തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഹോട്സ്റ്റാറിലും വിജയകരമായി പ്രദര്‍ശനം തുടരുന്ന വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യും.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിരിക്കും ഹൃദയം റിലീസ് ചെയ്യുക. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്. പ്രണവ് മോഹന്‍ലാലാണ് വിവരം പങ്കുവെച്ചത്.
ധര്‍മ പ്രൊഡക്ഷന്‍സിന്റെയും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെയും ഫേസ്ബുക്ക് പേജുകളിലൂടെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവ് വിശാഖ് സുബ്രമണ്യത്തിന് നന്ദി അറിയിച്ചാണ് പോസ്റ്റ്. പിന്നാലെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകളുമായി മോഹന്‍ലാലും രംഗത്തെത്തി.
‘ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങള്‍ ധര്‍മ പ്രൊഡക്ഷന്‍സും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോയും സ്വന്തമാക്കി. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍,’ എന്നാണ് മോഹന്‍ ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം വലിയ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ചിത്രം ഇപ്പോഴും വലിയ ചര്‍ച്ചയാണ്. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ റിലീസ് മാറ്റിവെച്ചപ്പോഴും ഹൃദയം റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്.
മെറിലാന്‍ഡ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം.
Content Highlights: Hridayam movie to Bollywood; Karan Johar’s Dharma Productions has acquired the rights to the remake in three languages