നവാഗതനായ സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കടകൻ.
നവാഗതനായ സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കടകൻ.
യുവ നടൻ ഹക്കീം ഷാ നായക വേഷത്തിൽ എത്തുന്ന ചിത്രം മാർച്ച് ഒന്നിനാണ് തിയേറ്ററുകളിൽ എത്തുക. ചിത്രത്തിൽ ഹരിശ്രീ അശോകനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
കടകനിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഹരിശ്രീ അശോകൻ. ചിത്രത്തിലെ കഥാപാത്രം തനിക്ക് തീരുമാനിച്ചതായിരുന്നെങ്കിലും സ്ലാങ്ങിന്റെ പ്രശ്നം കാരണം മാമുക്കോയയിലേക്ക് പോയെന്നും എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം വീണ്ടും താൻ തന്നെ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
അതെല്ലാം അറിഞ്ഞ ശേഷം വലിയ വിഷമം തോന്നിയെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. ഇത്ര കാലത്തിനിടയ്ക്ക് ഇതുപോലെ ഒരു കഥാപാത്രം ചെയ്തിട്ടില്ലെന്നും മൂവി വേൾഡ് മീഡിയയോട് അദ്ദേഹം പറഞ്ഞു.
‘ആദ്യം എന്നെ തന്നെയായിരുന്നു ഈ കഥാപാത്രത്തിലേക്ക് തീരുമാനിച്ചത് പക്ഷേ പിന്നീട് സ്ലാങ്ങിന്റെ ഒരു പ്രശ്നം വന്നപ്പോൾ അത് മാമുക്കോയയിലേക്ക് പോയി. പിന്നെ അദ്ദേഹത്തിന്റെ മരണശേഷം എന്നിലേക്ക് തന്നെ തിരിച്ചു വന്നു. അതെന്നോട് പറഞ്ഞ് കേട്ടപ്പോൾ എനിക്കൊരു വിഷമം തോന്നി.
മാമുക്ക മരിച്ചതിന് ശേഷം ഫസ്റ്റ് ഷോട്ട് എടുക്കുമ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞു കരഞ്ഞു ഞാൻ. എന്റെ ജീവിതത്തിൽ ഇത്രയേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെയൊരു കഥാപാത്രം അവതരിപ്പിക്കുന്നത്.
വളരെ ഇഷ്ടപ്പെട്ട കഥാപാത്രമാണ്. ഗോഡ് ഫാദർ എന്ന സിനിമയിൽ അന്നെനിക്ക് ഒരു ചെറിയ വേഷമായിരുന്നു ലഭിച്ചത്. അന്നെനിക്ക് അത് വലിയ വേഷമായിരുന്നു. ഓടുന്ന പടത്തിൽ ഒരു ചെറിയ വേഷമാണെങ്കിലും നമ്മൾ ചെയ്ത് കഴിഞ്ഞാൽ ജനങ്ങളുടെ മനസിൽ ഉണ്ടാവും.
കടകന്റെ സബ്ജെക്ടും മേക്കിങ്ങും എല്ലാം എനിക്കിഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ ആ കഥാപാത്രം ജനങ്ങളിലേക്ക് എത്തുമെന്ന് എനിക്കുറപ്പുണ്ട്,’ഹരിശ്രീ അശോകൻ പറയുന്നു.
Content Highlight: Hrisree Ashokan Talk About Kadakan Movie And Mamukoya