ഡമസ്‌കസ്: ഹയാത്ത് അല്‍ തെഹ്‌രീറിന്റെ ഭരണത്തില്‍ സിറിയ മറ്റൊരു അഫ്ഗാനിസ്ഥാന്‍ ആയി മാറുമെന്ന ആരോപണങ്ങള്‍ നിഷേധിച്ച് സംഘടന നേതാവ് അബു മുഹമ്മദ് ജുലാനി. സിറിയയും അഫ്ഗാനും രണ്ട് വ്യത്യസ്ത സമൂഹമാണെന്നും സ്ത്രീകള്‍ വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും ജുലാനി അവകാശപ്പെട്ടു.
ഡമസ്‌കസില്‍ വെച്ച് ബി.ബി.സി പ്രതിനിധിയുമായി നടത്തിയ അഭിമുഖത്തിലാണ് ജുലാനി ഇക്കാര്യം വ്യക്തമാക്കിയത്.
സിറിയ അവരുടെ അയല്‍ രാജ്യങ്ങള്‍ക്കോ അല്ലെങ്കിലും മറ്റേതെങ്കിലും പാശ്ചാത്യ രാജ്യങ്ങള്‍ക്കോ ഭീഷണിയാവില്ലെന്നും അതിനാല്‍ സിറിയയ്ക്ക് നേരെ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്നും ജുലാനി ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഇപ്പോള്‍, ഇതെല്ലാം സംഭവിച്ചതിന് ശേഷം, ഉപരോധം പിന്‍വലിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. കാരണം ഈ ഉപരോധങ്ങള്‍ എല്ലാം തന്നെ പഴയ ഭരണത്തകൂടത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. രണ്ടും രണ്ടാണ്. ഇരയേയും വേട്ടക്കാരനയും ഒരേ രീതിയില്‍ കാണരുത്,’ ജുലാനി പറഞ്ഞു.
എച്ച്.ടി.എസിനെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ജുലാനി പറയുകയുണ്ടായി. 2016ല്‍ അല്‍-ഖ്വയ്ദയുമായി വേര്‍പിരിഞ്ഞെങ്കിലും യു.എന്‍, യു.എസ്, യൂറോപ്യന്‍ യൂണിയന്‍, യു.കെ എന്നിവരെല്ലാം തന്നെ എച്ച്.ടി.എസിനെ ഭീകരര്‍ ആയി തന്നെയാണ് കണക്കാക്കിയിരുന്നത്. അടുത്തിടെ യു.എസ്, സംഘടനയെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ എച്ച്.ടി.എസ് ഒരു ഭീകര സംഘടനയല്ലെന്ന് ജുലാനി പറഞ്ഞു. തങ്ങള്‍ ഒരിക്കലും സിവിലിയന്മാരെയോ സിവിലിയന്‍ പ്രദേശങ്ങളെയോ ലക്ഷ്യം വെച്ചിട്ടില്ലെന്നും മറിച്ച് അസദ് ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളുടെ ഇരകളാണ് തങ്ങളെന്നും ജുലാനി അവകാശപ്പെട്ടു.
തങ്ങള്‍ക്ക് എട്ട് വര്‍ഷത്തിലേറെയായി ഇദ്‌ലിബില്‍ സര്‍വകലാശാലകളുണ്ടെന്നും അവിടെയുള്ള വിദ്യാര്‍ത്ഥികളില്‍ 60 ശതമാനത്തില്‍ അധികവും സ്ത്രീകളാണെന്നും ജുലാനി പറഞ്ഞു. 2011 മുതല്‍ എച്ച്.ടി.എസിന്റെ കൈവശമുള്ള സിറിയയിലെ പ്രവിശ്യയാണ് ഇദ്‌ലിബ്.
അതേസമയം മദ്യനിരോധനം,ഭരണഘടന തുടങ്ങിയ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ തനിക്ക് അവകാശമില്ലെന്നും ഭരണാധികാരിയും പ്രസിഡന്റും കൊണ്ടുവരുന്ന നിയമം അനുസരിക്കേണ്ടിവരുമെന്നും ജുലാനി കൂട്ടിച്ചേര്‍ത്തു.
Content Highlight: HTS leader Abu Mohammad al Julani denied the reports that he wanted to turn Syria into a version of Afghanistan