വിറച്ചുകൊണ്ട് രണ്ടുപേരും അവരുടെ മുമ്പിലെത്തി. സ്വര്‍ണ്ണത്തേരിന്റെ മുമ്പില്‍ നമസ്‌കരിച്ചു. “ഞാന്‍ നിങ്ങളുടെ പശുക്കളെപ്പറ്റി സംസാരിക്കാനാണ് വന്നത്.” പ്രഭു പറയാന്‍ തുടങ്ങി..
നോവല് / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
ഊണ്‍മേശ ഒരുക്കിക്കൊണ്ടിരുന്ന ബട്ടര്‍കപ്പ് തലയുയര്‍ത്തി അച്ഛനേയും അമ്മയേയും നോക്കി.
“അവരൊക്കെ ഹംപര്‍ഡിന്‍ക്ക് രാജകുമാരനെ കാണാന്‍ പോവ്വായിരിക്കും” – അമ്മ.
“വെറും നായാട്ടാണ് ഈ രാജകുമാരന്റെ ജോലി”- അച്ഛന്‍.
“അവരൊക്കെ ഈ വഴി കടന്നുപോവുന്നത് കാണാന്‍ കഴിഞ്ഞ നമ്മള്‍ ഭാഗ്യവാന്‍മാരാണ്.” എന്നാശ്ചര്യത്തോടെ പറഞ്ഞുകൊണ്ട് അമ്മ അച്ഛന്റെ കരം കവര്‍ന്നു.
“എനിക്കിനി സന്തോഷത്തോടെ മരിക്കാം”- അച്ഛന്‍.[]
“അയ്യേ! അങ്ങനെ പറയല്ലെ? – അമ്മ. ദിവസം മുഴുവനും അച്ഛനോട് കലഹിച്ചുകൊണ്ടിരുന്ന അമ്മയുടെ ശബ്ദത്തില്‍ ഇപ്പോള്‍ സ്‌നേഹം നിറഞ്ഞുതുളുമ്പിയിരുന്നു. (മാത്രമല്ല, രണ്ടുകൊല്ലത്തിനുശേഷം അച്ഛന്‍ മരിച്ച അന്നുതന്നെ അമ്മയും അച്ഛനെ പിന്തുടര്‍ന്നു. അവളെ അറിയുന്നവരൊക്കെ കലഹിക്കാനുള്ള ആള്‍ നഷ്ടപ്പെട്ടത് കാരണമാണ് അവളും പെട്ടെന്ന് മരിച്ചതെന്ന് പറഞ്ഞു).
ബട്ടര്‍കപ്പ് അമ്മയുടെയും അച്ഛന്റെയും പിന്നിലായി വന്നുനിന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി. അവളും ആശ്ചര്യത്തോടെ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ടിരുന്നു. തോട്ടത്തിനപ്പുറത്തെ വഴിയിലൂടെ പ്രഭുവും പ്രഭ്വിയും വേലക്കാരും പടയാളികളും സേവകരും കടന്നുപോയ്‌ക്കൊണ്ടിരുന്നു. ബട്ടര്‍കപ്പിന്റെ അച്ഛന്‍ എന്നും ഒരു പ്രഭുവിനെപ്പോലെ കഴിയാന്‍ ആഗ്രഹിച്ചിരുന്നു. റൂഗന്‍ പ്രഭുവും രാജകുമാരനും നായാടിക്കൊണ്ടിരുന്ന സ്ഥലത്തിന്റെ രണ്ടു നാഴിക അപ്പുറത്തുകൂടെ അയാള്‍ കടന്നുപോയിരുന്നു. അതായിരുന്നു അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവം. അയാള്‍ നല്ലൊരു കര്‍ഷകനായിരുന്നു. പക്ഷേ, ഒരിക്കലും നല്ലൊരു ഭര്‍ത്താവായിരുന്നില്ല.
ദിവസം മുഴുവനും അച്ഛനോട് കലഹിച്ചുകൊണ്ടിരുന്ന അമ്മയുടെ ശബ്ദത്തില്‍ ഇപ്പോള്‍ സ്‌നേഹം നിറഞ്ഞുതുളുമ്പിയിരുന്നു.
അച്ഛന്റെയും അമ്മയുടെയും പിന്നില്‍ കറിപ്പാത്രം കൈകളിലേന്തി നിന്നിരുന്ന കുതിരയുടെ മണമുള്ള ബട്ടര്‍കപ്പ് ആലോചിച്ചിരുന്നത് ഘോഷയാത്ര കുറച്ചുകൂടെ അടുത്തായിരുന്നെങ്കില്‍ പ്രഭ്വിയുടെ ഉടുപ്പുകള്‍ നന്നായി കാണാമായിരുന്നല്ലോ എന്നായിരുന്നു. എന്തു രസമായിരിക്കും അപ്പോള്‍.
അവളുടെ ആഗ്രഹം അറിഞ്ഞിട്ടെന്നപോലെ ഘോഷയാത്ര പെട്ടെന്ന്
തിരിഞ്ഞ് അവരുടെ വീട്ടുവളപ്പിലേക്ക് പ്രവേശിച്ചു.
“ഇവിടേക്ക്. എന്റെ ദൈവമേ, എന്താണിത്?” അച്ഛന്‍.
“നിങ്ങള്‍ നികുതി കൊടുക്കാന്‍ മറന്നോ”. പരിഭ്രമത്തോടെ, അമ്മ. “അങ്ങനെ ആണെങ്കില്‍ത്തന്നെ അതു വാങ്ങാന്‍ ഇത്ര ആള്‍ക്കാര്‍ വേണ്ടല്ലോ”- അച്ഛന്‍.
“അവരെ പോയിക്കാണൂ”- അമ്മ.
“നീ പോയിക്കാണൂ”- അച്ഛന്‍.
“നിങ്ങള്‍-“- അമ്മ.
“അല്ല, നീ”- അച്ഛന്.
മറിയാം. അതുകൊണ്ട് പശുക്കളെ വളര്‍ത്തുന്നതിന്റെ രഹസ്യം നിങ്ങളോടു പഠിക്കാനാണ് ഞാന്‍ വന്നത്.”
“പശുക്കളോ-” ബട്ടര്‍കപ്പിന്റെ അച്ഛന് ആശ്ചര്യമായി. അയാള്‍ക്ക് പശുക്കളുണ്ടെന്നത് ശരിതന്നെ. പക്ഷേ, ഒക്കെ ചാവാളികളായിരുന്നു. കാലിച്ചെക്കന്‍ വന്നതിനുശേഷമാണ് അവയുടെ ശരീരത്തില്‍ അല്പാല്പം മാംസമുണ്ടാകാന്‍ തുടങ്ങിയതുതന്നെ. മാത്രമല്ല, അവറ്റകളുടെ പാലിനെപ്പറ്റി ഗ്രാമവാസികള്‍ക്കൊക്കെ നിറയെ ആക്ഷേപമുണ്ടായിരുന്നു. എന്നാലും രാജാവിനോടും പ്രഭുവിനോടും ആരെങ്കിലും വാദിക്കാന്‍ നില്ക്കുമോ?
“എന്താണ് നമ്മുടെ രഹസ്യം.” അച്ഛന്‍ അമ്മയുടെ നേരെ തിരിഞ്ഞു. “രഹസ്യങ്ങള്‍ വളരെയുണ്ട്”- അമ്മ. ഭര്‍ത്താവിനോട് എന്നും വഴക്കടിക്കുന്ന ഒരു വഴക്കാളിയാണവളെങ്കിലും ഇത്തരം കാര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ പെണ്ണുങ്ങള്‍ സാധാരണ കാണിക്കാറുള്ള സാമര്‍ത്ഥ്യത്തോടെ അവള്‍ പറഞ്ഞു.
“നിങ്ങള്‍ക്ക് കുട്ടികളില്ലേ”- പ്രഭു.
“ഉണ്ട്-” അമ്മ.
“എന്നാല്‍ അവളെ വിളിക്കൂ-” പ്രഭു. “ഒരുപക്ഷേ, അവള്‍ക്ക് നിങ്ങളേക്കാള്‍ നന്നായി ഇക്കാര്യം പറയാന്‍ പറ്റും. ”
“ബട്ടര്‍കപ്പ്, പുറത്തേക്കു വരൂ-” അച്ഛന്‍.
“ഞങ്ങള്‍ക്ക് മകളാണുള്ളതെന്ന് നിങ്ങള്‍ എങ്ങനെ അറിഞ്ഞു?”.- ആശ്ചര്യത്തോടെ അമ്മ. “ഞാനങ്ങനെ ഊഹിച്ചു. ചിലപ്പോള്‍ എന്റെ ഊഹം ശരിയാവാറുണ്ട്.”
“ഇന്നെന്റെ…” പ്രഭു ഇടയ്ക്കുവെച്ചു നിര്‍ത്തി. കാരണം ബട്ടര്‍കപ്പ് അച്ഛന്റെയും അമ്മയുടേയും അടുത്തേക്ക് നടന്നുവരുന്നുണ്ടായിരുന്നു.
പ്രഭു തേരില്‍നിന്നിറങ്ങി. അവളെ പ്രതീക്ഷിച്ചുനിന്നു.
പ്രഭു അവളില്‍നിന്ന് കണ്ണു പറിച്ചതേ ഇല്ല. അയാള്‍ക്കൊന്നും സംസാരിക്കാനും കഴിയുന്നില്ല. നോക്കണം. അവള്‍ ലോകത്തിലെ ഇരുപതു സുന്ദരികളില്‍
ഒരാള്‍ മാത്രമായിരുന്നു.
പ്രഭു അവളില്‍നിന്ന് കണ്ണു പറിച്ചതേ ഇല്ല. അയാള്‍ക്കൊന്നും സംസാരിക്കാനും കഴിയുന്നില്ല. നോക്കണം. അവള്‍ ലോകത്തിലെ ഇരുപതു സുന്ദരികളില്‍
ഒരാള്‍ മാത്രമായിരുന്നു. അവളുടെ മുടി കോതിക്കെട്ടി വെച്ചിട്ടില്ല. മേലാകെ അഴുക്കും ചെളിയുമായിരുന്നു. അവള്‍ക്ക് വെറും പതിനേഴുവയസ്സേ ഉണ്ടായിരുന്നുള്ളൂ. സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും നിലനിര്‍ത്താനും അവള്‍ ഒന്നും ചെയ്തിട്ടില്ല.
“നമ്മള്‍ പശുക്കളെ ഇത്ര നന്നായി വളര്‍ത്തുന്നതിന്റെ രഹസ്യം പ്രഭുവിനറിയണം മോളേ!-” അച്ഛന്‍.
പ്രഭു വെറുതെ തലയാട്ടി. ബട്ടര്‍കപ്പിന്റെ അമ്മയ്ക്ക് എന്തോ അസ്വാസ്ഥ്യം തോന്നിത്തുടങ്ങി.
“കാലിച്ചെക്കനോട് ചോദിക്കൂ! അവനാണവയെ വളര്‍ത്തുന്നത്”- ബട്ടര്‍കപ്പിന്റെ മറുപടി.
“അവനാണോ കാലിച്ചെക്കന്‍”- തേരിനുള്ളില്‍നിന്ന് സ്ത്രീശബ്ദം.
തേരിന്റെ കവാടത്തില്‍ പ്രഭ്വിയുടെ മുഖം പ്രത്യക്ഷപ്പെട്ടു. ലോകത്തിലെ എല്ലാ നിറങ്ങളും അവളുടെ മുഖത്തുണ്ടായിരുന്നു. ബട്ടര്‍കപ്പിന്റെ കണ്ണഞ്ചിപ്പോയി.
പ്രഭ്വി കൈ ചൂണ്ടിയിടത്തേക്ക് ബട്ടര്‍കപ്പിന്റെ അച്ഛന്‍ തിരിഞ്ഞുനോക്കി. വീടിന്റെ ഒരു മൂലയ്ക്ക് അവന്‍ ഈ രംഗം ഒളിഞ്ഞുനോക്കി നില്ക്കുന്നതയാള്‍ കണ്ടു.
“അവനെ ഇങ്ങു കൊണ്ടുവരൂ”- പ്രഭ്വി.
“സാരമില്ല. ഉടുപ്പില്ലെങ്കിലും കുഴപ്പമില്ല. നിന്നെത്തന്നെയാണ് വിളിക്കുന്നത്, ഇങ്ങോട്ടു വരൂ വേഗം”- പ്രഭ്വി.
കാലിച്ചെക്കന്‍ പറഞ്ഞതുപോലെ ചെയ്തു. അവന്‍ പതുക്കെ നടന്നുവന്ന് ബട്ടര്‍കപ്പിന്റെ പിന്നിലായി തലതാഴ്ത്തി നിന്നു. അവന്റെ വസ്ത്രങ്ങള്‍ ആകെ കീറിപ്പറിഞ്ഞിരുന്നു. നാണിച്ചു ചൂളിയാണവന്‍ നിന്നത്.
നെഞ്ചത്ത് കൈകെട്ടി തലതാഴ്ത്തി അവന്‍ നിന്നു.
“നിനക്കൊരു പേരില്ലേ കാലിച്ചെക്കാ”- പ്രഭ്വി.
“വെസ്റ്റ്‌ലീ, പ്രഭ്വി”- കാലിച്ചെക്കന്‍.
“ശരി വെസ്റ്റലീ, നിനക്ക് ഞങ്ങളെ സഹായിക്കാന്‍ പറ്റും. എങ്ങനെയാണ് പശുക്കളെ ഇത്ര നന്നായി വളര്‍ത്തുന്നതെന്നറിയാന്‍ ആകാംക്ഷയുള്ളവരാണ് ഞങ്ങള്‍”
“നീ എന്താണ് ചെയ്യാറുള്ളത്?” പ്രഭ്വിയുടെ മനോഹരമായ വസ്ത്രം അവന്റെ ചെളിപുരണ്ട ശരീരത്തെ സ്പര്‍ശിക്കുന്നുണ്ടായിരുന്നു. അവളത്രയ്ക്കടുത്താണ് നിന്നത്.
“ഞാനവയ്ക്ക് വെറുതെ ഭക്ഷണം കൊടുക്കാറാണ് പ്രഭ്വി ചെയ്യാറുള്ളത്.”
“ഇപ്പോള്‍ പ്രശ്‌നം തീര്‍ന്നു. വെസ്റ്റ്‌ലി അവയെ തീറ്റുന്നതിലാണ് മുഴുവന്‍ അത്ഭുതവും കിടക്കുന്നത്. നിനക്കതൊന്നു കാണിച്ചുതരാമോ വെസ്റ്റ്‌ലി.”
“ശരി, ഇപ്പോള്‍ത്തന്നെ വേണോ”- കാലിച്ചെക്കന്‍.
“വേണം, അതുകാണാന്‍ എനിക്ക് വല്ലാത്ത കൊതി”. ഇതു പറഞ്ഞവള്‍ തന്റെ കൈത്തണ്ട വെസ്റ്റ്‌ലിയുടെ നേരെ നീട്ടി. ആ കൈ പിടിക്കുകയല്ലാതെ വെസ്റ്റ്‌ലി മറ്റെന്തു ചെയ്യാന്‍.
“അതു വീടിന്റെ പിറകിലാണ് പ്രഭ്വി. അവിടെ ആകെ ചെളിയാണ്.”
“നിങ്ങളുടെ വസ്ത്രങ്ങള്‍ കേടാവും”- വെസ്റ്റ്‌ലി.
“സാരമില്ല. ഞാന്‍ വസ്ത്രങ്ങള്‍ ഒരിക്കലേ ധരിക്കാറുള്ളൂ. നീ അതു ചെയ്യുന്നത് കാണാനുള്ള കൊതി അടക്കാനാവുന്നില്ല.” ഈ സമയമത്രയും പ്രഭു
ബട്ടര്‍കപ്പിനെത്തന്നെ നോക്കിനില്ക്കുകയായിരുന്നു.
“ഞാനും നിന്നെ സഹായിക്കാം”- ബട്ടര്‍കപ്പ് പിന്നില്‍നിന്നു വിളിച്ചു
പറഞ്ഞു.
“അവനെങ്ങനെയാണ് ചെയ്യുന്നതെന്ന് ഞാനും ഒന്നു കണ്ടുകളയാം”- പ്രഭു.
എന്തെന്ത് അത്ഭുതങ്ങളാണ് നടക്കുന്നത്! ബട്ടര്‍കപ്പിന്റെ അച്ഛനും അമ്മയും ആലോചിച്ചു.
ആ ഘോഷയാത്ര തൊഴുത്തിലേക്ക് യാത്രയായി. ഏറ്റവും പിന്നില്‍ ബട്ടര്‍കപ്പിന്റെ അച്ഛനും അമ്മയും. അവര്‍ പ്രഭുവിനെത്തന്നെയാണ് നോക്കിയിരുന്നതും. പ്രഭു ബട്ടര്‍കപ്പിനേയും. ബട്ടര്‍കപ്പ് പ്രഭ്വിയേയും, പ്രഭ്വി വെസ്റ്റ്‌ലിയെയും.
തുടരും..
ബാബു ഭരദ്വാജ്
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായും മീഡിയവണ്‍ പ്രോഗ്രാം എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
മുന്‍ ഭാഗങ്ങള്‍ വായിക്കൂ…