മലയാളികളെ എന്നും ചിരിപ്പിച്ചിട്ടുള്ള താരമാണ് ഹരിശ്രീ അശോകൻ. മലയാള സിനിമയിൽ കാലങ്ങളായി നിറഞ്ഞുനിൽക്കുന്ന താരം ഇപ്പോൾ സീരിയസ് വേഷങ്ങളിലും തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തിലെ താര രാജാക്കന്മാരായ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകൻ.
ഒരുപാട് നല്ല നിമിഷങ്ങൾ ഇരുവർക്കുമൊപ്പം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും രണ്ടുപേരും ചെയ്തു വെച്ചിട്ടുള്ള വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ കാണുമ്പോൾ അത്ഭുതം തോന്നുമെന്നും താരം പറയുന്നു. മലയാള സിനിമയിലെ എൻസൈക്ലോപീഡിയയാണ് മമ്മൂട്ടിയും മോഹൻലാലും എന്നും മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഹരിശ്രീ അശോകൻ പറഞ്ഞു.
‘മമ്മൂക്ക എന്നോട് പറഞ്ഞിട്ടുള്ളത്, നമ്മൾ എത്ര ഗംഭീരമായി അഭിനയിച്ചാലും സിനിമ കാണുമ്പോൾ പ്രകടനം കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നണമെന്നാണ്.
ലോകത്തെ എല്ലാ നടന്മാരും അങ്ങനെയാണ്. നമ്മുടെ കുറവുകൾ സ്ക്രീനിൽ കാണുമ്പോഴേ നമുക്ക് മനസ്സിലാക്കാൻ കഴിയുകയുള്ളൂ. അത് നമുക്ക് എത്രത്തോളം ഭംഗിയാക്കാൻ പറ്റുമോ എത്രത്തോളം നന്നാക്കാൻ വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം.
എന്നാൽ ലാലേട്ടൻ പറഞ്ഞത്, അതെല്ലാം അങ്ങ് സംഭവിക്കുന്നതാണ് എന്നായിരുന്നു. ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ നമ്മൾ ആ കഥാപാത്രമായി അങ്ങ് മാറും എന്നാണ് അദ്ദേഹം പറയാറ്. നമുക്ക് അത്ഭുതം തോന്നിയിട്ടുള്ള രണ്ട് മഹാ വ്യക്തികളാണ് മമ്മൂട്ടിയും മോഹൻലാലും. ഭൂമിക്ക് ഒരു അച്ചുതണ്ടേയുള്ളൂ എന്നാൽ മലയാള സിനിമയ്ക്ക് രണ്ടെണ്ണമുണ്ട്. അത് അവർ രണ്ടുപേരുമാണ്.
അവരുടെ ചില സിനിമകളൊക്കെ നമ്മൾ കാണുമ്പോഴാണ് മനസ്സിലാവുക, രണ്ടുപേരും രണ്ട് വേർഷനിൽ ചെയ്ത ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടെന്ന്. രാജാക്കൻമാരാണ് അവർ.