയം കേന്ദ്രബാങ്കായ  “സാമ”യെ  (സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി) അറിയിക്കുകയും സാമ ലോണ്‍ വീഴ്ച വരുത്തിയ ആളെ പിന്നെ മറ്റൊരു ബാങ്കില്‍നിന്നും ലോണെടുക്കാന്‍ സാധിക്കാത്ത തരത്തില്‍ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്യും. പുറമേ, വിവിധ ബാങ്കുകള്‍ ലോണ്‍ വീഴ്ച വരുത്തിയ വ്യക്തിയുടെ കാര്യത്തില്‍ എടുക്കുന്ന നടപടിക്രമങ്ങള്‍ ചുവടെ കൊടുക്കുന്നു:

1. ചില ബാങ്കുകള്‍ ലോണ്‍ വീഴ്ച വരുത്തിയ ആളിന്റെ വിവരങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്യുന്നു. കോടതി കുടിശ്ശികക്കാരന് നോട്ടീസ് അയക്കുകയും, കോടതിയില്‍ ഹാജരാകാത്തപക്ഷം ഏകപക്ഷീയമായി കേസ് തീര്‍പ്പാക്കുകയും സര്‍ക്കാര്‍ സേവനങ്ങള്‍ തടയുന്നതിനുവേണ്ടി വിവിധ വകുപ്പുകളിലേക്ക് അയക്കുകയും ചെയ്യുന്നു.

2. മറ്റു ചില ബാങ്കുകളാകട്ടെ, വിഷയം സ്വകാര്യ ലോണ്‍ റിക്കവറി ഏജന്‍സികള്‍ക്ക് കൈമാറുകയും അവര്‍ കുടിശ്ശികക്കാരനെ ഫോണില്‍ ബന്ധപ്പെടുകയും വീട്ടില്‍ (ലോകത്തിന്റെ ഏത് ഭാഗത്തായാലും) ആളെ അയക്കുകയും നിരന്തരമായ ശല്യപ്പെടുത്തലുകളിലൂടെ പണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇവിടെ തിരിച്ചടക്കാനുള്ള തുകക്ക് പുറമേ ഏജന്‍സിയുടെ ഫീസും കൊടുക്കാന്‍ കുടിശ്ശികക്കാരന്‍ നിര്‍ബന്ധിതനാകും.

3. ഇനിയും ചില ബാങ്കുകള്‍ വിഷയം കോടതിയിലോ റിക്കവറി എജന്‍സിക്കൊ കൈമാറാതെ കുടിശ്ശികക്കാരനെ സ്വന്തം നിലയില്‍ ബന്ധപ്പെടാനും പ്രശ്‌നം പരിഹരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കും.

ഇതൊക്കെയാണെങ്കിലും പണം തിരിച്ചടക്കാന്‍ കുടിശ്ശികക്കാരനു താല്‍പ്പര്യമുണ്ടെങ്കില്‍ പ്രതികാര നടപടികള്‍ മരവിപ്പിച്ചുകൊണ്ട്  രമ്യമായ ഒത്തുതീര്‍പ്പിന് എല്ലാ ബാങ്കുകളും തയ്യാറായേക്കും. അതുകൊണ്ട്, ലോണ്‍ എടുത്ത ബാങ്കിന്റെ മാനേജരുമായി ബന്ധപ്പെടുകയും സൗദിയില്‍ എത്തിയാലുടനെ തിരിച്ചടക്കാന്‍ വേണ്ട നടപടികള്‍ തുടങ്ങാം എന്ന ഒരു ഉറപ്പ് കൊടുത്താല്‍ നിശ്ചയമായും നിങ്ങളുടെ ബാങ്ക് പ്രശ്‌നം സൗഹാര്‍ദ്ദപരമായി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ എടുത്തേക്കും.


ചോദ്യം 2


നാട്ടില്‍ പോയ ഫാമിലി ഇക്കാമ കലാവധിക്കു മുന്‍പേ തിരിച്ചു വരാന്‍ കഴിഞ്ഞില്ല.  ഇനി പുതിയ ഫാമിലി വിസ എടുക്കുന്നതിന്നു എന്താണ് ചെയ്യേണ്ടത്.?

അബ്ദുള്‍ ഗഫൂര്‍


ഉത്തരം


ഇക്കാമ കാലാവധി കഴിഞ്ഞ സ്ഥിതിക്ക് പുതിയ ആശ്രിതവിസ (സ്ഥിരം) എടുക്കാതെ വേറെ വഴിയില്ല. അതിനുള്ള നടപടിക്രമങ്ങള്‍ ചുവടെ കൊടുക്കുന്നു.

1. താങ്കള്‍ക്ക് സാധുവായ ഇക്കാമ ഉണ്ടായിരിക്കണം

2. സൗദി എംബസ്സി സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍, എന്നിവയുടെ അറബി പരിഭാഷയും സ്‌പോണ്‍സറുടെ ശുപാര്‍ശ കത്തും ഇസ്തിക്ദാമില്‍നിന്നും (സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള  സ്ഥാപനം) ലഭിക്കുന്ന അപേക്ഷാ ഫോറവും പൂരിപ്പിച്ച്  നിങ്ങളുടെ ജോലി സ്ഥലത്തിനടുത്തുള്ള ചേംബര്‍ ഓഫ് കോമേഴ്‌സില്‍ സാക്ഷ്യപ്പെടുത്തിയതിനുശേഷം സൗദി വിദേശ മന്ത്രാലയ ഓഫീസില്‍ കൊടുത്ത് സ്റ്റാമ്പ് ചെയ്യിക്കണം. (സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൗദി സര്‍ക്കാരിന് 50 ശതമാനത്തിനുമേല്‍ ഷെയറുള്ള പൊതുമേഖലാസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ചേംബര്‍ ചെയ്യിക്കേണ്ടതില്ല).

3. ഫാമിലിവിസ ഫീസ് ആയ 2000 റിയാല്‍ ബാങ്ക് വഴി അടക്കുക

4. ഇനി  അപേക്ഷ ഇസ്തിക്ദാമില്‍ സമര്‍പ്പിക്കാം (ഇതിനു ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്  വഴി പ്രത്യേകം ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടതുണ്ട്) ഇവിടെ മുകളില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ക്ക് പുറമേ, വിസക്ക് അപേക്ഷിക്കുന്ന മുഴുവന്‍ പേരുടെയും പാസ്‌പോര്‍ട്ട് കോപ്പികളും നിങ്ങളുടെ ഇക്കാമ കോപ്പിയും ശമ്പള സര്‍ട്ടിഫിക്കറ്റും കൊടുക്കണം. എല്ലാ രേഖകളും ശരിയാണെങ്കില്‍ ഉടനെതന്നെ വിസ അനുവദിച്ച രേഖ ലഭിക്കും .

5. ഇനി ബാക്കി കാര്യങ്ങളെല്ലാം ഇന്ത്യയിലാണ് ചെയ്യേണ്ടത്. ഇസ്തിക്ദാമില്‍ നിന്നും ലഭിക്കുന്ന വിസ അധികാര പത്രം, മെഡിക്കല്‍ പരിശോധനകളെല്ലാം ചെയ്ത്, ഇന്ത്യയിലെ സൗദി എംബസ്സിയില്‍ സമര്‍പ്പിച്ച് വിസ സ്റ്റാമ്പ് ചെയ്യണം. (ഇക്കാര്യങ്ങള്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി വഴിയും ചെയ്യാവുന്നതാണ്).

(ഫാമിലിവിസ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കുമെന്ന പ്രഖ്യാപനം പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഇതുവരെ നടപ്പിലാക്കി തുടങ്ങിയിട്ടില്ലെന്നാണ് അറിയുന്നത്)


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

 കൂടുതല്‍ സംശയങ്ങള്‍:-

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

‘ഇക്കാമ എടുത്തിട്ടില്ല; ഇവിടുന്ന് രക്ഷപ്പെടണം; ഞാന്‍ എന്തു ചെയ്യണം?’ സൗദി പോസ്റ്റ് ആരംഭിക്കുന്നു…

We use cookies to give you the best possible experience. Learn more