മെസിയോ, എംബാപ്പെയോ? ഖത്തറിന്റെ മണ്ണിൽ ആര് വാഴും, ആര് വീഴും?
സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോൾ പ്രേമികൾക്ക് ഓർമിക്കാൻ ഒരുപാട് വക നൽകിയ, സന്തോഷവും നിരാശയും നൽകിയ, ആഹ്ലാദവും ഉന്മാദവും പിരിമുറുക്കവും സൃഷ്‌ടിച്ച, അവരുടെ രാവുകളെ പകലാക്കിമാറ്റിയ ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ അവസാനമടുക്കുകയാണ്.

ഡിസംബർ 18 ന് ഇന്ത്യൻ സമയം രാത്രി 8:30 ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയതിൽ വെച്ച് ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീന നിലവിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ എതിരിടും. അന്ന് ഖത്തറിന്റെ മണ്ണിൽ നിന്ന് വിജയിച്ച് മടങ്ങുന്നവർക്ക് ഫുട്ബോളിലെ വിശ്വവിജയികൾക്കുള്ള കിരീടവുമായി നാട്ടിലേക്ക് മടങ്ങാം.

എന്നാൽ അർജന്റീനയോ ഫ്രാൻസോ എന്ന ചോദ്യത്തിനൊപ്പം തന്നെ പ്രാധാന്യമുള്ള ചോദ്യമാണ് മെസിയോ, എംബാപ്പെയോ എന്നത്?
ഒരുവൻ വെറും 23 വയസ്സ് മാത്രം പ്രായമുള്ള, എന്നാൽ ലോകത്തിലെ ഏറ്റവും കൂടിയ പ്രതിഫലം പറ്റുന്ന, നിലവിൽ തന്നെ ഒരു ലോകകിരീടം കയ്യിലുള്ള, വേഗതയും കൃത്യതയും കൊണ്ട് എതിരാളികളെ ഞെട്ടിക്കുന്ന വിസ്മയമാവുമ്പോൾ, മറ്റൊരാൾ ഒരുപക്ഷെ തന്റെ അവസാന ലോകകപ്പ് കളിക്കുന്ന, 35 വയസ്സിന്റെ പക്വതയിലും കളി മെനയലിലോ, കളിക്കളത്തിൽ സൃഷ്‌ടിച്ചെടുക്കുന്ന അവസരങ്ങളുടെ കൃത്യതയിലോ, ഒരു ഉടവും സംഭവിക്കാത്ത എല്ലാം നേടിയിട്ടും എന്നാൽ ലോകകിരീടം മാത്രം അകന്നുനിൽക്കുന്ന ഒരു മനുഷ്യൻ.
ഇത് തന്നെയാണ് മെസിയും എംബാപ്പെയും തമ്മിലുള്ള വൈരുധ്യം. ഒരാൾക്ക്‌ മുന്നേറാൻ ഇനിയുമേറെ പാതയും സമയവും ബാക്കിയുള്ളപ്പോൾ മറ്റൊരാൾ മനുഷ്യനിൽ നിന്ന് ദൈവമായി മാറാൻ കയ്യകലത്തിലിരിക്കുന്ന ഒരു കിരീടവും പ്രതീക്ഷിച്ചിരിക്കുകയാണ്.

മെസ്സിയും എംബാപ്പെയും തമ്മിൽ ഏകദേശം 12 വയസ്സിന്റെ വ്യത്യാസമുണ്ട്. പക്ഷെ ഖത്തർ ലോകകപ്പിലെ ഇരുവരുടെയും പ്രകടനം പരിശോധിച്ചാൽ പ്രായക്കണക്കൊക്കെ നാണിച്ചു മാറി നിൽക്കും.
മെസിയും എംബാപ്പെയും ഖത്തറിൽ ഇത് വരെ അഞ്ച് ഗോളുകൾ വീതം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് ഗോൾ അവസരങ്ങളും മെസി ഖത്തറിന്റെ മണ്ണിൽ സൃഷ്‌ടിച്ചു. എംബാപ്പെ രണ്ട് ഗോള വസരങ്ങളാണ് ഇതുവരെ സൃഷ്‌ടിച്ചത്. അഞ്ച് ലോകകപ്പുകൾ കളിച്ച മെസി മൊത്തം 11 ഗോളുകൾ നേടിയപ്പോൾ, രണ്ട് ലോകകപ്പുകളിൽ നിന്നും മൊത്തം 9 ഗോളുകളാണ് എംബാപ്പെയുടെ സമ്പാദ്യം.
ഞായറാഴ്ചത്തെ ഫൈനൽ മത്സരം കൂടി കഴിയുമ്പോൾ ഈ കണക്കുകൾ മാറി മറിയാം. ലോകകപ്പിലെ ടോപ്പ് സ്കോററെ കാത്തിരിക്കുന്ന ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിലാണ് ഇരുവരും.

ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമനിൽ മറ്റൊരു സൂപ്പർ താരമായ നെയ്മർ ജൂനിയർക്കൊപ്പം ഒരുമിച്ച് കളിക്കുന്ന നെയ്മറും മെസ്സിയും ലോകകപ്പിൽ രണ്ട് ഭാഗത്തായി പോരിനിറങ്ങുമ്പോൾ ലോകം കാത്തിരിക്കുന്നത് അസാമാന്യമായ ഒരു പോരാട്ടം തന്നെയായിരിക്കും.

എംബാപ്പെയെ സംബന്ധിച്ചിടത്തോളം രണ്ട് ലോകകപ്പുകളിൽ നിന്ന് തന്നെ ഒമ്പത് ഗോളുകളും ഒരു ലോകാകിരീടവും സ്വന്തമാക്കി നേടാവുന്നതെല്ലാം കരിയറിന്റെ തുടക്കത്തിൽ തന്നെ സ്വന്തമാക്കി സമ്മർദമേതുമില്ലാതെ മുന്നോട്ട് പോകാം.
കിട്ടാക്കനിയായ ചാമ്പ്യൻസ് ലീഗ് ട്രോഫി സ്വന്തമാക്കാനും എംബാപ്പെക്ക് ഏറെ സമയവും അവസരവും ഇനിയും മുന്നിലുണ്ട്.

എന്നാൽ മെസിയെ സംബന്ധിച്ചിടത്തോളം അയാൾ പ്രതിഭ കൊണ്ടും കളി രീതി കൊണ്ടും കോടിക്കണക്കിന് ഫുട്ബോൾ ആരാധകരെ ത്രസിപ്പിച്ച വ്യക്തിത്വമാണ്. ഒരു ലോകകിരീടം നേടാൻ കഴിഞ്ഞില്ലെങ്കിൽ പോലും കാൽപന്ത് കൊണ്ട് ആ മനുഷ്യൻ കളിക്കളത്തിൽ സൃഷ്‌ടിച്ച മാന്ത്രികതയും സൗന്ദര്യവും ഫുട്ബോൾ ഉള്ള കാലത്തോളം നിലനിൽക്കുന്നതാണ്.

എന്നിരുന്നാലും മെസി ഒരു ലോകകിരീടം തീർച്ചയായും അർഹിക്കുന്നുണ്ട്. ഇല്ലെങ്കിൽ അത് സാക്ഷാൽ മിശിഹയുടെ കരിയറിലെ ഒരിക്കലും മായ്ക്കാൻ കഴിയാത്ത ഒരു അപൂർണതയായി തുടരും.

അതുകൊണ്ട് തന്നെ ടീം ഏതായാലും എത്ര ഫാൻ ഫൈറ്റുകളുടെ പേരിൽ പരിഹസിച്ചിട്ടുണ്ടെങ്കിലും ഖത്തറിൽ നിന്നും മടങ്ങുമ്പോൾ മെസി ലോക കിരീടത്തിൽ മുത്തമിട്ടുകൊണ്ട് മൈതാനം വിടട്ടെ എന്ന് മനസ്സിലെങ്കിലും ആഗ്രഹിക്കുന്ന ഒരു പാട് ഫുട്ബോൾ പ്രേമികൾ ഉണ്ടാകും എന്ന് ഉറപ്പാണ്.