| Friday, 11th February 2022, 1:10 pm

ആളുകളെക്കൊണ്ട് രണ്ട് തവണ ടിക്കറ്റെടുപ്പിക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു അത്; ഹൃദയം ടീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദര്‍ശന രാജേന്ദ്രന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം ഏറെ പ്രേക്ഷകപ്രീതി നേടിയിരിക്കുകയാണ്.

തിയേറ്ററില്‍ വിജയമായി ചിത്രം മാറിയതോടെ ആഘോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

ഇതിനിടെ ചിത്രം തിയേറ്ററില്‍ പോയി കണ്ട ആളുകള്‍, സിനിമ തീര്‍ന്നു എന്ന് കരുതി ഇന്റര്‍വെല്‍ സമയത്ത് ഇറങ്ങിപ്പോയതിന്റെ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസനും മറ്റ് അണിയറപ്രവര്‍ത്തകരും.

ബിഹൈന്‍ഡ്‌വുഡ്‌സിന് വേണ്ടി നടത്തിയ റൗണ്ട് ടേബിളിലാണ് ഹൃദയം ടീം ഇക്കാര്യം പറയുന്നത്.

സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, സഹസംവിധായകരായ ഹാസിഫ്, ആന്റണി, അരവിന്ദ്, അനില്‍ എബ്രഹാം, റോഹന്‍ സാബു, ധനജ്ഞയ് എന്നിവരായിരുന്നു റൗണ്ട് ടേബിള്‍ ടോക്കിന്റെ ഭാഗമായിരുന്നത്.

സിനിമ തീര്‍ന്നെന്ന് കരുതി ഇന്റര്‍വെല്‍ ആയപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ തിയേറ്ററില്‍ നിന്ന് ആളുകള്‍ ഇറങ്ങിപ്പോകുന്നതിനെക്കുറിച്ചാണ് ഇവര്‍ രസകരമായി സംസാരിക്കുന്നത്.

”ഇന്റര്‍വെല്‍ ആയപ്പൊഴേക്കും ‘നല്ലപടം’ എന്ന് പറഞ്ഞ് വടകരയിലെ ഒരു തിയേറ്ററില്‍ നിന്ന് ആളുകള്‍ ഇറങ്ങിപ്പോവുകയായിരുന്നു എന്ന് അറിഞ്ഞു.

എന്നിട്ട് തിയേറ്ററിന്റെ ഗേറ്റ് വരെ എത്തിയിട്ട്, ഇത് ഇന്റര്‍വെല്‍ ആയിട്ടേ ഉള്ളൂ എന്ന് അറിഞ്ഞപ്പൊ അവര് തിരിച്ചുവന്ന് ബാക്കി കാണുകയായിരുന്നു,” സംവിധായകന്‍ വിനീത് പറഞ്ഞു.

”കല്യാണി പ്രിയദര്‍ശന്‍ ഉണ്ട് എന്നൊക്കെ എഴുതിക്കാണിച്ചിട്ട് കണ്ടില്ലല്ലോ എന്ന് വോയിസ് നോട്ടുകള്‍ വന്നിരുന്നു.

പല സുഹൃത്തുക്കളും ഇന്റര്‍വെല്‍ സമയത്ത് ഇറങ്ങിപ്പോയതിനെപ്പറ്റി വിളിച്ച് പറഞ്ഞിരുന്നു.

ഈ സിനിമയില്‍ ‘ഇന്റര്‍വെല്‍’ എന്ന് എഴുതിക്കാണിക്കുന്നില്ലല്ലോ. ഇന്റര്‍വെല്‍ സമയത്താണ് നമ്മള്‍ ഹൃദയം എന്ന സിനിമയുടെ ടൈറ്റില്‍ എഴുതിക്കാണിക്കുന്നത്.

ഇങ്ങനെ ഇറങ്ങിപ്പോയത് കാരണം പടം രണ്ട് തവണ ടിക്കറ്റെടുത്ത് പോയി കണ്ട ആള്‍ക്കാരുമുണ്ട്. ആളുകളെക്കൊണ്ട് രണ്ട് പ്രാവശ്യം ടിക്കറ്റെടുപ്പിക്കാനുള്ള വളരെ തന്ത്രപരമായ നമ്മുടെ ഒരു നീക്കമായിരുന്നു അത്,” സഹസംവിധായകര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.


Content Highlight: Hridayam movie team about people response on movie’s interval

We use cookies to give you the best possible experience. Learn more