ഹരിതവികസനം കരടു മാര്‍ഗ്ഗരേഖ
Discourse
ഹരിതവികസനം കരടു മാര്‍ഗ്ഗരേഖ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th September 2012, 5:26 pm

കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാല പ്രകൃതി നേരിട്ട വെല്ലുവിളിയെ ഭൂതകാലവുമായി തട്ടിച്ചു നോക്കിയാല്‍ അവ തമ്മിലുള്ള അന്തരം അതി ഭീകരമാണെന്നു കാണാം. കാരണം മൂലധന സമ്പദ്‌വ്യവസ്ഥ ലോകയുദ്ധം വരുത്തിവെച്ച ക്ഷീണം മറന്നുകൊണ്ട് വീണ്ടും അതിന്റെ അക്രമണോതുകതയിലേയ്ക്ക് പാഞ്ഞടുക്കുന്ന കെട്ടുകാഴ്ച്ചയ്ക്കാണ് നാം സാക്ഷിയായത്. മൂലധനത്തിന്റെ താല്‍പര്യം ഒരിക്കലും പ്രകൃതിക്ക് ഗുണകരമല്ല എന്ന് നമുക്കറിയാം. കാരണം അതിന് എങ്ങനെയും ലാഭമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. അവിടെ പ്രകൃതിക്കെന്ത് പ്രസക്തി എന്ന ചോദ്യം ലാഘവത്തോടെ അതെന്നും ചോദിച്ചുകൊണ്ടേയിരിക്കും. []

വര്‍ഷങ്ങളായി കൊട്ടിഘോഷിക്കപ്പെടുന്ന കേരള മൊഡല്‍ വികസനം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതും പ്രകൃതിയെ, അതിലെ വിഭവങ്ങളെ, മണ്ണിനെ, ജലത്തെ, ഒക്കെത്തന്നെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും മൂലധനത്തിനും ഭൂമാഫിയകള്‍ക്കുമായി തീറെഴുതി നല്‍കുക എന്ന “മഹത് കര്‍ത്തവ്യ”ത്തിലേയ്ക്കാണ്. വികസനമെന്നാല്‍ മൂലധനനിക്ഷേപമാണെന്നും ബി.ഒ.ടി റോഡുകളും ടൂറിസവുമാണെന്നും അധികാരികള്‍ അവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. മുമ്പ് ഇന്ത്യയിലെമ്പാടും റോഡുനിര്‍മിച്ചുകൊണ്ട് എന്‍.ഡി.എ സര്‍ക്കാര്‍ “ഇന്ത്യയെ തിളക്കി”യപ്പോള്‍ ബി.ജെ.പി. ഭരിച്ചിരുന്ന സംസ്ഥാനങ്ങളിലെ പാവപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനത ഒരു തുണ്ട് തുണിക്കായുള്ള നെട്ടോട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ചതഞ്ഞരഞ്ഞ് മരിച്ചു. ഇങ്ങ് “ദൈവത്തിന്റെ സ്വന്തം നാട്ടിലെ” സര്‍ക്കാര്‍ കേരള ജനത പട്ടിണിയിലും പരിവട്ടത്തിലുമായി വെന്തുമരിക്കുമ്പോള്‍ ജിമ്മും എമര്‍ജിങ്ങ് കേരളയുമായി മുതലാളിമാരെ ക്ഷണിച്ചുവരുത്തി പ്രകൃതിവിഭവങ്ങളടക്കം വിളമ്പിക്കൊടുക്കുന്ന തിരക്കിലും. ഇതിനടിയില്‍ പെട്ട് ഇവിടെ ഒന്നുമല്ലാതായിത്തീരുന്നത് പാവപ്പെട്ടവന്റെ കണ്ണീരും ഭൂമിയും അവനും മറ്റ് ജീവജാലങ്ങള്‍ക്കുമടക്കം അവകാശപ്പെട്ട ഈ ഭൂമി മലയാളവും..

2003ല്‍ വികസനം എന്നപേരില്‍ യു.ഡി.എഫ് ജിമ്മിനെ എഴുന്നള്ളിച്ചിരുന്നു. ഇപ്പോള്‍ പുതിയ കുപ്പിയില്‍ വീഞ്ഞുപകര്‍ന്ന് കൊണ്ടാടാനുള്ള പരിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടിയും പരിവാരങ്ങളും.. ഇവിടെ എമര്‍ജ് ചെയ്യുന്ന കേരളം ഹരിതമയമായിരിക്കില്ലെന്ന് എല്ലാര്‍ക്കുമറിയാം. കൂടെ നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ  സഹപ്രവര്‍ത്തകര്‍ക്കുപോലും. മറിച്ച് ഉയര്‍ന്നുവരുന്നത് വരും തലമുറയിലെ വരണ്ട നാവുകളില്‍ തീക്കനല്‍ ചൊരിയുന്ന ഊഷരഭൂമിയായിരിക്കും..

ഈ പ്രത്യാഘാതങ്ങളെ വ്യക്തമായി വരഞ്ഞിടുന്നു 2012 സെപ്റ്റംബര്‍ 2,3 തീയ്യതികളില്‍ തിരുവനന്തപുരത്ത് നടന്ന കേരള പരിസ്ഥിതി സമ്മേളനം. ഭൂമിശാസ്ത്രപരമായും സാമിഹ്യ-സാമ്പത്തിക-സാംസ്‌ക്കാരിക മേഖലയ്ക്ക് ഇത്തരം വികസനമാതൃകകള്‍ വരുത്തിവെക്കുന്ന തീരാ കെടുതികളെന്തെന്നും അത് അന്വേഷണം നടത്തുകയും “ഹരിതവികസന”ത്തിനായി ഒരു മാര്‍ഗരേഖയും മുന്നോട്ട് വെയ്ക്കുന്നു. ഇത് ചര്‍ച്ച ചെയ്യാതെ പൊയ്ക്കൂടാ. ആതിനാല്‍ ഡൂള്‍ന്യൂസ് ഹരിതവികസനം കരടുമാര്‍ഗരേഖ ചര്‍ച്ചയ്ക്കായി പ്രസിദ്ധീകരിക്കുന്നു.
ഹരിതവികസനം കരടു മാര്‍ഗ്ഗരേഖ, ആമുഖം അടുത്ത പേജില്‍

 


ആമുഖം


ഭൂമുഖത്തെ ഏറ്റവും പരിസ്ഥിതി പ്രധാനമായ പ്രദേശങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തിന്റെ പരിസ്ഥിതി പ്രാധാന്യം കുടികൊള്ളുന്നത്, ഒരേസമയം അത് ഏറെ പരിസ്ഥിതി-സമ്പന്നവും അത്രത്തോളം തന്നെ പരിസ്ഥിതി-ദുര്‍ബ്ബലവും ആണെന്നതിലാണ്്. വരുംകാല തലമുറകള്‍ക്ക് സമൃദ്ധമായി പുലരാനുള്ളതൊക്കെ പ്രകൃതി നമുക്ക് ഒരു ലോഭവുമില്ലാതെ നല്‍കിയിട്ടുണ്ട്.[]

എന്നാല്‍ അസൂയാവഹമായ ഈ സമൃദ്ധിയും, വൈവിധ്യവും, അലംഭാവത്തിനും ആര്‍ത്തിയ്ക്കും എളളിടപോലും അനുവദിച്ചു നല്‍കുന്നില്ല എന്ന വിരോധാഭാസവുമുണ്ട്: സംസ്ഥാനത്തിന്റെ പരിസ്ഥിതി അത്രമാത്രം സങ്കീര്‍ണവും ലോലവും ദുര്‍ബ്ബലവുമാണ്. എല്ലാമുണ്ട് എന്നാല്‍ അത്യാര്‍ത്തിയെടുത്താല്‍ ഒന്നും അവശേഷിക്കില്ല എന്നതാണ് അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന്റെ ഭൂപ്രകൃതിയുടെയും പരിസ്ഥിതിയുടെയും അടിസ്ഥാന സവിശേഷത. തീര്‍ച്ചയായും ഇത് ദൈവത്തിന്റെ നാടുതന്നെയാണ്, എന്നാല്‍ തദനുസരണം ദിവ്യമായി പരിപാലിക്കാനുള്ള ഉയര്‍ച്ച ഉണ്ടായില്ലെങ്കില്‍ ചെകുത്താന്റെ നാടായി മാറാന്‍ ഒട്ടും കാലവിളംബം ഉണ്ടാവില്ല എന്നതും നിശ്ചയം.

ഭൂപ്രകൃതിയുടെ ഈ സവിശേഷതകള്‍ക്ക് തികച്ചും ഇണങ്ങുന്ന ഒരു ജീവിതവും സംസ്‌കാരവുമാണ് ഇവിടെ നൂറ്റാണ്ടുകളായി നിലനിന്നുവന്നത്. പക്ഷെ, സമീപകാലത്തായി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഈ ഇണക്കം സംഭ്രമജനകമാംവിധം വേഗത്തില്‍ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്നൊന്നര ദശാബ്ദകാലത്തിനിടയ്ക്ക് കേരളത്തില്‍ ഉണ്ടായ പരിസ്ഥിതിനാശം ഇനി നൂറ്റാണ്ടുകള്‍ പിന്നിട്ടാല്‍പോലും നികത്താന്‍ കഴിയാത്തത്ര വലുതാണ്. പ്രകൃതിക്കെതിരെ സര്‍വ്വ നശീകരണ ആയുധങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള ഒരു യുദ്ധത്തില്‍ മനുഷ്യര്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന പ്രതീതിയാണ് കേരളത്തില്‍ ഉടനീളം കാണാന്‍ കഴിയുന്നത്.

ജെ.സി.ബികളും, ട്രാക്ടറുകളും, ടിപ്പറുകളും, ട്രക്കുകളും ഇതര ആയുധങ്ങളാലും വനവും മരങ്ങളും, വന്യമൃഗങ്ങളും കുന്നുകളും പാറക്കൂട്ടങ്ങളും അതിവേഗം ആക്രമിച്ചു തകര്‍ക്കപ്പെടുകയും; തണ്ണീര്‍ത്തടങ്ങളും വയലുകളും, കൈത്തോടുകളും നികത്തപ്പെടുകയും ചെയ്യുന്നു. പൊതു വിഭവങ്ങളും, സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ വ്യക്തികള്‍ കൈയ്യേറുന്നു. ഭരണകൂടവും നീതിന്യായ സ്ഥാപനങ്ങളും മരവിച്ചു നില്‍ക്കുന്നു. പരിസ്ഥിതിനാശത്തിന്റെ തിരിച്ചടികള്‍ക്ക് ഇരയാകുന്നതാകട്ടെ സാധാരണ ജനങ്ങളാണ്. സ്ത്രീകളും, കുട്ടികളും, തൊഴിലാളികളും, കര്‍ക്ഷകരും, ദളിതരും, സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഇതര വിഭാഗങ്ങളുമാണ് പരിസ്ഥിതിനാശത്തിന്റെ ഭാരം ഏറെയും അനുഭവിക്കേണ്ടിവരുന്നത്. അങ്ങനെ കേരളത്തില്‍, മറ്റു ഏത് പ്രദേശങ്ങളിലും എന്നപോലെ, പരിസ്ഥിതി നാശം സാമൂഹ്യനീതിയുടെ നാശം കൂടിയായി മാറുകയാണ് ചെയ്യുന്നത്.

പരിസ്ഥിതിക്കെതിരായ അതിക്രമത്തിന് ഒരു വികസന പ്രത്യയശാസ്ത്രത്തിന്റെ ഒത്താശ ലഭിക്കുന്നു എന്നതാണ് ഇന്നത്തെ കാലത്തിന്റെ പ്രത്യേകത. കേരളമടക്കം എല്ലാ ഭൂ പ്രദേശങ്ങളും മൂലധനത്തെ പരമാവധി ആകര്‍ഷിക്കാന്‍ മല്‍സരിക്കേണ്ടതുണ്ടെന്നും, “മൂലധന നിക്ഷേപത്തെ ആകര്‍ഷിക്കുക അല്ലെങ്കില്‍ നശിക്കുക” എന്നതാണ് ഈ കാലഘട്ടത്തിന്റെ മുദ്രാവാക്യമെന്നും ഈ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നു.

മൂലധന താല്‍പര്യത്തെ വിശുദ്ധ താല്‍പര്യമായി ഉയര്‍ത്തുകയും, മറ്റ് എല്ലാ താല്‍പര്യങ്ങള്‍ക്കും, മൂല്യങ്ങള്‍ക്കും അതീതമായി പ്രതിഷ്ഠിക്കുകയും  ചെയ്യുന്ന നവ- ഉദാരവത്കരണ വികസന പ്രത്യയശാസ്ത്രത്തോടു കേരള പരിസ്ഥിതി സമ്മേളനത്തിന് സന്ധിയില്ല. മൂലധനതാല്പര്യത്തിന് അപ്രമാദിത്വം കല്പിക്കുന്ന വികസനചിന്തയെ ഈ സമ്മേളനം തള്ളിക്കളയുന്നു. മൂലധനവും, നിക്ഷേപവും, നിക്ഷേപകരും നമുക്ക് ആവശ്യമാണ്. പക്ഷെ, പരിസ്ഥിതിനീതിയും, സാമൂഹ്യനീതിയും, അടിസ്ഥാന മൂല്യങ്ങളും സംരക്ഷിക്കാന്‍ കഴിയാത്ത മൂലധനവും വികസനവും ഈ നാടിന് സ്വീകാര്യമല്ല.

മുന്‍പ് ജിമ്മിലും, ഇപ്പോള്‍ എമര്‍ജിംഗ് കേരളയിലും നിര്‍ദ്ദേശിക്കപ്പെടുന്ന നിക്ഷേപ സംരംഭങ്ങളില്‍ ഏറിയ കൂറും കേരളത്തിന്റെ പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സമ്പന്നതയില്‍ ആകൃഷ്ടമായി എത്തുന്നതാണ്. നിയന്ത്രണമില്ലാത്ത ചൂഷണത്തിനു കേരളത്തിന്റെ വാതിലുകള്‍ തുറന്നിട്ടാല്‍ ഏത്രവേണമെങ്കിലും മൂലധനം നമുക്കും ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കും.

പക്ഷെ അങ്ങനെയുണ്ടാകുന്ന വികസനം ഏത്രകാലത്തേക്കു; ആര്‍ക്കുവേണ്ടി എന്ന ചോദ്യം ഉയര്‍ത്താതിരിക്കാനാവില്ല. മൂലധനപക്ഷത്തിന്റെ അവകാശവാദങ്ങളെ വിമര്‍ശനബുദ്ധ്യാ തലനാരിഴകീറി പരിശോധിക്കാതിരിക്കാന്‍ കഴിയില്ല. അതാണ് ലോകത്തിന്റെ സമീപകാല വികസനചരിത്രം- പ്രളയങ്ങളുടെയും, വരള്‍ച്ചകളുടെയും, മരുവല്‍ക്കരണത്തിന്റെയും, കാലാവസ്ഥ വ്യതിയാനത്തിന്റെയും, സസ്യജന്തുജാതികളുടെ വംശനാശത്തിന്റെയും, ഭക്ഷ്യക്ഷാമത്തിന്റെയും, ദാരിദ്ര്യത്തിന്റെയും, മനുഷ്യരുടെ കൂട്ടപ്പാലയനങ്ങളുടെയും അനുഭവങ്ങളിലൂടെ -നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തില്‍, കേരളം ഇന്ന് തന്നെ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍, കേരളം എങ്ങോട്ടാണ് വളരേണ്ടതെന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്കും വരും തലമുറകള്‍ക്കും പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള ഒരു വികസനം എങ്ങിനെ സാധ്യമാക്കണമെന്നും ചര്‍ച്ച ചെയ്യാനായി കേരളത്തിലെ വിവിധ പരിസ്ഥിതി – കാര്‍ഷിക സാമൂഹ്യ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്നതാണ് ‘കേരള പരിസ്ഥിതി സമ്മേളനം.

“എമര്‍ജിങ് കേരള” അടുത്ത പേജില്‍ 

 


2.    എമര്‍ജിങ് കേരള


സുസ്ഥിര സമൂഹ നിര്‍മിതിയില്‍ പരിഗണിക്കേണ്ട ചില വിഷയങ്ങള്‍
കേരളം പിന്തുടര്‍ന്നിട്ടുള്ള വികസന പാത നമ്മെ എത്തിച്ചിരിക്കുന്നത് എവിടെയാണ്?[]
a) മണ്ണ്, വെള്ളം, വായു, വനം, നദി, ജൈവവൈവിധ്യം എന്നിങ്ങനെ എല്ലാ പ്രകൃതി വിഭവ അടിത്തറയുടെയും അപകടകരമായ ശോഷണം
b) നിര്‍ണായകമായ ആസ്തികള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള പരാജയവും, അതിനു പകരം വിദേശ പണം വരവിനെയും ഒരു സൂരക്ഷയുമില്ലാത്ത സേവനദാതാക്കളെയും അമിതമായി ആശ്രയിക്കുന്ന ഒരു സമ്പദ് വ്യവസ്ഥ
c) ജനങ്ങള്‍ക്കു സേവനങ്ങള്‍ നല്‍കാന്‍ പ്രാപ്തമല്ലാത്തതും അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞതുമായ ഒരു ഉദ്യോഗസ്ഥ വൃന്ദം.
d) സ്വന്തം അദ്ധ്വാനത്തെക്കാള്‍, ഏതെങ്കിലും തരത്തിലുള്ള പാട്ടം പിരിവിലൂടെ ധനികനാകാന്‍ ശ്രമിക്കുന്ന ഒരു പങ്കുപറ്റു സംസ്‌കാരം.
e) രോഗാതുരതവര്‍ദ്ധിക്കുന്നു, ആശുപത്രികള്‍ പെരുകുന്നു.
ഈ ദുസ്ഥിതിയില്‍ നിന്നും കരകയറാനും സുസ്ഥിര വികസനത്തിന്റെ പാതയിലേയ്ക്ക് കേരളത്തെ നയിക്കാനും “എമര്‍ജിങ് കേരള“ ഉതകേണ്ടേ? എങ്കില്‍ എന്തിലൊക്കെയാരിക്കണം ഊന്നല്‍?

ഏറ്റവും ദരിദ്രരായുള്ളവരുടെ ഉപജീവനം മെച്ചപ്പെടുത്തുക.

കേരളത്തിന്റെ ഇതുവരെയുള്ള വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ കഴിയാതെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ജീവിത മെച്ചപ്പെടുത്താനും ഉതകുന്ന പദ്ധതികള്‍ അതിലുണ്ടാകണം.

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍

ശുദ്ധമായ കുടിവെള്ളം, ശുചിയായ പരിസരം, കാര്യക്ഷമമായ മാലിന്യ സംസ്‌കരണം, കാര്യക്ഷമമായ ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാവര്‍ക്കും മെച്ചപ്പെടണം.

പ്രകൃതി മൂലധനം ഇനിയും ശോഷിക്കരുത്

ഭൂമി, ജലസ്രോതസ്സുകള്‍, തണ്ണീര്‍ത്തടങ്ങള്‍, വനങ്ങള്‍, ജൈവ വൈവിധ്യക്കലവറ എന്നിവയടങ്ങുന്ന നമ്മുടെ അടിത്തറ യാതൊരുകാരണവശാലും ഇനിയും ഒട്ടും ശോഷിതമാകരുത്.  അവയെ പുനരുദ്ധരിക്കാനും ബലപ്പെടുത്താനും സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടാകണം.

മാനവ ശേഷി വികസനത്തിനു പ്രാധാന്യം

മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെയും നൈപുണിവികസനത്തിലൂടെയും ആരോഗ്യ ശീലങ്ങളിലൂടെയും സേവനങ്ങളിലൂടെയും, ഏറ്റവും പ്രധാനമായി പൊതുമേഖലയുടെ ആഭിമുഖ്യത്തിലുള്ള ഗവേഷണ വികസന ശ്രമങ്ങളിലൂടെയുമുള്ള മാനവശേഷി വികസനം ഒരു മുഖ്യ അജണ്ടയാകണം.
ദൗര്‍ഭാഗ്യവശാല്‍ മേല്‍ സൂചിപ്പിച്ച മിക്ക പ്രവര്‍ത്തനങ്ങളും ഇന്ന് കച്ചവടാധിഷ്ഠിതമായി സ്വകാര്യമേഖലയ്ക്ക് അടിയറവയ്ക്കപ്പെട്ടിരിക്കുന്നു.  പൊതു സംരംഭങ്ങള്‍ വേണ്ടത്ര വിഭവങ്ങളില്ലാതെ., ക്രയശേഷികുറഞ്ഞ വര്‍ക്കുള്ളവയായി, തരം താണ സേവനം നല്‍കുന്നവയായി ഒതുക്കപ്പെട്ടിരിക്കുന്നു.

സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ വിലയിരുത്തുന്ന, സുഘടിതവും സുതാര്യവുമായ നേട്ട-കോട്ട വിശകലനങ്ങള്‍
എല്ലാ വികസന പദ്ധതികളും സൂതാര്യമായ രീതിയില്‍ വിലയിരുത്തപ്പെടണം,  അവയുടെ സാമൂഹ്യവും പാരിസ്ഥിതികവുമായ ആഘാതങ്ങളും ആരെയൊക്കെയാണ് അവ ബാധിക്കുക എന്നും പഠിക്കണം.  വിപരീത ഫലങ്ങളെ ബോധപൂര്‍വം കുറച്ചും സാമ്പത്തിക നേട്ടം പെരുപ്പിച്ചും പദ്ധതികളെ ആകര്‍ഷകമാക്കുന്ന കീഴ്‌വഴക്കം ഒഴിവാക്കണം.  പദ്ധതികളുടെ ആഘാതം പേരേണ്ടി വരുന്ന ‘ഇരകളെ’ ഗുണഭോക്താക്കള്‍ ആക്കി മാറ്റും വിധം പുനസ്ഥാപന പരിപാടികള്‍ പദ്ധതിയുടെ ഭാഗമാകണം.

പാതാളത്തോളം താഴ്ന്നു കൊടുക്കേണ്ടതില്ല!

മൂലധനത്തെ ആകര്‍ഷിക്കാനായി സംസ്ഥാനങ്ങള്‍ മത്സരിച്ച് ആനുകൂല്യങ്ങളും ഇളവുകളും വച്ചു നീട്ടി നിക്ഷേപകരെ ക്ഷണിക്കുന്ന പ്രവണത ശക്തിപ്പെട്ടു വരുന്നു.  കേരളം ഈ കഴുത്തറപ്പന്‍ മത്സരത്തില്‍ പങ്കുചേരരുത്.  നമുക്കു ശരിയെന്നു തോന്നി നടപ്പാക്കിയിട്ടുള്ള പരിസ്ഥിതി നിയമങ്ങളില്‍ നിന്നും തൊഴില്‍ നിയമങ്ങളില്‍ നിന്നും മലിനീകരണ നിയന്ത്രങ്ങളില്‍ നിന്നും നികുതി വ്യവസ്ഥയില്‍ നിന്നും ഇളവു നല്‍കി നിക്ഷേപകരെ ആകര്‍ഷിക്കേണ്ടതില്ല.  അതിനു പകരം കേരളത്തിന്റെ ശക്തിയായി നാം കാണുന്ന പാരിസ്ഥിതിക-ഭൗതിക-മാനുഷിക ഘടകങ്ങളെ ആശ്രയിച്ച് മൂല്യവര്‍ദ്ധന ചെയ്യുന്ന വ്യവസായങ്ങളെ ആണ് നാം ആകര്‍ഷിക്കേണ്ടത്.

പൊതു സ്ഥാപനങ്ങളുടെ നവീകരണം – ഒരു അനിവാര്യത

അഴിമതികൊണ്ടും കെടുകാര്യസ്ഥതകൊണ്ടും കാര്യക്ഷമത നഷ്ടപ്പെട്ട ഉദ്യോഗസ്ഥ സംവിധാനമാണ് കേരള വികസനത്തിനുള്ള ഏറ്റവും വലിയ വിലങ്ങുതടി എന്നത് സുസമ്മതമാണ്.  ഇതിനെ എങ്ങനെ അറിവധിഷ്ഠിതവും സുതാര്യവും പൊതുജനങ്ങളോടു പ്രതിബദ്ധതയുള്ളതും ആക്കി പുനര്‍നിര്‍മിക്കാം എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ ഭാവി.  സര്‍ക്കാര്‍ വകുപ്പുകളിലും പ്രാദേശിക ഭരണത്തിലും വിദ്യാഭ്യാസ-ഗവേഷണ രംഗങ്ങളിലും എല്ലാം ഈ പൊളിച്ചെഴുത്ത് നടക്കേണ്ടിയിരിക്കുന്നു.  എല്ലാ വികസന രാജ്യങ്ങളിലും ഈ ഭരണ പരിഷ്‌ക്കാരം ആദ്യമേ നടന്നിട്ടുള്ളതായി കാണാം.  ഇതിനു കുറുക്കുവഴികളില്ല.  പലപ്പോഴും ഈ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള വിമുഖതക്കു മറയായിട്ടാണ് നിക്ഷേപകര്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി അവരെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ അരങ്ങേറുന്നത്.  പക്ഷെ ഇത് “വേണ്ടപ്പെട്ടവര്‍ക്ക്” പിന്‍വാതിലിലൂടെ അവിഹിതമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള തന്ത്രമായിട്ടാണ് മാറുക-അതേ സമയം സത്യസന്ധരായ സംരംഭകര്‍ ബ്യൂറോക്രസിയുടെ പീഡനത്തിനും ചൂഷണത്തിനും ഇരകളായി മനസ്സുമടുത്തു പിന്‍മാറുകയും ചെയ്യുന്നു.  ഭരണ സംവിധാനത്തിന്റെ സമഗ്രമായ അഴിച്ചുപണി അല്ലാതെ ഇതിനു മറ്റു മരുന്നുകളില്ല.

തുടരും