(സംസ്‌കാരങ്ങളെ സമന്വയിപ്പിച്ച ഒരു ദേശത്തിന്റെ കഥ)
മുന്‍ ഭാഗങ്ങള്‍ക്കായി ക്ലിക്ക് ചയ്യുക
സംസ്‌കാരങ്ങളുടെ സംഗമഭൂവില്‍ (ഒന്നാം ഭാഗം)
സംസ്‌കാരങ്ങളുടെ സംഗമഭൂവില്‍ – (രണ്ടാം ഭാഗം)
ചരിത്രംപൈതൃകം/ രാജീവ്
പ്രാചീനമായ പല ക്ഷേത്രങ്ങളും താഴത്തങ്ങാടിയോടു ചേര്‍ന്നുണ്ട്. പറങ്കികളുടെയും സുല്‍ത്താന്മാരുടെയും ആക്രമണം ഭയന്ന് ഗോവയില്‍നിന്ന് കേരളത്തിലെത്തിച്ചേര്‍ന്ന ഗാഡസാരസ്വത ബ്രാഹ്മണരുടെ നിരവധി കുടുംബങ്ങള്‍ ഈ പ്രദേശത്ത് തിങ്ങിപ്പാര്‍ക്കുന്നു. ശ്രീവെങ്കിടാചലപതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന തിരുമലക്ഷേത്രമാണ് ഈ വിഭാഗക്കാരുടെ ആരാധനാലയം. പുറക്കാട്ടുനിന്നും പറവൂര്‍, വടുതല, ചേര്‍ത്തല, കൊച്ചി, വരാപ്പുഴ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും തെക്കുംകൂര്‍രാജാവ് കച്ചവടകാര്യങ്ങള്‍ക്കായി ഇവരെക്കൊണ്ടുവന്നു പാര്‍പ്പിക്കുക മാത്രമല്ല തളിയില്‍കോട്ടയുടെ തെക്കുപടിഞ്ഞാറേ ചെരുവിലുള്ള ഒരു തട്ടില്‍ ക്ഷേത്രം പണിയുന്നതിനുളള സ്ഥലം കൊടുക്കുകയും ചെയ്തു. ഏതാണ്ട് 450 വര്‍ഷത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. വെങ്കിടാചലപതിയായ മഹാവിഷ്ണുവിനോടൊപ്പം ഭൂദേവിയും ശ്രീദേവിയും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് രഥോത്സവം, സമൂഹസദ്യ എന്നിവയെല്ലാം പ്രത്യേകതയാണ്.
ആയിരം വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മറ്റൊരുക്ഷേത്രമാണ് കുമ്മനം തൈക്കാട്ട് തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രം. പണ്ടുകാലത്ത് 28 ദിവസത്തോളം ഉത്സവവും വൈഷ്ണവ സന്യാസിമാരുടെ പ്രഭാഷണവുമുണ്ടായിരുന്നതായി പറയപ്പെടുന്നു. കൂടാതെ ദേശാധിപത്യമുണ്ടായിരുന്നു. ചാതുര്‍ബാഹുപ്രതിഷ്ഠയാണ്. സന്താനസൗഭാഗ്യദായകനായി വിശ്വാസികള്‍ ഉറച്ചുകരുതുന്നു. ഇപ്പോള്‍ പ്രത്യേക ഉത്സവമില്ല. വൈശാഖമാസത്തില്‍ ഭാഗവതപാരായണവും പ്രത്യേക ചടങ്ങുകളും നടത്തിവരുന്നു. വൈശാഖസമാപനദിവസം പ്രഭാതം മുതല്‍ പ്രദോഷം വരെനീളുന്ന സംഗീതാരാധന ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. കേരളത്തിലെ പ്രശസ്തരായ കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ മഹോത്സവം താഴത്തങ്ങാടിയുടെ സാംസ്‌കാരികോത്സവം കൂടിയാണ്.
മീനച്ചിലാറിന്റെ പടിഞ്ഞാറേകരയാണ് കുമ്മനം. ഇവിടെ പ്രശസ്തമായ ഇളംകാവ് ഭഗവതിക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഇപ്പോള്‍ ദേശാധിപത്യം ഈ ക്ഷേത്രത്തിനാണ്. സുബ്രഹ്മണ്യന്‍ പ്രധാന ഉപപ്രതിഷ്ഠയാണ്. ഈ ക്ഷേത്രത്തിന്റെ മുറ്റത്തായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കാഞ്ഞിരം ഉയര്‍ന്നു നില്ക്കുന്നു എന്ന പ്രത്യേകതയുണ്ട്. മീനഭരണി ആറാട്ടായി എട്ടുദിവസം ഉത്സവം. കുഭകുടം എന്ന അനുഷ്ഠാനചടങ്ങ് ഭരണിയുടെ പ്രത്യേകതയാണ്.
കുമ്മനം ദേശത്തെ അകത്തുപാടം പള്ളി പ്രധാന മുസ്ലീം ആരാധനാകേന്ദ്രമാണ്. കൂടാതെ നിരവധി മുസ്ലീം ദേവാലയങ്ങള്‍ പലയിടത്തായി ഉണ്ട്. ഈ പ്രദേശത്ത് “ഹനഫി” ആചാരങ്ങള്‍ പുലര്‍ത്തുന്ന വിഭാഗമാണ് കുടുതലായി ഉള്ളത്.
താഴത്തങ്ങാടിയുടെ തെക്കേഭാഗത്താണ് വേളൂര്‍. കാര്‍ഷികമേഖലയായ ഇവിടെ അടിസ്ഥാനവര്‍ഗ്ഗമായ ചേരമരാണ് കൂടുതലായി അധിവസിച്ചിരുന്നത്. ഈ പ്രദേശത്ത് ചരിത്രപ്രാധാന്യമുള്ള നിരവധി ദേവാലയങ്ങളുണ്ട്. പാറപ്പാടം ദേവീക്ഷേത്രം തെക്കുംകൂര്‍ വാഴ്ചക്കാലത്ത് തുമ്പയില്‍ കാരണവര്‍, മുഞ്ഞനാട്ടു പണിക്കര്‍ എന്നിവരുടെ ശ്രമഫലമായി നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണ്. കൊടുങ്ങല്ലൂര്‍ ഭഗവതിയെ സങ്കല്പിച്ചാണ് പ്രതിഷ്ഠ. അപൂര്‍വ്വമായ ക്ഷേത്രപാലകന്‍ ഇവിടുത്തെ പ്രധാന ഉപപ്രതിഷ്ഠകളിലൊന്നാണ്. മീനഭരണി ഉത്സവത്തിന് കുംഭംകുടം, അമ്മന്‍കുടം, കുത്തിയോട്ടം എന്നിവയുണ്ട്.
ഈ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടികയറുമ്പോഴും കൊടി ഇറങ്ങുമ്പോഴും തൊട്ടടുത്തുള്ള ഒരു വീട്ടിലെ മുസ്ലിം കാരണവര്‍ തോക്കെടുത്ത് ആചാരവെടി മുഴക്കുന്ന സമ്പ്രദായമുണ്ട്. ഇപ്പോഴും പേരിനെങ്കിലും ഇതു നടന്നുവരുന്നു. ഇതിന് ദക്ഷിണയെന്ന നിലയില്‍ പായസവും മറ്റും ആ കുടുംബത്തിന് നല്‍കിവരുന്നുണ്ട്. കൂടാതെ നിര്‍മ്മാല്യ ദര്‍ശനത്തിന് സ്ത്രീകള്‍ വെളിച്ചം വീഴുന്നതിനുമുമ്പേ എത്തുമ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ചുമതലയും പണ്ടുകാലത്ത് മുഹമ്മദീയര്‍ക്കായിരുന്നു. ഇന്നും ഇതിനു മാറ്റമൊന്നുമില്ല. താഴത്തങ്ങാടിയുടെ ചുറ്റുമായി മറ്റനവധി ദേവാലയങ്ങള്‍ വേറേയുമുണ്ട്. വിസ്താരഭയത്താല്‍ ഇവയെപ്പറ്റി പരാമര്‍ശിക്കുന്നില്ല.
അടുത്ത പേജില്‍ തുടരുന്നു
കേരളത്തിന്റെ തനതായ കായികകലയാണല്ലോ വള്ളംകളി. ഓണക്കാലത്ത് അരങ്ങേറാറുള്ള വള്ളംകളി കുട്ടനാടിന്റേയും സമീപപ്രദേശങ്ങളുടേയും മാത്രം പ്രത്യേകതയാണ്. ഇന്നത്തെ നിലയിലുള്ള വള്ളംകളി ആദ്യം ആരംഭിച്ചത് ചെമ്പകശ്ശേരി രാജാവിന്റെ ശ്രമഫലത്താലായിരുന്നു. അതിനുമുമ്പുതന്നെ വള്ളം തുഴയല്‍ മത്സരങ്ങളൊക്കെ വിവിധ സ്ഥലങ്ങളില്‍ നിലനിന്നിരുന്നതായി കാണാം. പ്രശസ്തമായ വള്ളംകളികളില്‍ പാരമ്പര്യം കൊണ്ടു മികച്ചത് ചമ്പക്കുളം, ആറന്മുള, നീരേറ്റുപുറം, താഴത്തങ്ങാടി എന്നീ വള്ളംകളികളാണ്.
തെക്കുംകൂര്‍ വാഴ്ചക്കാലത്ത് താഴത്തങ്ങാടിയില്‍ ചെറിയതോതില്‍ കളിവള്ളങ്ങളുടേ മത്സരമുണ്ടായിരുന്നു എന്നു പഴമക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ നൂറു വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇന്നത്തെ രീതിയിലുള്ള മത്സരവള്ളംകളി ആരംഭിച്ചത്. ചുണ്ടന്‍, ഓടി, ഇരുട്ടുകുത്തി, ചുരുളന്‍ എന്നീ വിവിധ ഇനങ്ങള്‍ ഈ വള്ളംകളിയില്‍ പങ്കെടുക്കുന്നു. വള്ളംകളി ഈ ദേശത്തിന്റെ ഓണാഘോഷത്തെ പൊലിപ്പിക്കുന്നു. ഈ ദേശക്കാര്‍ക്ക് തിരുവോണദിവസത്തേക്കാള്‍ പ്രാധാന്യം മുന്‍കാലങ്ങളില്‍ വള്ളംകളിയുടെ ദിവസത്തിനായിരുന്നു. ദൂരദേശത്തുനിന്ന് ബന്ധുക്കള്‍ എത്തിച്ചേരുമെന്നതിനാല്‍ ആ ദിവസം ഓരോ വീട്ടിലും വിരുന്നുസല്‍ക്കാരങ്ങള്‍ പൊടിപൊടിക്കുന്നു.
ഉച്ചതിരിഞ്ഞ് വള്ളംകളി ആരംഭിക്കുന്നു. വള്ളങ്ങള്‍ മത്സരിച്ച് മുന്നേറുമ്പോള്‍ കരയില്‍ ഉയരുന്ന ആവേശത്തിമിര്‍പ്പില്‍ ആര്‍പ്പുവിളികളും ചൂളമടിക്കലും മുഴങ്ങും. തോറ്റ വള്ളം തുഴക്കാര്‍ മുക്കുന്ന ഏര്‍പ്പാടും മുമ്പുണ്ടായിരുന്നു. തിരുവിതാംകൂറിലെ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാളും കുടുംബാംഗങ്ങളും ഈ വള്ളംകളി കാണാന്‍ എത്തിയിട്ടുണ്ട്. കൂടാതെ എത്യോപ്യന്‍ ചക്രവര്‍ത്തിയായിരുന്ന ഹെയ്‌ലി സലാസി താഴത്തങ്ങാടി സന്ദര്‍ശിച്ചപ്പോള്‍ ഒരു വള്ളംകളി സംഘടിപ്പിക്കപ്പെട്ടിരുന്നു.
മുന്‍കാലത്ത് കോട്ടയം ബോട്ട്ക്ലബ് ആയിരുന്നു സംഘാടകര്‍. ഇടക്കാലത്ത് മുടങ്ങി പോയതിനുശേഷം പുനഃസംഘടിപ്പിച്ചത് കോട്ടയം വെസ്റ്റ് ക്ലബ് എന്ന സംഘടനയാണ്. ഇപ്പോള്‍ ക്ലബ്ബിനോടൊപ്പം ജില്ലാ പഞ്ചായത്തും ടൂറിസം വകുപ്പും സഹകരിക്കുന്നു. പഴയ ആവേശമൊന്നും ഇന്നില്ലെങ്കിലും ഒരു കുറവുമില്ലാതെ ഈ ജലോത്സവം നടന്നുവരുന്നു. ഇരുകരകളിലും പാതകളും കടവുകളുമുള്ളതിനാല്‍ കൂടുതല്‍ പേര്‍ക്ക് സൗകര്യമായി കളികാണുവാന്‍ പറ്റുന്ന ഏകസ്ഥലം മറ്റു വള്ളംകളികളെ അപേക്ഷിച്ച് ഇവിടെ മാത്രമാണ്.
ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ നിരവധി ജലാശയങ്ങളും നിലങ്ങളും ചതുപ്പുകളും ഉള്‍പ്പെട്ട പ്രദേശമാണിത്. എന്നാല്‍ ഇക്കാലത്ത് തികഞ്ഞ ജനവാസമേഖല എന്ന നിലയില്‍ അനുദിനം പ്രദേശത്തിന്റെ മുഖഛായ മാറിക്കൊണ്ടിരിക്കുന്നു. മീനച്ചിലാറ്റിലെ മണല്‍വാരല്‍, മലിനീകരണം എന്നിവ നദിയെ ഏറെക്കുറെ നശിപ്പിച്ചുകഴിഞ്ഞു. മത്സ്യസമ്പത്ത് വളരെക്കുറഞ്ഞു. ഇടത്തോടുകളില്‍ പ്രധാനപ്പെട്ടതും ചരിത്രപരമായി തെക്കുംകൂര്‍ രാജാവിന്റെ യാത്രാമാര്‍ഗ്ഗവുമായിരുന്ന പള്ളിക്കോണം തോട് മലീമസമായും ദുരമൂത്ത മനുഷ്യന്റെ ആക്രമണം കൊണ്ട് വീതികുറഞ്ഞും ഊര്‍ധ്വശ്വാസം വലിക്കുന്നു.
പ്രശസ്തമായ തിരുനക്കരക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആറാട്ട് ഈ ജലാശയത്തിന്റെ കാരാപ്പുഴ അമ്പലക്കടവിലായിരുന്നു. ഇപ്പോള്‍ മലിനജലമായതിനാല്‍ മറ്റൊരുകുളം കുത്തിയുണ്ടാക്കിയാണ് ബിംബം ആറാടുന്നത്. ഈ തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ നിസാരകാര്യങ്ങളില്‍ പോലും പ്രതികരിക്കുന്ന ഭക്തജനങ്ങള്‍ ശബ്ദമുയര്‍ത്താത്തത് അത്ഭുതകരമായി തോന്നുന്നു.
കേരളത്തിലെ അപൂര്‍വ്വമായ മത്സ്യബന്ധനരീതികളായ മീന്‍കണ്ടം, കാഞ്ചിതെറ്റാലി, വെള്ളവലി, മീന്‍കൂട് ഇവ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. മത്സ്യസമ്പത്ത് കുറഞ്ഞ ഇക്കാലത്ത് മത്സ്യബന്ധനത്തിനും സാധ്യതയില്ലാതായി.
അടുത്ത പേജില്‍ തുടരുന്നു
താഴത്തങ്ങാടിയില്‍ മീനച്ചിലാറിന്റെ ഇരുകരകളിലൂടെ സഞ്ചരിക്കുന്ന ഏവരുടേയും ശ്രദ്ധയെ ആദ്യം ആകര്‍ഷിക്കുന്നത് ഇവിടെയുള്ള വാസഗൃഹങ്ങളാണ്. കേരളത്തിലെന്നല്ല ലോകത്തൊരിടത്തുമില്ലാത്ത പ്രത്യേകതകളോടുകൂടിയവയാണ് ഈ വീടുകള്‍. ഒറ്റനോട്ടത്തില്‍ തന്നെ ഈ പ്രത്യേകത കാഴ്ചക്കാരില്‍ അപരിചിതത്വം സൃഷ്ടിക്കുമെന്നതുകൊണ്ടുതന്നെയാണ് ഇവ ശ്രദ്ധിക്കപ്പെടുന്നതും.
കുമ്മനം ഭാഗത്തോടുചേര്‍ന്നുള്ള മുസ്ലീം ഭവനങ്ങള്‍ക്ക് ഒരു പ്രത്യേകശൈലിയും കിഴക്കേക്കരയിലെ അങ്ങാടിയോടു ചേര്‍ന്നുള്ള ക്രിസ്ത്യന്‍ ഭവനങ്ങള്‍ക്ക് മറ്റൊരു ശൈലിയുമാണ്. ഇവയെല്ലാം തികച്ചും കേരളീയ വാസ്തുശില്പ നിയമങ്ങളെയും സാങ്കേതികവിദ്യയെയും അനുസരിച്ച് തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നതും. രൂപപരവും ഘടനാപരവുമായുള്ള വ്യത്യാസമാണ് പൊതുവിലുള്ള കേരളീയശൈലിയില്‍ നിന്നും ഇവയെ വേറിട്ടുനിറുത്തുന്നത്. സിറിയന്‍ ക്രൈസ്തവരുടേതായ ക്ലാസിക്കല്‍ ഭവനങ്ങള്‍ 150 മുതല്‍ 400 വര്‍ഷം വരെ പഴക്കമുള്ളവയാണ്. ഇതില്‍ കൂടുതല്‍ പഴക്കമേറിയ വീടുകള്‍ സിറിയന്‍ വാസ്തുശില്പിരീതിയോടും പോര്‍ച്ചൂഗീസ് വാസ്തുശില്പിരീതിയോടും കൂടുതല്‍ കൂറു പുലര്‍ത്തിക്കാണുന്നു.
മിക്കവാറും വീടുകളുടെ ഘടന കച്ചവടസംബന്ധിയായി ഉപജീവനം കഴിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലാണ്. ഈ വീടുകള്‍ മിക്കവാറും കല്ല്, തടി, ഓട് എന്നിവ മാത്രമുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അഴികളുടെയും അറകളുടെയും അലങ്കാരപ്പണിയാണ് വിസ്മയകരം. സങ്കീര്‍ണ്ണമായി ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും ലളിതമായ പാറ്റേണുകള്‍ വിദഗ്ദ്ധമായി സംയോജിപ്പിച്ചാണ് ഈ ശില്പചാതുര്യം സാധ്യമാക്കിയിരിക്കുന്നത്.
തെക്കുംകൂര്‍ രാജാവ് കൊണ്ടുവന്നു പാര്‍പ്പിച്ച പ്രശസ്തമായ വിശ്വകര്‍മ്മജരുടെ കുടുംബങ്ങളിലെ പൂര്‍വ്വികരാണ് ഈ വീടുകളുടെ ശില്പികള്‍. വടക്കേടത്ത് കണ്ടങ്കാളി ആചാരി എന്ന ശില്പപ്രമാണിയാണ് ശില്പവിദ്യയില്‍ മികച്ച ചില വീടുകളുടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. കൂടാതെ പെരുമ്പാലയില്‍, മഠത്തിങ്കല്‍, തെക്കേടത്ത്, തോട്ടകത്ത് എന്നീ കുടുംബങ്ങളിലെ സ്ഥപതിസ്ഥാനികള്‍ പ്രദേശത്തെ ദേവാലയങ്ങളുടെയും വീടുകളുടെയും സൃഷ്ടികര്‍ത്താക്കളായി പഴമക്കാര്‍ പറയുന്നു. സിറിയന്‍ -കേരളീയ ശില്പശാസ്ത്രസങ്കേതം ഏതുതരത്തിലാണ് സംജാതമായതെന്ന് വിശദമായ ഒരു ഗവേഷണം ആവശ്യമാണ്. എന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇവിടം സന്ദര്‍ശിക്കുന്ന പലരും അഭിപ്രായപ്പെടാറുണ്ട്.
താഴത്തങ്ങാടിയുടെ സമ്പല്‍സമൃദ്ധിക്കു കാരണക്കാരായത് മൂന്നു നൂറ്റാണ്ടുകളോളം ഇവിടം ആസ്ഥാനമായി വാണ തെക്കുംകൂര്‍ രാജാക്കന്മാരാണെന്ന് മുമ്പ് സൂചിപിച്ചുവല്ലോ. ആ സുവര്‍ണ കാലഘട്ടത്തിലേയ്ക്ക് ചരിത്രപരമായ ഒരെത്തിനോട്ടം. ചേരസാമ്രാജ്യത്തിന്റെ കാലത്ത് കേരളത്തിലാകെ പതിനെട്ടു നാട്ടുരാജ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ചേരവാഴ്ച അവസാനിക്കുന്ന മുറയ്ക്ക് അവ പന്ത്രണ്ടായി ചുരുങ്ങുകയും കാല്‍ക്കരൈനാട് (തൃക്കാക്കര), കീഴ്മലൈനാട് (തൊടുപുഴ) മുഞ്ഞുനാട് (കോട്ടയം) നന്റുഴൈനാട് (തൃക്കൊടിത്താനം) തിരുവാറ്റുവായ്‌നാട് (കടപ്ര) എന്നിവ കടുത്തുരുത്തി ആസ്ഥാനമായ വെമ്പൊലിനാട്ടില്‍ ലയിച്ചു ചേരുകയാണുണ്ടായത്.
തളിയില്‍ ആസ്ഥാനമായി ഭരണമേല്‍നോട്ടം നടത്തിയ ബ്രാഹ്മണപ്രമുഖന്മാരാണ് ഈ ലയനങ്ങള്‍ക്ക് കാരണഭൂതരായി വര്‍ത്തിച്ചത് എന്നു കരുതാം. മേല്‍പറഞ്ഞ ചെറുരാജ്യങ്ങളിലെല്ലാം നായര്‍ സമൂഹത്തിലെ ഉയര്‍ന്ന മാടമ്പികളായിരുന്നു ഭരണം നടത്തിയിരുന്നത്. വെമ്പൊലി (വെണ്‍പൊലി) രാജവംശം കുലശേഖരപരമ്പരയുമായി ബന്ധമുള്ള ക്ഷത്രിയരായിരുന്നതിനാലാണ് അവര്‍ക്ക് മേല്‍ക്കൈ നേടാനായത്. പെരുമാളായി ഭരണം നടത്തിയ കോതരവി വെമ്പൊലി രാജാവായി പറയപ്പെടുന്നു. ബിംബലീശന്മാര്‍ എന്നും മണികണ്ഠന്മാര്‍ എന്നും ഇവര്‍ അറിയപ്പെടുന്നു. വേമ്പനാട്ടുകായലിന് ആ പേര് സിദ്ധിച്ചത് വെമ്പൊലിനാട്ടില്‍ ഉള്‍പ്പെട്ടതുകൊണ്ടാണ്.
കിഴക്ക് കാന്തല്ലൂര്‍ മുതല്‍ പമ്പ വരെയും പടിഞ്ഞാറ് പുറക്കാട് മുതല്‍ ചെമ്പ് വരെയും പമ്പയാറിനും മൂവാറ്റുപുഴ ആറിനും ഇടയിലുള്ള പ്രദേശമായിരുന്നു വെമ്പൊലിനാട്. അധികം താമസിയാതെ ഭരണസൗകര്യാര്‍ത്ഥം വെമ്പൊലിനാട് തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടു. മുത്തകൂര്‍ കടുത്തുരുത്തിതന്നെ ആസ്ഥാനമായും തെക്കുംകൂര്‍ കിഴക്കുമാറിയുള്ള വെന്നിമല ആസ്ഥാനമായും രാജ്യം ഭാഗിച്ചെടുത്തു. കുമരകത്തുനിന്നു തുടങ്ങി നീണ്ടൂര്‍, കാണക്കാരി, കിടങ്ങൂര്‍, കൊണ്ടൂര്‍വഴി പൂഞ്ഞാര്‍ വരെ നീളുന്ന മണ്‍കോട്ട ഇരു രാജ്യങ്ങളേയും വേര്‍തിരിച്ചു. എ.ഡി. 1103-ലാണ് ഈ വിഭജനം നടന്നത്.
വെന്നിമല ഉയര്‍ന്ന കുന്നിന്‍നിറുകയിലുള്ള ഒരു പരന്ന പ്രദേശമാണ്. രാജധാനിക്കു തെക്കോട്ട് മണികണ്ഠപുരത്തേക്കും വടക്കോട്ട് വെള്ളൂരേയ്ക്കും നീളുന്ന രാജപാതയായിരുന്നു വെന്നിമലയിലുണ്ടായിരുന്നത്. ഇരുവശത്തും കുന്നിന്റെ ചെരുവുകളിലായി കോട്ടകൊത്തളങ്ങള്‍ ഉണ്ടായിരുന്നു. വെന്നിമലയുടെ നിറുകയില്‍ പ്രശസ്തമായ വെന്നിമല ശ്രീരാമലക്ഷ്മണക്ഷേത്രം സ്ഥിതിചെയ്യുന്നു.
സംഗീതചക്രവര്‍ത്തിയായിരുന്ന ഷഡ്കാല ഗോവിന്ദമാരാര്‍ ജനിച്ചുവളര്‍ന്നത് ഇവിടെയുള്ള ഒരു മാരാര്‍ ഭവനത്തിലാണെന്നത് വെന്നിമലയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. ശത്രുസൈന്യങ്ങളുടെ ആക്രമണത്തിനെ പ്രതിരോധിക്കുന്നതിന് എളുപ്പമായതിനാലാകാം ഈ പ്രദേശം രാജധാനിക്കായി തെക്കുംകൂര്‍ രാജാവ് തിരഞ്ഞെടുത്തത് എന്നും കരുതാം. ഇക്കാലത്ത് തെക്കുമാറിയുള്ള മണികണ്ഠപുരം പ്രധാനപട്ടണമായി വളര്‍ന്നുവികസിച്ചു.
പ്രശസ്തമായ ഉണ്ണിനീലിസന്ദേശം എന്ന പ്രാചീനകൃതിയില്‍ സന്ദേശകാരന്‍ സഞ്ചരിച്ചതായി വര്‍ണ്ണിക്കുന്ന പ്രദേശങ്ങള്‍ മേല്‍പറഞ്ഞ രാജപാതയുടെ ഇരുവശത്തുമായി കാണപ്പെടുന്നു. മണികണ്ഠപുരത്തെ പ്രശസ്തമായ വിഷ്ണുക്ഷേത്രം മണികണ്ഠന്‍ എന്ന നാമധേയമുള്ള രാജാവ് പണികഴിപ്പിച്ചതായി പറയപ്പെടുന്നു. വെന്നിമലയുടെ മാഹാത്മ്യം ഐതിഹ്യമാലയില്‍ ശ്രീ കൊട്ടാരത്തില്‍ ശങ്കുണ്ണി സവിസ്തരം പ്രതിപാദിച്ചിട്ടുള്ളത് പ്രസക്തമാണ്.
അടുത്ത പേജില്‍ തുടരുന്നു
വിവിധ ദേശങ്ങളില്‍നിന്ന് അഭയാര്‍ത്ഥികളായി എത്തുന്നവരെ സംരക്ഷിച്ച് പാര്‍പ്പിക്കുകയും അവര്‍ക്ക് വാസസ്ഥലവും വസ്തുവകകളും നല്കി, അവരുടെ സേവനം രാജ്യത്തിനുതകുന്ന തരത്തില്‍ ആക്കിത്തീര്‍ക്കുന്ന പാരമ്പര്യമാണ് തെക്കുംകൂര്‍ വാണ രാജാക്കന്മാര്‍ക്കുണ്ടായിരുന്നത്. കുടമാളൂരില്‍ വസിക്കുന്ന ചെമ്പകശ്ശേരി എന്ന ഇല്ലത്തിലെ നമ്പൂതിരി പ്രമാണിക്ക് കുട്ടനാട് ഉള്‍പ്പെട്ട പ്രദേശം നോക്കിനടത്തുന്നതിനുള്ള അവകാശം കൊടുത്തു. കാലാന്തരത്തില്‍ അവര്‍ പ്രബലരാകുകയും ചെമ്പകശ്ശേരി എന്ന രാജവംശം സ്ഥാപിക്കപ്പെടുകയുണ്ടായി. അമ്പലപ്പുഴ ആസ്ഥാനമാക്കിവാണ ആ രാജാക്കന്മാരുടെ കാലത്താണ് പുറക്കാട് പ്രമുഖ വാണിജ്യകേന്ദ്രമായി വളര്‍ന്നത്.
കാന്തല്ലൂര്‍ മുതല്‍ ചോറ്റിവരെയും കിഴക്ക് സഹ്യപര്‍വ്വതം മുതല്‍ പടിഞ്ഞാറ് മീനച്ചില്‍ വരെയും നീണ്ടുകിടക്കുന്ന മലമ്പ്രദേശം. തിരുമലനായ്ക്കന്റെ ആക്രമണകാലത്ത് എത്തിച്ചേര്‍ന്ന പാണ്ഡ്യരാജവംശത്തിന് പതിച്ചുനല്‍കിയതും തെക്കുംകൂറാണ്. ആ രാജവംശമാണ് പൂഞ്ഞാര്‍ രാജവംശമായി പരിണമിച്ചത്.
കിഴക്കുനിന്ന് മറവപ്പടയുടെ നിരന്തരമായ ആക്രമണം പതിനാലാം നൂറ്റാണ്ടോടുകൂടി ഉണ്ടായി. അതോടെ തെക്കുംകൂര്‍ ചങ്ങനാശ്ശേരിയിലെ പുഴവാത് എന്ന സ്ഥലത്ത് കൊട്ടാരം പണിത് രാജകുടുംബാംഗങ്ങളെ അങ്ങോട്ടുമാറ്റിപാര്‍പ്പിച്ചു. താഴത്തങ്ങാടിയില്‍ വര്‍ദ്ധിച്ചുവരുന്ന വാണിജ്യസാധ്യതകള്‍ പരിഗണിച്ചും ചെമ്പകശ്ശേരിയുടെ പടിഞ്ഞാറുനിന്നുള്ള കടന്നുകയറ്റം പ്രതിരോധിക്കുക എന്നതുകൊണ്ടുമാണ് പിന്നീട് തളിയന്താനപുരം പ്രധാന രാജധാനിയായി തെരഞ്ഞെടുക്കാന്‍ കാരണമായിത്തീര്‍ന്നത്.
സഹ്യപര്‍വ്വതനിരകളിലെ വനങ്ങളിലും താഴ്‌വരപ്രദേശങ്ങളിലും വിളഞ്ഞിരുന്ന കുരുമുളക്, ചുക്ക്, ഏലം, ഇലവങ്ഗം തുടങ്ങിയ സുഗന്ധദ്രവ്യങ്ങളും വനവിഭവങ്ങളും കാളവണ്ടികളിലും കേവുവള്ളങ്ങളിലുമായി താഴത്തങ്ങാടിയില്‍ എത്തിയിരുന്നു. താഴത്തങ്ങാടി രാജധാനി ആകുന്നതിനുമുമ്പ് വ്യാപാരത്തിന്റെ ഫലമായി ഉണ്ടാകുന്ന സാമ്പത്തികനേട്ടം രാജ്യാഭിവൃദ്ധിക്ക് അനുകൂലമാക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല ഈ പ്രദേശത്തെ നാട്ടുപ്രമാണിമാര്‍ക്ക് വ്യാപാരത്തില്‍ പരിചയമില്ലാതിരുന്നതിനാല്‍ ഇടപെടാനും സാധിച്ചിരുന്നില്ല.
എന്നാല്‍ കൃസ്ത്യന്‍ -മുസ്ലീം സമുദായങ്ങള്‍ക്കിടയിലെ പ്രബലരായ ചില കച്ചവടക്കാര്‍ ഈ വ്യാപാരം മൂലം സമ്പന്നരായി. പക്ഷേ ഇവര്‍ സൂക്ഷിച്ചിരുന്ന ചരക്കുകള്‍ക്ക് വേണ്ടത്ര വിലകിട്ടുന്നതിനോ സംരക്ഷണം കിട്ടുന്നതിനോ വേണ്ട സഹായം മുന്‍കാലങ്ങളില്‍ ഭരണഭാഗത്തുനിന്ന് ലഭിച്ചിരുന്നുമില്ല. പ്രാകൃതമായ കൈമാറ്റവ്യവസ്ഥിതിയില്‍നിന്ന് നാണയകൈമാറ്റത്തിലേക്ക് വ്യാപാരബന്ധം വളര്‍ന്നപ്പോള്‍ ചരക്കുകളുടെ മൂല്യനിര്‍ണ്ണയം സങ്കീര്‍ണമായി. ഇത്തരം ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെട്ടത് തളിയന്താനപുരം രാജവാഴ്ചയുടെ ആസ്ഥാനമായി മാറിയതോടെയാണ്.
വ്യാപാരമേഖല വികസിപ്പിച്ചെടുക്കുന്നതിനായി അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ ആദ്യംതന്നെ നടപ്പാക്കുകയാണ് അന്നത്തെ ദീര്‍ഘദര്‍ശിയായ രാജാവ് ചെയ്തത്. പടിഞ്ഞാറന്‍ കായല്‍മേഖലയിലെ കായല്‍കൊള്ളക്കാരെ അമര്‍ച്ച ചെയ്തശേഷം ചരക്കുസംഭരണത്തിനായി മീനച്ചിലാറിന്റെ ഇരുകരകളിലും സംഭരണശാലകള്‍ കെട്ടി. വ്യാപാരത്തിനുള്ള അവകാശം ഈ പ്രദേശത്തെ പരിചയസമ്പന്നരായ കച്ചവടക്കാര്‍ക്കു നല്‍കി. അവര്‍ക്ക് രാജകൊട്ടാരത്തിലും മാന്യമായ സ്ഥാനമുണ്ടായിരുന്നു.
വ്യാപാര രംഗത്തുനിന്നുള്ള കരംപിരിക്കുന്നതിന് ഏര്‍പ്പാടുണ്ടാക്കി. പ്രസിദ്ധമായ താഴത്ത് എന്ന കുടുംബത്തിലെ ചാണ്ടപ്പിള്ള തരകന്‍ എന്ന ക്രിസ്ത്യന്‍പ്രമാണി കരംപിരിവിന്റെ ഉത്തരവാദിത്തമുള്ള ആളായിരുന്നു. പേരകത്തുശ്ശേരി തണ്ടാര്‍ വേളൂര്‍ദേശത്തെ കാര്‍ഷികവിളകളുടെ കരം പിരിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന ആളുമായിരുന്നു.
കാഞ്ഞിരപ്പള്ളിയിലേയും പുതുപ്പള്ളിക്കടുത്തുള്ള അഞ്ചേരിയിലെയും ചില ക്രൈസ്തവപ്രമുഖന്‍മാര്‍ പല കാര്യങ്ങളിലായി തെക്കുംകൂറിന്റെ പ്രധാനകാര്യക്കാരായും പടത്തലവന്മാരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
താഴത്തങ്ങാടിയിലെതന്നെ വിവിധ കുടുംബങ്ങളിലെ മുസ്ലീം പ്രമുഖന്മാരും വിവിധ രംഗങ്ങളിലായി രാജവാഴ്ചക്കാലത്ത് മുന്‍നിരയിലുണ്ടായിരുന്നു. കൊടുങ്ങല്ലൂരില്‍നിന്ന് വരുത്തിയെന്നു കരുതുന്ന “മേത്തര്‍” കുടുംബങ്ങള്‍ ഇത്തരം അധികാരങ്ങള്‍ ലഭിച്ചിട്ടുള്ളവരായിരുന്നു. വെടിപ്പുരയ്ക്കല്‍ വൈദ്യന്മാര്‍ ഈ വിഭാഗത്തില്‍ നിന്നുള്ള മികച്ച ഭിഷഗ്വരന്മാരായിരുന്നു. കഴിഞ്ഞ തലമുറവരെ ഈ കുടുംബത്തിലെ കാരണവര്‍മാര്‍ ആയുര്‍വേദചികിത്സാരംഗത്ത് പ്രസിദ്ധരായിരുന്നു.
വാണിജ്യരംഗത്തെ പരിഷ്‌കാരങ്ങള്‍ നോക്കിനടത്തുന്നതിനായി രാജാവും പരിവാരങ്ങളും പൂര്‍ണ്ണസമയം ബദ്ധശ്രദ്ധരായിരുന്നു എന്നുവേണം കരുതാന്‍. തെക്കുംകൂര്‍ രാജവാഴ്ച ആരംഭിച്ച മുറയ്ക്ക് തളിയുടെ അധികാരം കുറയുകയും ക്രമേണ തളിയില്‍ സ്ഥാനം അപ്രത്യക്ഷമാകുകയുമാണുണ്ടായത്. തളിയുടെ തെളിവ് എന്ന നിലയില്‍ ശിവക്ഷേത്രം മാത്രം അവശേഷിച്ചു. രാജധാനി ഇവിടേയ്ക്ക് സ്ഥാപിച്ച മുറയ്ക്ക് അന്നത്തെ രാജാവ് ക്ഷേത്രം പുനരുദ്ധരിച്ച് മികച്ച നിലയിലാക്കി. ഈ ക്ഷേത്രമതില്‍ക്കെട്ടിന്റെ തൊട്ടുകിഴക്കായി കാണപ്പെടുന്ന സ്ഥലത്താണ് രാജകൊട്ടാരം നിലനിന്നിരുന്നത്.
അടുത്ത പേജില്‍ തുടരുന്നു
ലളിതമായ നിലയില്‍ കല്ലും മരവും ഉപയോഗിച്ച് പണിതതായിരുന്നു ആദ്യകാലത്തെ കോവിലകം എന്നു വേണം കരുതാന്‍. എന്നാല്‍ വികാസം പ്രാപിച്ച ഒരു രാജഭരണവ്യവസ്ഥിതിക്കു വേണ്ടുന്ന സൗകര്യങ്ങളെല്ലാം ചുറ്റുപാടും ഒരുക്കിയിരുന്നു. ഇവിടെനിന്നും അല്പം കിഴക്കുമാറി പ്രാദേശികകമ്പോളം സ്ഥാപിച്ചു. തളിയന്താനപുരം ചന്ത എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ഇന്ന് പഴയചന്ത എന്നറിയപ്പെടുന്നു. ഇതിന് അല്പം പടിഞ്ഞാറു ഭാഗത്തായി വധശിക്ഷ നടപ്പാക്കുന്നതിനുള്ള കഴുമരം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ ദേവാലയങ്ങള്‍ കൂടുതലായി സ്ഥാപിക്കപ്പെട്ടപ്പോള്‍ ഇത് അവിടെനിന്നും മാറ്റി വേളൂരുള്ള ഒരു പറമ്പിലാക്കി. ഈ പറമ്പ് ഇന്നും ജനവാസമില്ലാത്ത നിലയില്‍ കാടുപിടിച്ച് കിടക്കുന്നതുകാണാം.
തളിയന്താനപുരം ചന്തയുടെ തെക്കുഭാഗത്തായിരുന്നു ഠാണാവ് സ്ഥിതിചെയ്തിരുന്നത്. കോവിലകത്തിന്റെ തൊട്ടുകിഴക്കുള്ള വിശാലമായ പ്രദേശത്തായിരുന്നു സൈനികര്‍ തമ്പടിച്ചിരുന്നത്. ആ പ്രദേശം പാളയം എന്നറിയപ്പെട്ടു. പാളയത്തില്‍ എന്നാണ് ആ ഭാഗത്തിരിക്കുന്ന വീടുകളുടെ പേര്‍. ഇടത്തില്‍ കോവിലകം എന്നായിരുന്നു എക്കാലത്തും തെക്കുംകൂര്‍ കൊട്ടാരങ്ങള്‍ അറിയപ്പെട്ടത്. ഇപ്പോള്‍ കോവിലകമിരിക്കുന്ന സ്ഥലത്തെ വീടുകള്‍ ഇടത്തില്‍, ഇടത്തില്‍ കരോട്ട്, ഇടത്തില്‍പറമ്പില്‍ എന്നെല്ലാം അറിയപ്പെടുന്നു.
മുന്‍കാലങ്ങളില്‍ കുടിയേറി താമസിച്ചിരുന്ന ക്രൈസ്തവര്‍ക്കുപുറമേ വിവിധ സ്ഥലങ്ങളില്‍ നിന്നും അനേകം കുടുംബങ്ങളെ കൊണ്ടുവന്നു പാര്‍പ്പിച്ചു. ഇവരെല്ലാം താഴത്തങ്ങാടി എന്ന വാണിജ്യകേന്ദ്രത്തെ രാജ്യതലസ്ഥാനനഗരിയാക്കിമാറ്റുന്നതില്‍ അക്ഷീണം പ്രയത്‌നിച്ചു, അഞ്ചേരില്‍, കൊച്ചേട്ട്, എറികാട്ട്, ഉപ്പൂട്ടില്‍, കൊല്ലപറമ്പില്‍ തുടങ്ങി അനേകം കുടുംബക്കാര്‍ ഇങ്ങനെ മറ്റു സ്ഥലങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നവരാണ്. 1450 നോടടുത്താണ് തെക്കുംകൂര്‍ താഴത്തങ്ങാടിയെ ഇത്തരത്തില്‍ വികസിപ്പിച്ചെടുത്തത്. കിഴക്കന്‍ മലഞ്ചരക്കുകള്‍ വള്ളങ്ങളില്‍ താഴത്തങ്ങാടിയിലേക്കെത്തുന്ന മുഖ്യകവാടത്തിലായിരുന്നു ചുങ്കം പിരിച്ചിരുന്നത്. ആ പ്രദേശത്തെ ഇന്നും ചുങ്കം എന്നറിയപ്പെടുന്നു.
കൊട്ടാരവും പാളയവും തളിയില്‍ ക്ഷേത്രവുമെല്ലാം ഉള്‍പ്പെടുന്ന രാജകീയസമുച്ചയത്തിനു ചുറ്റുമായി കുന്നിന്റെ ഓരങ്ങള്‍ ചുറ്റി വിശാലമായ ഒരു കോട്ട തെക്കുംകൂര്‍ രാജാവ് കെട്ടിയുണ്ടാക്കി. ഉയര്‍ന്ന ആറു കൊത്തളങ്ങള്‍ ഈ കോട്ടയ്ക്കുണ്ടായിരുന്നു. കട്ടിയേറിയ വെട്ടുകല്ലുകള്‍ ആയിരുന്നു ഇത് നിര്‍മ്മിക്കാനുപയോഗിച്ചിരുന്നത്. താഴത്തങ്ങാടിയുടെ പതനത്തിനുശേഷം പത്തൊമ്പതാം നുറ്റാണ്ടിന്റെ അന്ത്യത്തില്‍ തിരുവിതാംകൂറിലെ ദിവാന്‍ പേഷ്‌കാര്‍ പൊളിഞ്ഞുകിടന്നിരുന്ന ഈ കോട്ടയുടെ കല്ലുകള്‍ ലേലം ചെയ്യുകയും ബാക്കി വന്നവ തിരുനക്കരയിലെ കേരളപുരംകുളം, പാറപ്പാടം ക്ഷേത്രക്കുളം ഇവയുടെ തിട്ടകള്‍ കെട്ടി സംരക്ഷിക്കാന്‍ ഉപയോഗിച്ചതായി രേഖകളുണ്ട്.
ഏതാണ്ട് 60 വര്‍ഷം മുമ്പുവരെ കൊത്തളം നിലനിന്നിരുന്നതിന്റെ അടയാളങ്ങള്‍ കാണപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് മുനിസിപ്പല്‍ റോഡ് വികസനത്തോടെ ഇതെല്ലാം മണ്‍മറഞ്ഞുപോവുകയാണുണ്ടായത്. എന്തുകൊണ്ടാണ് രാജവാഴ്ചയുടെ ശേഷിപ്പുകള്‍ ഈ പ്രദേശത്ത് തീരെയില്ലാതായത് എന്ന ചോദ്യം ഉയര്‍ന്നേക്കാം. എന്നാല്‍ അതിനു കാരണമായ സാഹചര്യം വഴിയേ വിശദീകരിക്കാം.
താഴത്തങ്ങാടിയിലേയ്ക്ക് ഒരു ഡിജിറ്റല്‍ യാത്ര പോയാലോ?
ആദ്യം തളിയില്‍ മഹാദേവ ക്ഷേത്രം
ഇനി താഴത്തങ്ങാടി ജുമാ മസ്ജിദ്