| Thursday, 29th September 2022, 9:15 am

നേരത്തെ ചെയ്തത് നോക്കിയല്ല ഞാന്‍ അഭിനയിക്കുന്നത്; വിജയ് സേതുപതിയുടെ വേദയെ കുറിച്ചുള്ള ചോദ്യത്തോട് ഹൃത്വിക് റോഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2017ലിറങ്ങി തമിഴില്‍ തരംഗമായി മാറിയ വിക്രം വേദയുടെ ഹിന്ദി പതിപ്പ് റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 30ന് തിയേറ്ററിലിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുഷ്‌കര്‍-ഗായത്രി ടീം തന്നെയാണ്.

തമിഴില്‍ മാധവന്‍ ചെയ്ത പൊലീസ് ഓഫീസറായി ഹിന്ദിയിലെത്തുന്നത് സെയ്ഫ് അലി ഖാനാണ്. വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായ ഗ്യാങ്സ്റ്ററെ അവതരിപ്പിക്കുന്നുത് ഹൃത്വിക് റോഷനാണ്.

വിജയ് സേതുപതിയുടെ ഐക്കോണിക് ‘ ഒരു കഥ സൊല്ലുട്ടമാ സാര്‍’ ഉം പൊറോട്ട കഴിക്കുന്നത് വിവരിക്കുന്നതുമെല്ലാം ഹൃത്വിക് റോഷന്‍ എങ്ങനെ അവതരിപ്പിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

വിക്രം വേദ ആദ്യമായി കണ്ടപ്പോള്‍ സിനിമ ചെയ്യാന്‍ ആഗ്രഹം തോന്നിയതിനെ കുറിച്ചും, തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രോസസിനെ കുറിച്ചും സംസാരിക്കുകയാണ് ഹൃത്വിക് റോഷന്‍ ഇപ്പോള്‍.

‘ഞാന്‍ 2017ല്‍ വിക്രം വേദ കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു. അത്രയും ഗംഭീര സിനിമയായിരുന്നു. എനിക്കെന്തായാലും ഈ സിനിമ ചെയ്യണം എന്ന് അപ്പോഴേ തോന്നിയിരുന്നു.

വിക്രം വേദ റീമേക്ക് ചെയ്യുകയാണെങ്കില്‍ എനിക്ക് അതില്‍ അഭിനയിക്കണമെന്ന് ആഗ്രഹം തോന്നി. ഞാന്‍ ആ ആഗ്രഹം ഈ പ്രപഞ്ചത്തോട് പറഞ്ഞു. അങ്ങനെ മൂന്ന് വര്‍ഷത്തിന് ശേഷം ആ വേഷം എന്നിലേക്ക് കറങ്ങിതിരിഞ്ഞെത്തി,’ ഹൃത്വിക് റോഷന്‍ പറയുന്നു.

വിജയ് സേതുപതി അവതരിപ്പിച്ച വേദ എന്ന കഥാപാത്രത്തെ ഹിന്ദിയിലേക്ക് കൊണ്ടുവരുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ നടത്തേണ്ടി വന്നുവെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ‘നേരത്തെ ചെയ്തുവെച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാതിരിക്കണം എന്ന നിലയിലല്ല ഞാന്‍ ഈ സിനിമയെ സമീപിച്ചത്.

എനിക്ക് വേദ എന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ടമായി. ആ കഥാപാത്രത്തെ ഞാന്‍ എന്റെയുള്ളില്‍ കണ്ടെത്തി. പിന്നെ അതിനെ അവതരിപ്പിച്ചു. ഞാന്‍ വിക്രമായാല്‍ എങ്ങനെയിരിക്കും അതുപോലെ തന്നെയാണ് ചെയ്തത്. ഏറ്റവും മികച്ചത് നല്‍കാനാണ് ശ്രമിച്ചിരിക്കുന്നത്. അതില്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലല്ലോ,’ ഹൃത്വിക് റോഷന്‍ പറഞ്ഞു.

ചിത്രത്തിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായ കഥാപാത്രത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ സെയ്ഫ് അലി ഖാനും നേരത്തെ പങ്കുവെച്ചിരുന്നു. തന്റെ കഥാപാത്രത്തിന്റെ പ്രവര്‍ത്തികളോട് വ്യക്തിപരമായി യോജിക്കുന്നില്ലെന്നാണ് സെയ്ഫ് പറയുന്നത്.

താന്‍ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്നും ലിബറലാണെന്നും പറഞ്ഞ സെയ്ഫ് അലി ഖാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകളോടുള്ള തന്റെ എതിര്‍പ്പും വ്യക്തമാക്കിയിരുന്നു.

Content Highlight:  Hrithik Roshan about Vijay Sethupathi and his role in Vikram Vedha

We use cookies to give you the best possible experience. Learn more