ഫുട്ബോള്‍ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ലയണല്‍ മെസി. താരത്തെ പ്രശംസിച്ച് മുന്‍ ബാഴ്സലോണ ഇതിഹാസം ഹ്രിസ്റ്റോ സ്റ്റോയ്ക്കോവ് പറഞ്ഞ വാചകങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായിരിക്കുകയാണിപ്പോള്‍.
2010 ലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസിയുടെ മികവില്‍ ബാഴ്സ ആഴ്സണലിനെ തകര്‍ത്ത മത്സരത്തിലെ മെസിയുടെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് താരത്തെ സ്റ്റോയ്ക്കോവ്പ്രശംസിച്ചത്.
‘പണ്ട് ഒരു പിസ്റ്റള്‍ ഉണ്ടെങ്കില്‍ മാത്രമേ എന്നെ തടയാന്‍ സാധിക്കുകയുള്ളൂ എന്ന് ആരാധകര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മെസിയെ ആര്‍ക്കെങ്കിലും തടയണമെങ്കില്‍ അവര്‍ക്കൊരു മെഷീന്‍ ഗണ്‍ ആവശ്യമാണെന്നാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്,’ സ്റ്റോയ്ക്കോവ് പറഞ്ഞു.
2009-2010 ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ആദ്യ പാദ മത്സരം ആഴ്സണലുമായി ബാഴ്സ 2-2 എന്ന സ്‌കോറിന് പിരിഞ്ഞിരുന്നു. പിന്നീട് രണ്ടാം പാദ മത്സരത്തില്‍ മെസിയുടെ മികവില്‍ ബാഴ്സ ഒന്നിനെതിരെ നാല് ഗോളുകള്‍ ഗണ്ണേഴ്സിനെതിരെ സ്‌കോര്‍ ചെയ്തിരുന്നു. 2009-2010 സീസണില്‍ 53 മത്സരങ്ങളില്‍ നിന്നും 47 ഗോളുകളും 12 അസിസ്റ്റുകളുമാണ് മെസി സ്‌കോര്‍ ചെയ്തത്.
അതേസമയം, യൂറോപ്പ് വിട്ട് അമേരിക്കയിലേക്ക് ചേക്കേറിയ മെസി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്റര്‍ മയാമിക്കായി ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളും രണ്ട് അസിസ്റ്റും താരം ഇതുവരെ അക്കൗണ്ടിലാക്കി കഴിഞ്ഞു.
എം.എല്‍.എസില്‍ കളിയാരംഭിച്ചയുടന്‍ പ്രകടന മികവ് കൊണ്ടും ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ കൊണ്ടും ശ്രദ്ധേയനാവുകയാണ് ഈ 36കാരന്‍. ഈ പ്രകടനം തുടരുകയാണെങ്കില്‍ ഇന്റര്‍ മയാമിയുടെ ടോപ്പ് ഗോള്‍ സ്‌കോററാകാന്‍ മെസിക്ക് അധിക സമയം വേണ്ടെന്നാണ് ഫുട്‌ബോള്‍ വിദഗ്ദരുടെ വിലയിരുത്തല്‍.
മെസിക്ക് ഇനി 24 ഗോള്‍ നേടിയാല്‍ മയാമിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാകാന്‍ സാധിക്കും.
Content Highlights: Hristo Stoichkov praises Lionel Messi