ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷവിമര്‍ശനവുമായി മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്.
മിഡില്‍ഈസ്റ്റ് രാജ്യങ്ങളില്‍ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി ശക്തമായി നിലകൊള്ളുന്നതില്‍ ബൈഡനും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കളും പരാജയപ്പെട്ടു എന്നായിരുന്നു ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിമര്‍ശിച്ചത്.
വാച്ചിന്റെ വാര്‍ഷിക ആഗോള റിപ്പോര്‍ട്ടിലായിരുന്നു ബൈഡനടക്കമുള്ള പാശ്ചാത്യ നേതാക്കള്‍ക്കെതിരായ പരാമര്‍ശം.
സൗദി അറേബ്യ, ഇസ്രഈല്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് ബൈഡന്റെ നേതൃത്വത്തിലുള്ള അമേരിക്ക നല്‍കുന്ന പിന്തുണ അവരുടെ വിദേശ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും എച്ച്.ആര്‍.ഡബ്ല്യു ആരോപിച്ചു.
”മനുഷ്യാവകാശങ്ങളില്‍ അധിഷ്ഠിതമായ വിദേശ നയങ്ങളായിരിക്കും സ്വീകരിക്കുക എന്ന് ബൈഡന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സൗദി അറേബ്യ, ഇസ്രഈല്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് ആയുധം വില്‍ക്കുന്നത് ബൈഡന്‍ തുടര്‍ന്നു.
ഈ രാജ്യങ്ങളുടെ അടിച്ചമര്‍ത്തല്‍ ഭരണം കണക്കിലെടുക്കാതെയായിരുന്നു ആയുധം വില്‍പന നടത്തി പിന്തുണ നല്‍കിയത്. പ്രധാനപ്പെട്ട ഉച്ചകോടികളില്‍, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെ പബ്ലിക്കായി അപലപിക്കേണ്ട സമയത്ത് ബൈഡന് ശബ്ദം നഷ്ടപ്പെടും,” റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനെയും അതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെന്നെത് റോതിനെയും വിമര്‍ശിച്ചിരുന്നയാളായിരുന്നു യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ട്രംപില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി മനുഷ്യാവകാശങ്ങളിലൂന്നിയ ഭരണമായിരുന്നു ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നത്.
എന്നാല്‍ ഇതില്‍ നിന്നും വിരുദ്ധമായ ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സൗദി, യു.എ.ഇ, ഈജിപ്ത് രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളിലെ മക്രോണിന്റെ മൗനമാണ് വിമര്‍ശിക്കപ്പെട്ടത്.