Entertainment news
ഷാരൂഖിന്റെ അവസരം തട്ടിയെടുത്താണ് ഞാന്‍ സിനിമയിലേക്ക വരുന്നത്; ആദ്യ സിനിമയെ കുറിച്ച് ഹൃത്വിക് റോഷന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 03, 08:50 am
Tuesday, 3rd January 2023, 2:20 pm

ആദ്യ സിനിമയിലേക്കുള്ള എന്‍ട്രി താന്‍ നേടിയത് ഷാരൂഖ് ഖാന്റ സ്ഥാനം തട്ടിയെടുത്ത് കൊണ്ടാണെന്ന് ഹൃത്വിക് റോഷന്‍. അച്ഛന്‍ രാകേഷ് റോഷന്‍ വലിയൊരു താരത്തെ വച്ച് ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന സിനിമയായിരുന്നു കഹോന പ്യാര്‍ ഹേ. എന്നാല്‍ താന്‍ അച്ഛനെ പറഞ്ഞ് പാട്ടിലാക്കുകയായിരുന്നുവെന്നാണ് ഹൃത്വിക് പറയുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അച്ഛന്‍ എന്നോട് പലതവണ പറഞ്ഞിട്ടുണ്ട് ഞാന്‍ നിനക്ക് വേണ്ടി സിനിമയുണ്ടാക്കില്ലായെന്ന്. നീ തന്നെ നിന്റെ കാര്യം നോക്കണമെന്ന്. അതുകൊണ്ട് ആ സമയത്ത് ഞാന്‍ സ്‌ക്രീന്‍ ടെസ്റ്റുകളൊക്കെ ചെയ്യുന്നുണ്ടായിരുന്നു. കുറച്ച് സ്‌ക്രീന്‍ ടെസ്റ്റൊക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ ജോലി നോക്കാന്‍ തുടങ്ങി. ഫോട്ടോ സെഷന് കൊടുക്കാനായി ഫോട്ടോയെടുക്കാന്‍ കയ്യില്‍ കാശുണ്ടായിരുന്നില്ല.

ഫോട്ടോ സെഷന് സഹായിച്ച ദബൂ രത്നാനിയോട് പറഞ്ഞത് ജോലി കിട്ടിയിട്ട് പൈസ തരാമെന്നാണ്. ഇതൊക്കെ നടക്കുന്നിനിടെയാണ് എനിക്ക് ഈ ഓഫര്‍ കിട്ടുന്നത്. ഞാന്‍ ഇങ്ങനെ ഫോട്ടോ സെഷന് പോകുന്നതും എനിക്ക് ഓഫറുകള്‍ വരുന്നതുമൊക്കെ അറിഞ്ഞപ്പോള്‍, ഇവിടെ എന്തൊക്കെയാണ് നടക്കുന്നതെന്നാണ് അച്ഛന്‍ ചോദിച്ചത്.

ആ സമയത്ത് അച്ഛന്‍ ആമിറിനോ ഷാരൂഖിനോ ഒപ്പം ഒരു സിനിമ ചെയ്യുകയായിരുന്നു. അച്ഛന് മറ്റൊരു സിനിമ ചെയ്യാനുള്ള ഐഡിയ കൂടിയുണ്ടായിരുന്നു. അതേക്കുറിച്ച് എഴുത്തുകാരുമായി സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാനും ഈ പ്രോസസിന്റെ ഭാഗമായിരുന്നു. കുറച്ചായപ്പോഴേക്കും നായകനും നായികയും പുതിയ ആളുകള്‍ വേണമെന്ന് എല്ലാവരും പറയാന്‍ തുടങ്ങി.

അങ്ങനെ പറയുന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ഷാരൂഖ് ഖാന്‍ ഈ സിനിമ ചെയ്യുന്നത് എനിക്ക് കാണെണ്ടായെന്ന് ഞാന്‍ പപ്പയോട് പറഞ്ഞു. നിരന്തരം ഞാന്‍ അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു എന്റെ മനസിലുള്ള നായകന്‍ ഷാരൂഖല്ല മറ്റൊരാളാണെന്ന്. അത് കേട്ടപ്പോള്‍ എനിക്ക് കൂടുതല്‍ ടെന്‍ഷനായി. അവസാനം പപ്പ എന്നോട് പറഞ്ഞു അടുത്ത സിനിമയിലെ നായകനാക്കുന്നത് എന്നെയാണെന്ന്,’ ഹൃത്വിക് റോഷന്‍ പറഞ്ഞു.

അതേസമയം വിക്രം വേദയാണ് ഹൃത്തിക്കിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. എന്നാല്‍ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്തിക് അവതരിപ്പിച്ചത്. ഫൈറ്ററാണ് ഹൃത്തിക്കിന്റെ അണിയറയിലുള്ള സിനിമ. ദീപിക പദുക്കോണണാണ് സിനിമയില്‍ നായികയായെത്തുന്നത്.

CONTENT HIGHLIGHT: HRITHIK ROSHAN TALKS ABOUT HIS FIRST MOVIE