പനാജി: മറാത്തി ചിത്രം ” എലിസബത്ത് എകാദശി ” ഗോവ ഫിലിം ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഹിന്ദു ജന്‍ജാഗ്രതി സമിതി. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട് എന്നാരോപിച്ചാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്.
പരേഷ് മൊകാഷി സംവിധാനം ചെയ്ത ചിത്രമാണ് “എലിസബത്ത് എകാദശി” ഐ.എഫ്.എഫ്.ഐയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്.
മഹാരാഷ്ട്രയിലെ ക്ഷേത്രനഗരമായ പന്ധര്‍പൂരില്‍ ജീവിക്കുന്ന ഒരു കുട്ടിയുടെയും അവന്റെ ഒരു പറ്റം സുഹൃത്തുക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ തലക്കെട്ടിലെ ഏകാദശി എന്ന പദം ഹിന്ദു ദേവനായ വിഷ്ണുവുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ് ഹിജു ജന്‍ജാഗ്രതി സമിതി ഐ.എഫ്.എഫ്.ഐ സംഘാടകര്‍ക്ക് മെമ്മോ നല്‍കിയിരിക്കുകയാണ്. വര്‍ഷം 24 ഏകാദശികളാണുള്ളത്. ഇതില്‍ ഓരോന്നിന്നും അതിന്റേതായ ആത്മീയ പ്രാധാന്യമുണ്ടെന്നും സംഘടന മെമ്മോയില്‍ ചൂണ്ടിക്കാട്ടുന്നു.
ചിത്രത്തിന്റെ പേരായ ” എലിസബത്ത് ഏകാദശി ” തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഏകാദശി എന്ന വാക്കിനെ മോശമായി ചിത്രീകരിക്കുന്നതാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഇത് ഹിന്ദു മതവിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ഹിന്ദു ജന്‍ജാഗ്രതി സമിതി കണ്‍വീനര്‍ ഡോ. മനോജ് സൊലങ്കി ആരോപിക്കുന്നു.
മേളയിലേക്ക് ചിത്രം തിരഞ്ഞെടുക്കുകയെന്നത് ഫിലിം ഫെസ്റ്റിവെല്‍ ഡയറക്ടറേറ്റിന്റെ പ്രത്യേകാവകാശമാണെന്ന് ഐ.എഫ്.എഫ്.ഐ നോടല്‍ ഏജന്‍സി എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവയുടെ വൈസ് ചെയര്‍മാന്‍ ദാമോദര്‍ നായിക് അഭിപ്രായപ്പെട്ടു. എന്നാല്‍ ചിത്രം ഐ.എഫ്.എഫ്.ഐയില്‍ നിന്നും പിന്‍വലിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.