15 പാട്ടുകളുള്ള ഒരു മൂന്ന് മണിക്കൂര്‍ സിനിമ എങ്ങനെയിരിക്കുമെന്നൊരു തോന്നല്‍ ഹൃദയം കാണാന്‍ പോകുന്ന സമയത്ത് തീര്‍ച്ചയായും മനസിലുണ്ടായിരുന്നു. ഒരു കഥാപ്രസംഗം പോലെ രണ്ട് ഡയലോഗ് ഒരു പാട്ട് എന്ന നിലയിലെങ്ങാനും ആയിപ്പോകുമോ ചിത്രമെന്നൊരു ചെറിയ ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ പടം കാണുന്ന സമയത്ത്, ദൈര്‍ഘ്യം ഒരല്‍പം കൂടുതലാണെങ്കിലും, ഒരിക്കല്‍ പോലും ‘ഇത്രയും പാട്ടുകളോ’ എന്ന് തോന്നിയേയില്ല.
ഹിഷാം അബ്ദുല്‍ വഹാബിന്റെ സംഗീതത്തെ സിനിമയോട് ഇഴുകിച്ചേര്‍ന്ന നിലയില്‍ ഉപയോഗിക്കാന്‍ സംവിധായകന്‍ വിനീത് ശ്രീനിവാസന് തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്. ‘ദാ പാട്ട് വന്നു’ എന്ന രീതിയേ അല്ല ഈ സിനിമയിലുള്ളത്. അതേസമയം ആസ്വാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ഇതേ പാട്ടുകളും പശ്ചാത്തല സംഗീതവും തന്നെയാണ്. ഹൃദയത്തിന്റെ അവിഭാജ്യ ഘടകമാണ് സംഗീതം. വിനീത് ശ്രീനിവാസന്റെ ചിത്രമായ ഹൃദയത്തെ വേണമെങ്കില്‍ ഹിഷാമിന്റെ ഒരു മ്യൂസിക്കലെന്നും വിളിക്കാവുന്നതാണ്.
കോളേജ് കാലം മുതലുള്ള ഒരാളുടെ ജീവിതത്തിന്റെ കുറച്ച് വര്‍ഷങ്ങള്‍ വരച്ചുകാണിക്കുന്ന സിനിമയാണ് വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ ഹൃദയം. ഈ കാലത്തെ അയാളുടെ സൗഹൃദങ്ങളും പ്രണയവും ജീവിത യാഥാര്‍ത്ഥ്യങ്ങളും മരണവും അസൂയയും അബദ്ധങ്ങളും വാശിയും ജോലിയുമെല്ലാം സിനിമയില്‍ കടന്നുവരുന്നുണ്ട്. പ്രണയമടക്കം ഈ ഓരോ ഘടകങ്ങളെയും പുതുമായാര്‍ന്ന ഭംഗിയില്‍ അവതരിപ്പിക്കുന്ന ഹൃദയം പക്ഷെ, കൃത്രിമത്വം നിറഞ്ഞ നിമിഷങ്ങളും സംവിധാനത്തിലെ പാളിച്ചകളും ചില പഴഞ്ചന്‍ സ്റ്റീരിയോടൈപ്പുകളും കൊണ്ട് നിലവാരത്തില്‍ ഒരല്‍പം പുറകോട്ട് പോകുകയാണ്.
പ്രണവ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ അരുണ്‍ നീലകണ്ഠന്റെ 18 വയസ് മുതലുള്ള ജീവിതമാണ് സിനിമയുടെ കഥാപരിസരം. ചെന്നൈയിലെ എഞ്ചിനീയറിങ്ങ് പഠനക്കാലവും അവിടെ തുടങ്ങുന്ന പ്രണയവും അതിലുണ്ടാകുന്ന കുറിച്ച് സങ്കീര്‍ണതകളും സൗഹൃദങ്ങളും കണ്ടുമുട്ടുന്ന വ്യത്യസ്തരായ ആള്‍ക്കാരുമെല്ലാം ചേര്‍ന്നാണ് സിനിമ മുന്നോട്ടുപോകുന്നത്.
ചിത്രത്തില്‍ ഏറ്റവും ഭംഗിയായും റിയലിസ്റ്റാക്കായും കൈകാര്യം ചെയ്തിരിക്കുന്ന വിഷയം അരുണും ദര്‍ശനയും തമ്മിലുള്ള പ്രണയവും അവര്‍ക്ക് പരസ്പരം തോന്നുന്ന അട്രാക്ഷന്‍രെ ആഴവും അതിന് ഓരോ സമയത്തും വരുന്ന മാറ്റങ്ങളും മാറ്റമില്ലായ്മയുമാണ്. പലതരം കയറ്റിറക്കങ്ങളിലൂടെയും വൈകാരിക തലങ്ങളിലൂടെയും അപ്രതീക്ഷിത നിമിഷങ്ങളിലൂടെയും കടന്നുപോകുന്ന ആ ബന്ധത്തെ മനോഹരമായി ഹൃദയം അവതരിപ്പിക്കുന്നുണ്ട്.
ചില ഇഷ്ടങ്ങളും ഇഷ്ടപ്പെട്ട മനുഷ്യരും അവരുമായുള്ള ബന്ധവും പങ്കുവെക്കുന്നു സ്‌പേസുമൊക്കെ മാറിയാലും പ്രിയപ്പെട്ടതായി തുടരുന്നത് എങ്ങനെയെന്ന് ചിത്രം പറയുന്നുണ്ട്. അരുണും കല്യാണി പ്രിയദര്‍ശന്റെ കഥാപാത്രമായ നിത്യയും തമ്മിലുള്ള ബന്ധം അത്രമേല്‍ ആഴത്തില്‍ പ്രതിപാദിക്കുന്നില്ലെങ്കിലും ഹൃദ്യമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ആരോടെങ്കിലുമുള്ള ദേഷ്യവും നഷ്ടബോധവുമൊക്കെ മറ്റുള്ളവരോട് തീര്‍ക്കുന്നതും, ഒരാളുമായി പ്രണയത്തിലായിരിക്കെ മറ്റൊരാളോട് തോന്നുന്ന ഇഷ്ടവും സുഹൃത്തുക്കള്‍ക്കിടയിലെ പ്രശ്‌നങ്ങളും തിരിച്ചറിവുണ്ടാകുന്ന നിമിഷങ്ങളുമെല്ലാം സിനിമയില്‍ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നുണ്ട്. പ്രേക്ഷകര്‍ക്ക് ഇതിനോടെല്ലാം ഒരു കണക്ഷന്‍ തോന്നുകയും ചെയ്യും.
ചിത്രത്തിന്റെ അടുത്ത പ്ലസ് പോയിന്റ്, കോസ്റ്റിയൂംസും ആര്‍ട്ടും ഇന്റിരീയര്‍ വര്‍ക്കുകളുമാണ്. ഹൃദയത്തിന്റെ ഫീല്‍ ഗുഡ് മൂഡിനെ ഉയര്‍ത്തും വിധമാണ് ഇവ ഉപയോഗിച്ചിരിക്കുന്നത്. ഈ രീതിയില്‍ നോക്കുമ്പോള്‍ കണ്ടിരിക്കാന്‍ നല്ല ഭംഗിയുള്ള ചിത്രം കൂടിയായിരുന്നു ഹൃദയമെന്ന് പറയാം. പുരുഷ കഥാപാത്രങ്ങളെകൊണ്ട് തന്നെ സ്റ്റോക്കിങ്ങിനെയും വിവാഹമടക്കമുള്ള ബന്ധങ്ങളില്‍ പുരുഷന്‍ കാണിക്കുന്ന അധികാര സ്വഭാവത്തെും സുപ്പീരിയോരിറ്റി കോംപ്ലക്‌സിനെയും കുറിച്ച് പറയിപ്പിച്ചതും ആകര്‍ഷകമായ ഘടകങ്ങളായിരുന്നു.
മൂന്ന് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. കേന്ദ്ര കഥാപാത്രമായ അരുണ്‍ നീലകണ്ഠനെ പ്രണവ് മികച്ചതാക്കിയിട്ടുണ്ട്. അയാള്‍ കടന്നുപോകുന്ന വ്യത്യസ്തമായ വികാരങ്ങളെയും ജീവിതമുഹൂര്‍ത്തങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ പ്രണവിന് കഴിയുന്നുണ്ട്.
ചിത്രം ഒരു ഘട്ടത്തില്‍ ഗൗരവതരമായ വേഗതകളിലേക്കും സങ്കീര്‍ണതകളിലേക്കും നീങ്ങുമ്പോള്‍ പ്രണവ് പൂര്‍ണമായും കഥാപാത്രമായി മാറിക്കൊണ്ട് അതിനൊപ്പം സഞ്ചരിക്കുന്നുണ്ട്. ചില ഡയലോഗ് ഡെലിവറികള്‍ മാത്രമാണ് അല്‍പം പാളിപ്പോയത്. അതിഗംഭീരമായ പ്രകടനം എന്ന് വിളിക്കാനാകില്ലെങ്കിലും പ്രതീക്ഷ വെക്കാവുന്ന നടന്‍ തന്നെയാണ് താനെന്ന് പ്രണവ് തെളിയിക്കുന്നുണ്ട്.