കള്ളപ്പണം: എച്ച്.എസ്.ബി.സി ബാങ്കിന് 2.75 ലക്ഷം ഡോളര്‍ പിഴ
Big Buy
കള്ളപ്പണം: എച്ച്.എസ്.ബി.സി ബാങ്കിന് 2.75 ലക്ഷം ഡോളര്‍ പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th July 2012, 12:16 pm

മെക്‌സികോ സിറ്റി: കള്ളപ്പണം ഇടപാട് നടത്തിയ എച്ച്.എസ്.ബി.സി ബാങ്കിന് രണ്ട് കോടി 75 ലക്ഷം ഡോളര്‍ പിഴ ചുമത്തി.  മെക്‌സിക്കോയുടെ നാഷണല്‍ ബാങ്കിങ് ആന്റ് സെക്യൂരിറ്റീസ് കമ്മീഷനാണ് പിഴ ചുമത്തിയത്. യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായ എച്ച്.എസ്.ബി.സി വരെ പണം ഒഴുകിയതായി അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.[]

കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നു, അസാധാരണ ഇടപാടുകളെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തില്ല, തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിഴ ഈടാക്കിയത്.

കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കൈകാര്യം ചെയ്തതിന് എച്ച്.എസ്.ബി.സി ബാങ്കിനെ പ്രതിക്കൂട്ടിലാക്കി അമേരിക്കയുടെ അന്വേഷണ റിപ്പോര്‍ട്ട്  പുറത്തുവന്നതിന് പിന്നാലെ എച്ച്.എസ്.ബി.സി സി.ഇ.ഒ സെനറ്റിന് മുമ്പാകെ മാപ്പ് പറഞ്ഞിരുന്നു.

ബാങ്കിന്റെ അമേരിക്കന്‍ ശാഖവഴി ഭീകരവാദ സംഘടനയായ അല്‍ഖ്വയ്ദക്ക് വരെ പണം എത്തിയതായി യു.എസ് സെനറ്റ് കണ്ടെത്തിയിരുന്നു.

മെക്‌സിക്കോ, ഇറാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ കുപ്രസിദ്ധ ഇടപാടുകള്‍ക്ക് ഫണ്ട് നല്‍കിയതായും കണ്ടെത്തിയിരുന്നു.

അമേരിക്കന്‍ സെനറ്റിന്റെ സ്ഥിരം ഉപദേശക സമിതി രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഒരു ബാങ്കിന് ഇതുവരെ ചുമത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ പിഴയാണ് എച്ച്.എസ്.ബി.സിക്ക് നാഷണല്‍ ബാങ്കിങ് ആന്റ് സെക്യൂരിറ്റീസ് കമ്മീഷന്‍ ചുമത്തിയിട്ടുള്ളത്.