നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ കൊവിഡ് ഭീതിക്കിടയിലും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലാലും ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ഹൃദയത്തിലെ സ്‌നീക്ക് പീക്ക് പുറത്ത് വിട്ടിരിക്കുകയാണ്. പ്രണവ് അവതരിപ്പിച്ച കേന്ദകഥാപാത്രമായ അരുണ്‍ നീലകണ്ഠന്‍ സുഹൃത്തായ ആന്റണി താടിക്കാരനെ കണ്ടുമുട്ടുന്ന രംഗമാണ് മൂവിബഫ് മലയാളം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
ചെന്നെയിലെ കെ.സി. ടെക്ക് കോളേജിലേക്കുള്ള ട്രെയിന്‍ യാത്രയിലാണ് ഒപ്പം പഠിക്കുന്ന ആന്റണിയെ അരുണ്‍ കാണുന്നത്. ഇവര്‍ തമ്മിലുള്ള സംഭാഷണങ്ങളാണ് ഈ രംഗങ്ങളില്‍ കാണിക്കുന്നത്. ഒപ്പം സൂപ്പര്‍ സീനിയറായിരുന്നു ആന്‍ഡ്രുവിനേയും ഇവര്‍ കണ്ടുമുട്ടുന്നുണ്ട്.
ആനന്ദത്തിലൂടെ പരിചിതനായ വിശാഖ് നായരാണ് ആന്‍ഡ്രുവായി ഗസ്റ്റ് റോളില്‍ എത്തിയത്.
പുതുമുഖതാരമായ അശ്വത്ത് ലാലാണ് ആന്റണി താടിക്കാരനെ അവതരിപ്പിച്ചത്. പ്രത്യക്ഷപ്പെട്ട രംഗങ്ങളിലെല്ലാം സ്‌കോര്‍ ചെയ്ത് ആന്റണിയെ മികച്ചതാക്കാന്‍ അശ്വത്തിന് കഴിഞ്ഞിരുന്നു.
അരുണ്‍ നീലകണ്ഠന്റെ 18 വയസ് മുതലുള്ള ജീവിതമാണ് സിനിമയുടെ കഥാപരിസരം.
കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. അജു വര്‍ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം.