| Tuesday, 6th March 2018, 9:04 am

മേഘാലയയില്‍ ബി.ജെ.പി സഖ്യത്തില്‍ പ്രതിസന്ധി; കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് സഖ്യകക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷില്ലോങ്: കോണ്‍ഗ്രസിനെ മറികടന്ന് മന്ത്രിസഭ രൂപീകരിക്കാനുള്ള ബി.ജെ.പി ശ്രമത്തില്‍ പ്രതിസന്ധി. മേഘാലയയില്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനിരിക്കുന്ന കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്.എസ്.പി.ഡി.പി) അറിയിച്ചു.

സാങ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് സഖ്യകക്ഷികളോട് ആലോചിക്കാതെയാണെന്നാണ് എച്ച്.എസ്.പി.ഡി.പി പ്രസിഡന്റ് ആര്‍ഡെന്റ് ബസൈവ്‌മോയിറ്റ് പറഞ്ഞു. സാങ്മയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാനും എച്ച്.എസ്.പി.ഡി.പി തീരുമാനിച്ചിട്ടുണ്ട്.

പ്രാദേശിക പാര്‍ട്ടികളുടെ സര്‍ക്കാരില്‍ ബി.ജെ.പിയുടെ ആവശ്യമില്ലെന്നും ബസൈവ്‌മോയിറ്റ് പറഞ്ഞു. “ഞങ്ങളെല്ലാം ചേരുമ്പോള്‍ തന്നെ ആവശ്യത്തിനുള്ള അംഗങ്ങളാവും. ബി.ജെ.പി, കോണ്‍ഗ്രസ് ഇതര സര്‍ക്കാരാണ് ഞങ്ങളുടെ ആദ്യം മുതലുള്ള നിലപാട്. ബി.ജെ.പി ഇല്ലാതെ 32 എം.എല്‍.എമാരുമായി എന്‍.പി.പിക്ക് നേതൃത്വം നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാം. എന്‍.എന്‍.പി ഇതുവരെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയത് പ്രെസ്റ്റോണ്‍ ടിന്‍സോങ്ങിനെയായിരുന്നു. ഇപ്പോഴെങ്ങനെ സാങ്മയിലെത്തി?” – അദ്ദേഹം ചോദിച്ചു.

അതേസമയം, പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്.

21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിക്കുന്നത് മറികടന്നാണ് 19 സീറ്റുകള്‍ നേടിയ എന്‍.പി.പിയെയും മറ്റ് പ്രാദേശിക പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ബി.ജെ.പി സഖ്യമുണ്ടാക്കിയത്. രണ്ട് അംഗങ്ങളുള്ള ബി.ജെ.പിക്ക് പുറമേ, യുണൈറ്റഡ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ആറ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ നാല്, എച്ച്.എസ്.പി.ഡി.പിയുടെ രണ്ട്, ഒരു സ്വതന്ത്രന്‍ എന്നിവരുടെ പിന്തുണയുണ്ട്.

We use cookies to give you the best possible experience. Learn more