| Monday, 7th August 2023, 6:12 pm

'കോയി മിൽഗയ' സംഭവിക്കില്ലായിരുന്നു; അനിൽ കപൂറാണ് അച്ഛനെക്കൊണ്ട് സമ്മതിപ്പിച്ചത്: ഹൃതിക് റോഷൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോയി മിൽഗയ എന്ന ബോളിവുഡ് ചിത്രം ചെയ്യുന്നതിൽ നിന്നും രാകേഷ് റോഷൻ പിന്മാറിയിരുന്നെന്നു നടൻ ഹൃതിക് റോഷൻ. തന്റെ അച്ഛന്റെ അടുത്ത സുഹൃത്തായ അനിൽ കപൂർ ആണ് അദ്ദേഹത്തെക്കൊണ്ട് ചിത്രം ചെയ്യാൻ നിർബന്ധിച്ചതെന്നും ഈ ചിത്രത്തിൽ അഭിനയിക്കാൻ തനിക്ക് വളരെ ആഗ്രഹമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോയി മിൽഗയ ഇറങ്ങുമ്പോൾ ഞാൻ ആക്ഷൻ സിനിമകൾ ആണ് ചെയ്തുകൊണ്ടിരുന്നത്. എന്റെ എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ ഫ്ലോപ്പുകൾ ആയിരുന്നു. ഈ സമയത്താണ് അച്ഛൻ (രാകേഷ് റോഷൻ) മെന്റലി ചാലൻജെഡ് ആയിട്ടുള്ള കുട്ടിയുടെ വേഷം എന്നെക്കൊണ്ട് ചെയ്യിക്കുന്നത്, തുടരെ തുടരെ ഫ്ലോപ്പുകൾ മാത്രം ബോക്സ് ഓഫീസിൽ കൊടുത്ത ഞാനാണെന്നുകൂടി ഓർക്കണം. അതിലൂടെ അച്ഛൻ എല്ലാത്തിനോടും ബെറ്റുവെക്കുകയായിരുന്നു.

ഇങ്ങനെ ഒരു ഐഡിയ ഉണ്ടായപ്പോൾ തന്നെ ആ ത്രെഡിനോടുള്ള എന്റെ അമിതമായ ആകാംലക്ഷയും പ്രതികരണവുമായിരിക്കും അദ്ദേഹത്തെക്കൊണ്ട് ഇത്തരത്തിലുള്ള ഒരു റിസ്ക് എടുക്കാൻ പ്രേരിപ്പിച്ചത്. ഈ കഥ കേട്ടപ്പോൾ മുതൽ ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു. ഇത്തരമൊരു നല്ല കഥാപാത്രം ചെയ്യുന്ന കാര്യം ഓർത്തിട്ട് ഞാൻ വളരെ ത്രില്ലിൽ ആയിരുന്നു. എനിക്ക് അപ്പോൾ തന്നെ തോന്നി ഈ കഥാപാത്രം കൊണ്ട് അല്ലെങ്കിൽ ഈ സിനിമ കൊണ്ട് ധാരാളം എക്‌സ്‌പ്ലോർ ചെയ്യാനുണ്ടെന്ന്‌. ഇതൊക്കെ കണ്ടതുകൊണ്ടാകാം എന്നെവെച്ച് ഇത്തരത്തിൽ ഒരു ചിത്രം ചെയ്യാൻ അച്ഛന് ധൈര്യം ഉണ്ടായത്.

പുറംലോകവും നല്ലൊരു അനുഭവമാണ് നൽകിയത്. ഇത്രയും നാളും ഒരു ആക്ഷൻ ഹീറോ ആയിട്ട് അഭിനയിച്ച ഒരാളെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ വേഷം ചെയ്യിക്കുന്നു. കൂടാതെ ജാദുവും സ്‌പേസ്‌ഷിപ്പുമൊക്കെയുണ്ട്. ഒരു സൈ- ഫൈ ചിത്രമാണ് എടുക്കുന്നത്, ഇതിലൂടെ എന്തായാലും നിങ്ങളുടെ മകൻ ഒരു സൂപ്പർ ഹീറോ ആയി തിരികെയെത്തും എന്നായിരുന്നു എല്ലാവരും പറഞ്ഞത്.

പക്ഷെ, പിന്നീട് ഒരു ബ്രേക്കിങ് പോയിന്റിൽ എത്തി. ഇത് ചെയ്യുന്നില്ല എന്നുള്ള ഒരു തീരുമാനത്തിലെത്തി. അച്ഛന്റെ അടുത്ത സുഹൃത്തായ അനിൽ കപൂറിനോട് സംസാരിക്കുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ് അദ്ദേഹത്തിന് എന്നെയും.

ഇപ്പോൾ അച്ഛൻ എന്തുകൊണ്ടാണ് ഈ പ്രൊജക്റ്റ് വേണ്ടെന്ന് വെക്കുന്നതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. കഥ വളരെ ഇഷ്ടമായിരുന്നെന്നാണ് പുള്ളി പറഞ്ഞത്. അച്ഛനെക്കൊണ്ട് എങ്ങനെയെങ്കിലും ഇത് സമ്മതിപ്പിക്കണമെന്ന് ഞാൻ പറഞ്ഞു. എനിക്കതിനോടുള്ള താൽപര്യം ചിലപ്പോൾ അദ്ദേഹം എന്റെ കണ്ണുകളിൽ കണ്ടുകാണും. ചിത്രം ചെയ്യുന്നില്ലെന്ന തീരുമാനം എത്രത്തോളം മനസിനെ വിഷമിപ്പിച്ചെന്ന് പുള്ളിക്ക് നന്നായി മനസിലായി.

അതിനുശേഷം പുള്ളി അച്ഛനുമായി സംസാരിച്ചു. ആ ചർച്ചയിലേക്ക് ഞാനും കയറി ചെന്നു. അപ്പോൾ അച്ഛന്റെ കണ്ണിൽ ഒരു വെളിച്ചം കാണാൻ സാധിച്ചു. കഥ പിന്നെയും സ്വിച്ച് ഓൺ ആയി.

പിന്നെയുള്ള യാത്ര റിസ്‌ക്കുകളിലൂടെയായിരുന്നു. എങ്കിലും അച്ഛൻ എന്നോട് പറഞ്ഞു നമുക്ക് മുന്നോട്ട് പോകാമെന്ന്. അപ്പോൾ എനിക്ക് മനസിലായി ഇനി ഈ വർക്കിനെ ആർക്കും തോൽപ്പിക്കാനാകില്ലെന്ന്,’ ഹൃതിക് റോഷൻ പറഞ്ഞു.

Content Highlights: Hrithik Roshan on Koi Mil Gaya

We use cookies to give you the best possible experience. Learn more